കേരളത്തിലെ സിപിഐഎം അല്ല ബംഗാളിൽ; അടിത്തറയിളക്കിയത് സിംഗൂരും നന്ദിഗ്രാമും മാത്രമല്ല

കേരളത്തിന്റെ സാംസ്‌കാരിക- ബൗദ്ധിക- രാഷ്ട്രീയ നേട്ടങ്ങളല്ല, ഇവിടുത്തെ ഉയര്‍ന്ന കൂലിയാണ് അവരെ ആകര്‍ഷിക്കുന്നത്. കേരളവും ബംഗാളും സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ കാലയളവില്‍ ഇരിക്കേണ്ടിവന്ന കേരളത്തേക്കാള്‍ ശക്തമാണ് ബംഗാളിലെ പാര്‍ട്ടി-സിപിഐഎം സമ്മേളന കാലത്ത് പശ്ചിമ ബം​ഗാളിലൂടെ നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവലും അസോസിയേറ്റ് എഡിറ്റർ ജിബിൻ പി സിയും നടത്തിയ യാത്ര തുടരുന്നു.

കേരളത്തിലെ സിപിഐഎം അല്ല ബംഗാളിൽ; അടിത്തറയിളക്കിയത് സിംഗൂരും നന്ദിഗ്രാമും മാത്രമല്ല

മാത്യു സാമുവൽ/ പി സി ജിബിൻ

ലാറ്റാഗുഡിയിലെയും സിലിഗുരിയിലെയും ഗ്രാമീണര്‍ നേരത്തെ സ്വദേശം വിട്ടു പുറത്തുപോവാറുണ്ടായിരുന്നില്ല. പട്ടാളത്തില്‍ ജോലി ചെയ്യുന്നവരും ബംഗ്ലാദേശില്‍ നിന്നോ നേപ്പാളില്‍ നിന്നോ കുടിയേറിയവരും മാത്രമാണ് ഹിമാലയന്‍ താഴ്‌വരയായ ഡോറസിനു പുറത്തേക്ക് പോയിട്ടുണ്ടായിരുന്നത്. തോട്ടം മേഖലയിലെ കുറഞ്ഞ വേതനവും മറ്റു പരമ്പരാഗത തൊഴില്‍ മേഖലകളിലെ തകര്‍ച്ചയും മൂലം നിരവധിപ്പേര്‍ ജോലി അന്വേഷിച്ച് ഗ്രാമത്തിനും സംസ്ഥാനത്തിനും അപ്പുറത്തേക്ക് പാലായനം ചെയ്യാന്‍ ആരംഭിച്ചു. പലരുടെയും സഞ്ചാരം അവസാനിച്ചത് കേരളത്തിലാണ്. കേരളത്തില്‍ ജോലി ചെയ്യുന്ന ആളുകളോട് നേരിട്ട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരും സ്ഥലത്തില്ല, എല്ലാവരും കേരളത്തിലാണ്.കേരളത്തിന്റെ സാംസ്‌കാരിക- ബൗദ്ധിക- രാഷ്ട്രീയ നേട്ടങ്ങളല്ല, ഇവിടുത്തെ ഉയര്‍ന്ന കൂലിയാണ് അവരെ ആകര്‍ഷിക്കുന്നത്. കേരളവും ബംഗാളും സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ കാലയളവില്‍ ഇരിക്കേണ്ടിവന്ന കേരളത്തേക്കാള്‍ ശക്തമാണ് ബംഗാളിലെ പാര്‍ട്ടി. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന് ഉയര്‍ന്ന കൂലി ഉറപ്പുവരുത്തേണ്ട സിപിഐഎം ബംഗാളില്‍ അധികാരത്തിലേറിയതോടെ, അത് മറന്നു. കേരളത്തില്‍ സമര സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സിപിഐഎമ്മിന് ഗുണകരമായി. ഉയര്‍ന്ന കൂലിയും അഭിമാനവും തൊഴിലാളിക്ക് നല്‍കാന്‍ സാധിച്ചു. ഇതു കൂടി കാണാന്‍ സാധിച്ചതോടെ, കേരളമെന്ന കമ്മ്യൂണിസ്റ്റ് സ്വപ്‌ന ഭൂമിയെക്കുറിച്ച് കേള്‍ക്കാന്‍ സാധിച്ചതോടെ ബംഗാള്‍ ജനത തങ്ങളുടെ സിപിഐഎം നേതൃത്വത്തോട് ഒന്നുകൂടി കടുത്ത നിലപാടെടുക്കുകയാണ്.

