മണിപ്പൂർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ബിജെപി മുഖ്യമന്ത്രിയുടെ ‌നിലപാടിൽ പ്രതിഷേധിച്ച് ആരോ​ഗ്യമന്ത്രി രാജിവച്ചു

ആരോഗ്യവകുപ്പ് ഡയറക്ടർ ഒക്റാം ഇബോംചയെ തന്‍റെ അനുമതിയില്ലാതെ മുഖ്യമന്ത്രി പുറത്താക്കിയതാണ് ജയന്തകുമാറിനെ ചൊടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ടാണ് ജയന്തകുമാർ മുഖ്യമന്ത്രിക്കു രാജിക്കത്ത് നൽകിയത്.

മണിപ്പൂർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ബിജെപി മുഖ്യമന്ത്രിയുടെ ‌നിലപാടിൽ പ്രതിഷേധിച്ച് ആരോ​ഗ്യമന്ത്രി രാജിവച്ചു

ഭരണത്തിലേറി കേവലം ഒരുമാസം പിന്നിടുമ്പോഴേക്കും മണിപ്പൂർ മന്ത്രിസഭയിൽ പൊട്ടിത്തെറി. ബിജെപി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ നിന്നും ആരോ​ഗ്യമന്ത്രി എൽ ജയന്തകുമാർ രാജിവച്ചു. സഖ്യകക്ഷിയായ എൻപിപിയുടെ മന്ത്രിയായ ജയന്തകുമാർ, മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി വച്ചത്. തന്റെ വകുപ്പിൽ മുഖ്യമന്ത്രി അനാവശ്യമായി കൈകടത്തുവെന്ന് ആരോപിച്ചാണ് ജയന്തകുമാറിന്റെ രാജി.

മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയോടു നന്ദിയുണ്ടെന്നും എന്നാൽ തന്‍റെ വകുപ്പുകളിലെ അനാവശ്യ ഇടപെടലുകൾ മൂലം നല്ല രീതിയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നും ജയന്തകുമാർ രാജിക്കത്തിൽ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ഒക്റാം ഇബോംചയെ തന്‍റെ അനുമതിയില്ലാതെ മുഖ്യമന്ത്രി പുറത്താക്കിയതാണ് ജയന്തകുമാറിനെ ചൊടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ടാണ് ജയന്തകുമാർ മുഖ്യമന്ത്രിക്കു രാജിക്കത്ത് നൽകിയത്.

ഒക്റാം ഇബോംചയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയായിരുന്നു. പ്രത്യേകിച്ച് ഒരു കുറ്റവും ചുമത്താതെ അച്ചടക്ക നടപടിയുടെ പേരിൽ മാത്രം ആരോഗ്യവകുപ്പ് ഡയറക്ടറെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത് എന്തിനെന്നാണ് ജയന്തകുമാറിന്റെ ചോദ്യം. മുൻ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിന്‍റെ അടുത്ത ബന്ധു ആയതാണ് ഇയാൾക്കുള്ള അയോഗ്യതയെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം.

അതേസമയം, ആരോ​ഗ്യമന്ത്രി രാജിവച്ചതോടെ, സംസ്ഥാന രാഷ്ട്രീയ നേതൃത്വം അറിയിക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തിലേക്കു പുറപ്പെട്ടു. എൻപിപിയുടെ നാല് എംഎൽഎമാരുടെ സഹായത്തോടെയാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.