ബാൽതാക്കറെ സ്മാരകത്തിന് 100 കോടി; ശിവസേനയെ അടുപ്പിക്കാൻ സൈക്കോളജിക്കൽ മൂവുമായി ബിജെപി സർക്കാർ

രാമക്ഷേത്ര നിര്‍മാണം വൈകുന്നതിനെതിരേ ശിവസേന കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ബാല്‍ താക്കറെയ്ക്ക് സ്മാരകം നിര്‍മിക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ 100 കോടി അനുവദിച്ചത്.

ബാൽതാക്കറെ സ്മാരകത്തിന് 100 കോടി; ശിവസേനയെ അടുപ്പിക്കാൻ സൈക്കോളജിക്കൽ മൂവുമായി ബിജെപി സർക്കാർ

അന്തരിച്ച തീവ്രഹിന്ദുത്വ നേതാവും ശിവസേനാ സ്ഥാപകനുമായ ബാൽതാക്കറെയ്ക്ക് സ്മാരകം പണിത് ശിവസേനയുമായി കൂടുതൽ അടുക്കാനുള്ള തന്ത്രം മെനഞ്ഞ് മഹാരാഷ്ട്ര ബിജെപി സർക്കാർ. 100 കോടിയാണ് ഇതിനായി ബിജെപി സർക്കാർ അനുവദിച്ചിരിക്കുന്നത്. സഖ്യകക്ഷിയായ ശിവസേനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറി ബന്ധം കൂടുതൽ ഊഷ്മളമാവാൻ സ്മാരക നിർമാണം സഹായിക്കുമെന്നാണ് ധനമന്ത്രി സുധീർ മുൻ​ഗന്തിവാറിന്റെ വാദം.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം ശിവസേനയുമായുള്ള സഖ്യത്തിന് മികച്ച സാധ്യതകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ശിവസേനയുടെ മാത്രം നേതാവായിരുന്നില്ല ബാൽതാക്കറെ. ഈ സഖ്യത്തിന്റെ കൂടി നേതാവാണ് താക്കറെ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നേതാവായി താക്കറെ തുടരും. അതിനാലാണ് അദ്ദേഹത്തിന്റെ സ്മാരം നിർമിക്കാൻ മന്ത്രിസഭായോ​ഗം 100 കോടി അനുവദിച്ചിരിക്കുന്നത്. സ്മാരകം യുവാക്കളെ പ്രചോദിപ്പിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

മുബൈ മെട്രോപൊളീറ്റന്‍ റീജ്യന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് സ്മാരകത്തിനുള്ള പണം കൈമാറേണ്ടതെന്നും ബിജെപി സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര നിര്‍മാണം വൈകുന്നതിനെതിരേ ശിവസേന കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ബാല്‍ താക്കറെയ്ക്ക് സ്മാരകം നിര്‍മിക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ 100 കോടി അനുവദിച്ചത്.

ശിവാജി പാര്‍ക്ക് മേഖലയിലാവും താക്കറേയ്ക്ക് സ്മാരകം നിര്‍മിക്കുകയെന്നാണ് കരുതുന്നത്. 11500 ചതുരശ്രമീറ്റര്‍ സ്ഥലം കഴിഞ്ഞവര്‍ഷം തന്നെ താക്കറെ രാഷ്ട്രീയ സ്മാരക് നിവാസ് ട്രസ്റ്റിന് സര്‍ക്കാര്‍ കൈമാറിയിരുന്നു. ‌‌മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ കഴിഞ്ഞദിവസം രംഗത്തെത്തിയ ശിവസേന നേതാവ് ഉദ്ധവ് താക്കറെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും ബിജെപിയുമായി സഖ്യത്തിനില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരുവിധത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കിയിരുന്നു. അടുത്ത തവണ തൂക്കുമന്ത്രിസഭയാണ് നിലവില്‍വരികയെന്നും നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും റാവത്ത് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്മാരകം പണിത് ശിവസേനയെ അനുനയിപ്പിക്കാനുള്ള തന്ത്രം ബിജെപി മെനയുന്നത്. 1992ലെ മുംബൈ കലാപത്തിൽ 900 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ട വ്യക്തിയായിരുന്നു ബാൽ താക്കറെ.