തെലങ്കാനയില്‍ ദുരഭിമാനക്കൊല; മകളെ വിവാഹം കഴിച്ച പിന്നാക്ക ജാതിക്കാരനായ യുവാവിനെ പിതാവ് കൊലപ്പെടുത്തി

മകനെ കാണാനില്ലെന്ന അംബോജിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്.

തെലങ്കാനയില്‍ ദുരഭിമാനക്കൊല; മകളെ വിവാഹം കഴിച്ച പിന്നാക്ക ജാതിക്കാരനായ യുവാവിനെ പിതാവ് കൊലപ്പെടുത്തി

ഉത്തരേന്ത്യയില്‍ സാധാരണയായ ദുരഭിമാനക്കൊല ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നു. തെലങ്കാനയില്‍ മകളെ വിവാഹം ചെയ്ത പിന്നാക്ക ജാതിക്കാരനായ യുവാവിനെ പിതാവ് കൊലപ്പെടുത്തി. 23കാരനായ അംബോജി നരേഷാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ തുമ്മല സ്വാതിയുടെ പിതാവ് ശ്രീനിവാസ റെഡ്ഡിയെ പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവിന്റെ കൊലപാതകം നേരില്‍ക്കണ്ട തുമ്മല പിന്നീട് ആത്മഹത്യ ചെയ്തു.

ഒന്നര മാസം മുമ്പാണ് തുമ്മലയുടെ വീട്ടുകാരുടെ എതിര്‍പ്പിനിടെ അംബോജിയും തുമ്മലയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിലുള്ള വൈരാഗ്യത്തിലാണ് മകളെക്കൊണ്ട് അനുനയത്തില്‍ വിളിച്ചുവരുത്തി ശ്രീനിവാസ റെഡ്ഡി അംബാജിയെ കൊലപ്പെടുത്തിയത്. മെയ് രണ്ടാം തീയതിയാണ് കൊലപാതകം നടന്നത്. പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണെന്ന വ്യാജേനയാണ് ശ്രീനിവാസ റെഡ്ഡി മകളെക്കൊണ്ട് അംബാജിയെ വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ അംബാജിയെ മകളുടെ കണ്‍മുന്നിലിട്ടാണ് മകന്റെയും മരുമകന്റെയും സഹായത്തോടെ ശ്രീനിവാസ റെഡ്ഡി കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി അംബോജിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞു.

മകനെ കാണാനില്ലെന്ന അംബോജിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. ''അംബോജിയുടെ തിരോധാനത്തില്‍ ഞങ്ങള്‍ സ്വാഭാവികമായി ശ്രീനിവാസ റെഡ്ഡിയെ സംശയിച്ചു. ചോദ്യം ചെയ്യലില്‍ റെഡ്ഡി കുറ്റം സമ്മതിച്ചു''-രചകോണ്ട കമ്മീഷണര്‍ മഹേഷ് ഭഗവദ് പറഞ്ഞു. ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനം നൊന്ത് മെയ് 15നാണ് തുമ്മല ആത്മഹത്യ ചെയ്തത്.


Read More >>