കാമുകിയുടെ യാത്ര മുടക്കാന്‍ വ്യാജ വിമാന റാഞ്ചല്‍ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

കാമുകിയുടെ യാത്ര മുടക്കാനും തന്നോടൊപ്പം മറ്റൊരു ദിവസം ഗോവക്ക് വരാനും വേണ്ടിയാണ് ഇയാള്‍ വിമാനം റാഞ്ചാന്‍ പോകുകയാണെന്ന വ്യാജ വിവരം ഇമെയില്‍ വഴി മുംബൈ പോലീസിനെ അറിയിച്ചത്.

കാമുകിയുടെ യാത്ര മുടക്കാന്‍ വ്യാജ വിമാന റാഞ്ചല്‍ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

കാമുകിയുടെ ഗോവ യാത്ര മുടക്കാനായി വിമാനം റാഞ്ചാന്‍ പോകുന്നെന്ന വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ എം വംശി കൃഷ്ണയെന്ന 32കാരനാണ് അറസ്റ്റിലായത്. കാമുകിയുടെ യാത്ര മുടക്കാനും തന്നോടൊപ്പം മറ്റൊരു ദിവസം ഗോവയ്ക്ക് വരാനും വേണ്ടിയാണ് ഇയാള്‍ വിമാനം റാഞ്ചാന്‍ പോകുകയാണെന്ന വ്യാജ വിവരം ഇമെയില്‍ വഴി മുംബൈ പോലീസിനെ അറിയിച്ചത്.

ഹൈദരാബാദിനടുത്തുള്ള മിയാപൂര്‍ സ്വദേശിയാണിയാള്‍. ഫെയ്‌സ്ബുക്ക് വഴി സൗഹൃദത്തിലായ ചെന്നൈ സ്വദേശിനിയോടൊപ്പമാണ് ഇയാള്‍ ഗോവ ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നത്. ഇതിനായി മുംബൈയിലെത്താന്‍ തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് യുവതി ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഇയാള്‍ ചെന്നൈയില്‍ നിന്ന് മുംബൈയ്ക്കുള്ള വ്യാജ ടിക്കറ്റ് ഉണ്ടാക്കി യുവതിയ്ക്ക് അയച്ചുകൊടുത്തു.

തുടര്‍ന്ന് മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റാഞ്ചാന്‍ ആറംഗ സംഘം തയ്യാറെടുക്കുന്നതായി ഒരു സ്ത്രീയുടെ പേരില്‍ ഉണ്ടാക്കിയ ഐഡിയില്‍ നിന്ന് ഇയാള്‍ ഇമെയില്‍ സന്ദേശം അയച്ചു. വ്യാജ ടിക്കറ്റുമായി കാമുകി വിമാനത്താവളത്തില്‍ പ്രവേശിക്കുന്നത് തടയാനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വ്യാജ സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.