ഇറച്ചി നിരോധനത്തിനു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; മനുഷ്യന്റെ പ്രാഥമികാവകാശത്തില്‍ കേന്ദ്രത്തിന് എന്തവകാശം?

മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പരാമര്‍ശം. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും അതിലിടപെടാന്‍ കേന്ദ്രത്തിനു എന്തവകാശമെന്നും കോടതി ചോദിച്ചു. ഇറച്ചി നിരോധനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

ഇറച്ചി നിരോധനത്തിനു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; മനുഷ്യന്റെ പ്രാഥമികാവകാശത്തില്‍   കേന്ദ്രത്തിന് എന്തവകാശം?

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്ര തീരുമാനം നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അവകാശമാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.

നാലാഴ്ചക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്. ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

അതേസമയം, കന്നുകാലി കശാപ്പ് വിഷയത്തില്‍ കേരളാ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി ജി സജി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സംസ്ഥാന പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്രം ഇടപെടുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ 23നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പ്രകാരം കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ കാലിച്ചന്തകളില്‍ കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കാനും പറ്റില്ല. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകള്‍ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വില്‍ക്കാനോ വാങ്ങാനോ പാടില്ല. ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.