പെണ്‍ഭ്രൂണഹത്യ തടയാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് മഹാരാഷ്ട്ര പബ്ലിക് അക്കൗണ്ട് കമ്മിറ്റി

പെൺഭ്രൂണഹത്യ തടയാനായി ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയ ശേഷം മാതാപിതാക്കളെ നിരീക്ഷിക്കണമെന്ന് മഹാരാഷ്ട്ര പബ്ലിക് അക്കൗണ്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

പെണ്‍ഭ്രൂണഹത്യ തടയാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് മഹാരാഷ്ട്ര പബ്ലിക് അക്കൗണ്ട് കമ്മിറ്റി

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് മഹാരാഷ്ട്ര പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. പെണ്‍ഭ്രൂണഹത്യയ്ക്കു തടയിടാനാണ് ഈ ശുപാര്‍ശ. ഗര്‍ഭിണിയായ സ്ത്രീകളെ നിരീക്ഷിക്കുക വഴി ഗര്‍ഭം അലസിപ്പിക്കുന്നതു തടയാനാകും എന്നാണ് കമ്മിറ്റി കരുതുന്നത്.

'മാതാപിതാക്കള്‍ സോണോഗ്രഫി ചെയ്യാന്‍ എത്തുമ്പോള്‍ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണം. അവര്‍ തുടര്‍ന്നും പരിശോധനകള്‍ക്ക് വരുന്നുണ്ടെന്ന് ഉറപ്പാക്കണം. പെണ്‍കുട്ടി ആണെന്നറിഞ്ഞതിനു ശേഷം അവര്‍ പരിശോധനയ്ക്ക് വരുന്നത് നിര്‍ത്തുകയാണെങ്കില്‍ വീടുകളില്‍ ചെന്ന് തുടര്‍ന്നുള്ള ചെക്കപ്പുകള്‍ നടത്തണം,' കമ്മിറ്റി നിയമസഭയില്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമമുണ്ടെങ്കിലും മാതാപിതാക്കള്‍ക്കെതിരെ നിയന്ത്രണം ഒന്നുമില്ല. നിയമം നിര്‍ബന്ധമാക്കിയാലേ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയുള്ളു എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. ഗര്‍ഭഛിദ്രം നടത്തുന്ന ഒരു ഹോമിയോ ഡോക്ടറെ ഇതു സംബന്ധമായി അറസ്റ്റ് ചെയ്തിരുന്നു. അബോര്‍ഷനിടെ യുവതി മരിച്ചു പോയത് അന്വേഷിക്കുന്നതിനിടയിലാണ് പൊലീസിന് ഗര്‍ഭമലസിപ്പിക്കുന്നതിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രി മനേക ഗാന്ധിയും ഗര്‍ഭസ്ഥശിശുവിന്‌റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.