"വീ ഷാൾ ഓവർ കം" - ബംഗാൾ സഖാക്കൾ പാടുന്നു; സിപിഐഎമ്മിന് മാത്രം ചെയ്യാൻ കഴിയുന്ന പലതും നേതാക്കൾ മറന്നു

ഡാർജിലിങ്ങിലെ ഏറെ പ്രസിദ്ധമായ സോനാഡ സെലേഷ്യൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ സിഎം പോൾ വോട്ട് ചെയ്യുന്നത് സിപിഐഎമ്മിനാണ്. പ്രശസ്തനായ ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ് മലയാളിയായ ഫാദർ സിഎം പോൾ. സിപിഐഎം രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നുതന്നെയാണ് ഫാദറിന്റെ പക്ഷം - സിപിഐഎം സമ്മേളന കാലത്ത് പശ്ചിമ ബം​ഗാളിലൂടെ നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവലും അസോസിയേറ്റ് എഡിറ്റർ ജിബിൻ പി സിയും നടത്തിയ യാത്ര തുടരുന്നു.

വീ ഷാൾ ഓവർ കം - ബംഗാൾ സഖാക്കൾ പാടുന്നു; സിപിഐഎമ്മിന് മാത്രം ചെയ്യാൻ കഴിയുന്ന പലതും നേതാക്കൾ മറന്നു

മാത്യു സാമുവൽ/ പി സി ജിബിൻ

"വീ ഷാൾ ഓവർ കം, വീ ഷാൾ ഓവർ കം.. വീ ഷാൾ ഓവർ കം സം ഡെയ്‌സ്.." - രാജു ചക്രവർത്തി പാടുന്നു. കൂടെ സഖാക്കൾ രോഹിത് പാഷിയും തുഷാർ കാന്തി ബാപ്പി ചക്രവർത്തിയും ഏറ്റു പാടുന്നു. ഒരു ദിവസം സിപിഐഎം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അത് എപ്പോഴാണെന്ന് ഉറപ്പിച്ചു പറയാൻ അവർക്ക് സാധിക്കുന്നില്ല. പക്ഷേ പ്രതീക്ഷയുണ്ട്. 'ദീദിയുടെ ഭരണം ബംഗാളിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, സിപിഐഎം ഭരണകാലത്ത് അഴിമതി ഒട്ടും ഉണ്ടായില്ല എന്നൊന്നും പറയുന്നില്ല, എന്നാൽ തൃണമൂൽ ഭരണത്തിൽ സമസ്തമേഖലകളിലും അഴിമതി ഭീകരരൂപം പൂണ്ടു നിൽക്കുകയാണ്' - മാൽബസാറിൽ നിന്നുള്ള പ്രാദേശിക സിപിഐഎം നേതാവ് രോഹിത് പാഷി പറയുന്നു.

രോഹിത് പാഷിക്കൊപ്പം നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ


ജൽപായ്ഗുരി ജില്ലാ സെഷൻസ് കോടതിയിൽ നടന്നുവരികയായിരുന്ന ഒരു കേസിലെ പ്രതികളെ രക്ഷിക്കാൻ തൃണമൂൽ കോൺഗ്രസ്സ് നേതാവ് ശ്രമിക്കുന്നതായി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിച്ച സഖാവാണ് രോഹിത് പാഷി. വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് മമത കാണിക്കുന്നത്. കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് കൃത്യമായി സ്വയംവിമർശനം നടത്തി സിപിഐഎം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് രോഹിത് പാഷി.

