മേഘാലയയിലേക്ക്​ സ്ഥലംമാറ്റം; മദ്രാസ്​ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ്​ വി കെ തഹിൽരമണി രാജിവെച്ചു

മുംബൈ ഹൈക്കോടതിയിലിരിക്കെ 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് തഹിