അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തയാള്‍ക്ക് 2.6 ലക്ഷം രൂപ പിഴ

മൃഗങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്നയാള്‍ക്കെതിരായ പോസ്റ്റുകള്‍ തുടര്‍ച്ചയായി ലൈക്ക് ചെയ്തുവെന്നതാണ് ഇയാള്‍ക്ക് നേരെയുള്ള കുറ്റം

അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തയാള്‍ക്ക് 2.6 ലക്ഷം രൂപ പിഴ

ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാവും. മുമ്പൊക്കെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇടുന്നവരും അവ ഷെയര്‍ ചെയ്യുന്നവരുമാണ് പുലിവാല്‍ പിടിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് ലൈക്ക് ചെയ്യുന്നവരിലേക്കുമെത്തിയിരിക്കുന്നു. അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തയാള്‍ക്ക് 4,000 അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 257866 രൂപ) പിഴ വിധിച്ചു. സ്വിറ്റ്‌സര്‍ലന്റിലാണ് സംഭവം. സൂറിച്ചിലെ കോടതിയാണ് പിഴ വിധിച്ചത്.

മൃഗങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്നയാള്‍ക്കെതിരായ പോസ്റ്റുകള്‍ തുടര്‍ച്ചയായി ലൈക്ക് ചെയ്തുവെന്നതാണ് ഇയാള്‍ക്ക് എതിരെയുള്ള കുറ്റം. ജൂതവിരോധിയും വംശീയവാദിയും ഫാസിസ്റ്റുമാണെന്ന തരത്തിലുള്ള പോസ്റ്റുകളാണ് പിഴ ചുമത്തപ്പെട്ടയാള്‍ ലൈക്ക് ചെയ്തത്.

2015 ജൂലൈക്കും സെപ്റ്റംബറിനുമിടെയാണ് കേസിനാധാരമായ പോസ്റ്റുകള്‍ ഇയാള്‍ ലൈക്ക് ചെയ്തത്. ലൈക്ക് ചെയ്തതിന്റെ പേരില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരെ ശിക്ഷ വിധിക്കുന്നതെന്നാണ് കരുതുന്നത്.

പിഴ ചുമത്തപ്പെട്ടയാളുടെ പേരോ മറ്റ് വിവരങ്ങളോ കോടതി പുറത്തുവിട്ടിട്ടില്ല. ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോകാമെന്ന് കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് വക്താവ് വിസമ്മതിച്ചു.