ജൽപായ്ഗുരിക്ക് സമീപത്തുനിന്നുള്ള സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ അബ്ദുൽ ജബ്ബാറിനെ ജൽപായ്ഗുരി മാർക്കറ്റിനു സമീപത്തുവച്ചാണ് കണ്ടത്. അവിടെ പാർട്ടി ഓഫിസുണ്ട്. ചുവന്ന കൊടികളും പാറുന്നുണ്ട്. പക്ഷേ ബോർഡില്ല. ഓഫീസിന്റെ ബോർഡെവിടെ എന്ന ചോദ്യത്തിന് അകത്തുണ്ട് എന്നാണ് മറുപടി. ഉത്തർപ്രദേശിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയ മുസ്ലീങ്ങൾക്ക് പുറമെ പരമ്പരാഗത ബംഗാളി മുസ്‌ലിങ്ങളും പശ്ചിമ ബംഗാളിലുണ്ടെന്ന് അബ്ദുൽ ജബ്ബാർ പറഞ്ഞു. പരമ്പരാഗത ബംഗാളി മുസ്ലീങ്ങൾ സിപിഐഎമ്മിന് പിന്നിലാണ് അണിനിരക്കുന്നത്. "സമ്മര്ദങ്ങളേറെയുണ്ടായിട്ടും താൻ സിപിഐഎമ്മിൽ തുടരുകയാണ്. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐഎമ്മിന് ഏറെ ചെയ്യാനുണ്ട്. പാർട്ടിയിൽ പ്രതീക്ഷയുണ്ട്" - അബ്ദുൽ ജബ്ബാർ ലാൽ സലാം പറഞ്ഞു പിരിഞ്ഞു.

അബ്ദുൽ ജബ്ബാർ


ഡാർജിലിങ്ങിലെ ഏറെ പ്രസിദ്ധമായ സോനാഡ സെലേഷ്യൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ സിഎം പോൾ വോട്ട് ചെയ്യുന്നത് സിപിഐഎമ്മിനാണ്. പ്രശസ്തനായ ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ് മലയാളിയായ ഫാദർ സിഎം പോൾ. സിപിഐഎം രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നുതന്നെയാണ് ഫാദറിന്റെ പക്ഷം. "സിപിഐഎമ്മിന്റെ ഐഡിയോളജി പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നാണ്. സഭയുടെയും ഞങ്ങളുടെയും എല്ലാം ഐഡിയോളജി അത് തന്നെയാണ്. എന്നാൽ അധികാരം നിലനിർത്തുക എന്ന പോയന്റിലേക്ക് വന്നതോടെ ഈ ഐഡിയോളജി സിപിഐഎമ്മിന് കൈമോശം വന്നു. സിപിഐഎമ്മിന്റെ മറ്റൊരു ഐഡിയോളജി വർഗീയതയ്ക്ക് എതിരായി നിലനിൽക്കുക എന്നതാണ്. ഹിന്ദുത്വ ആശയങ്ങൾക്കെതിരായി അവർ നിലകൊള്ളുന്നു. സെക്കുലർ മൂല്യങ്ങൾക്ക് വേണ്ടി സിപിഐഎം ഒരു പാർട്ടി എന്ന നിലയിൽ നിലകൊണ്ടു" - ഫാദർ സിഎം പോൾ വ്യക്തമാക്കുന്നു.

ഫാദർ സിഎം പോൾ


ഒരു വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിൽ കൂടി സിപിഐഎമ്മിനെ ഫാദർ സിഎം പോൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കാര്യമായൊന്നും ചെയ്യാൻ നീണ്ട അധികാര കാലയളവിനുള്ളിൽ സിപിഐഎമ്മിന് സാധിച്ചില്ല. നാട്ടിൽ പ്രാദേശിക ഭാഷയിലുള്ള സ്‌കൂളുകൾ സ്ഥാപിച്ചതിനപ്പുറത്തേക്ക് കാര്യമായൊന്നും ചെയ്തില്ല. എന്നാൽ നേതാക്കളുടെ മക്കൾ ഇഗ്ളീഷ് വിദ്യാഭ്യാസം നേടുകയും പുറത്ത് പോയി പഠിക്കുകയും ചെയ്തുവെന്നും ഫാദർ വിലയിരുത്തുന്നു.

ഫാദർ സിഎം പോളിനൊപ്പം നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ


(തുടരും)

Read More >>