കേരളത്തില്‍ സിപിഐഎമ്മിന് ഏറെ ഗുണകരമായത്, ഇവിടെ നടന്ന സാമൂഹ്യ നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ചയാകാന്‍ സാധിച്ചു എന്നതാണ്. എന്നാല്‍ കേരളത്തെക്കാളേറെ നവോത്ഥാന പ്രക്രിയ നടന്ന ബംഗാളില്‍ അതിന്റെ തുടര്‍ച്ചയാകാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. 'റിബലുകളാണ് കമ്മ്യൂണിസ്റ്റുകള്‍. സ്വന്തം ഭരണം നിലവിലുള്ളതിനാല്‍ പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനോ വ്യവസ്ഥിതികള്‍ക്കെതിരെ നിലകൊള്ളാനോ സിപിഐഎമ്മിന് സാധിച്ചില്ല. കേരളത്തില്‍ പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ഒരു വിപ്ലവ ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎമ്മിന് ശക്തിപ്പെടാന്‍ സാധിച്ചത്'- തെക്കന്‍ ബംഗാളില്‍ നിന്നുള്ള സിപിഐഎം അംഗം തുഷാര്‍ കാന്തി ബാപ്പി ചക്രവര്‍ത്തി പറഞ്ഞു നിർത്തുന്നു.കേരളത്തിലെ സിപിഐഎമ്മിന്റെ ശക്തികേന്ദ്രം സഹകരണ മേഖലയാണ്. സ്വാശ്രയ സഹകരണ സംഘങ്ങള്‍ മുതല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഊരാളുങ്കല്‍ നിര്‍മാണ സൊസൈറ്റി, ഐടി പാര്‍ക്ക്, ആശുപത്രികള്‍, വാട്ടര്‍ തീം പാര്‍ക്ക് വരെ സിപിഐഎം നിയന്ത്രണത്തില്‍ നടന്നു വരുന്നു. നിരവധിപ്പേര്‍ക്കാണ് പ്രത്യക്ഷമായും പരോക്ഷമായും ഈ സംരംഭങ്ങള്‍ തൊഴില്‍ നല്‍കുന്നത്. മുതലാളിത്തത്തിനെതിരെയുള്ള ബദല്‍ എന്നുപോലും വിലയിരുത്തപ്പെട്ടിട്ടുള്ള സഹകരണമേഖലയില്‍ കാര്യമായൊന്നും ചെയ്യാന്‍ ബംഗാളിലെ സിപിഐഎം നേതൃത്വത്തിന് കഴിഞ്ഞില്ല. അവര്‍ അധികാരം ആസ്വദിക്കുന്ന തിരക്കിലായിരുന്നു.ഇത്രയധികം വിഭവങ്ങളുള്ള സിലിഗുരിയില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 'ജല്‍പായ്ഗുരി സെന്‍ട്രല്‍ കോപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡ്' ആണ്. 1919 മുതല്‍ ബാങ്കിങ് രംഗത്തുള്ള ഈ സഹകരണ സ്ഥാപനം. സ്വകാര്യ- കാര്‍ഷിക വായ്പകള്‍ നല്‍കുന്ന ഒരു സ്ഥാപനം മാത്രമായി തുടരുകയാണ്. ഏതാണ്ട് സമാനകാലത്ത് കേരളത്തില്‍ കോഴിക്കോട്ടെ ഒരു ഗ്രാമത്തില്‍ ആരംഭിച്ച സഹകരണ സംഘം 2000 അംഗങ്ങളായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി വളര്‍ന്ന ഉദാഹരണം നമുക്കു മുന്നില്‍ തന്നെയുണ്ട്. സിംഗൂരിലെയോ നന്ദിഗ്രാമിലെയോ ഒരു ഭൂമിപ്രശ്‌നം മാത്രം കൊണ്ടല്ല ബംഗാളിലെ സിപിഐഎമ്മിന്റെ അടിത്തറയിളകിയത്...(തുടരും)