ഡല്‍ഹിയില്‍ പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നതു തടയാന്‍ ശ്രമിച്ചയാളെ യുവാക്കള്‍ തല്ലിക്കൊന്നു

കമ്പി വടികളും കല്ലുകളുമുപയോഗിച്ചാണ് സംഘം ഓട്ടോ ഡ്രൈവറായ ഇയാളെ മര്‍ദ്ദിച്ചത്‌

ഡല്‍ഹിയില്‍ പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നതു തടയാന്‍ ശ്രമിച്ചയാളെ യുവാക്കള്‍ തല്ലിക്കൊന്നു

പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നതു തടയാന്‍ ശ്രമിച്ചയാളെ ഡല്‍ഹിയില്‍ ഒരു സംഘം യുവാക്കള്‍ തല്ലിക്കൊന്നു. രവീന്ദര്‍ എന്ന 32കാരനായ ഓട്ടോ ഡ്രൈവറാണു കൊല്ലപ്പെട്ടത്. ജി ടി ബി നഗര്‍ മെട്രോ സ്‌റ്റേഷനു സമീപം ഇന്നലെ വൈകിട്ടാണു സംഭവം. നിര്‍ത്തിയിട്ട സ്വന്തം ഓട്ടോയിലിരിക്കുകയായിരുന്ന രവീന്ദര്‍ സമീപത്തു മൂത്രമൊഴിക്കുന്ന മൂന്നു യുവാക്കളെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികളെന്നു തോന്നിയ സംഘം തങ്ങള്‍ സുഹൃത്തുക്കളെ കൂട്ടി തിരിച്ചുവരുമെന്നു രവീന്ദറിനെ ഭീഷണിപ്പെടുത്തി അവിടെ നിന്നു പോയി. പിന്നീടു രാത്രി എട്ടു മണിയോടെ ഇവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന യുവാക്കളുടെ സംഘം തിരിച്ചെത്തി. തര്‍ക്കത്തിനൊടുവില്‍ സംഘം രവീന്ദറിനെ ഇരുമ്പു വടികളും കല്ലുകളുമുപയോഗിച്ചു ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റു തളര്‍ന്നുവീണ ഇയാള്‍ ഫോണില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സഹോദരനെത്തി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.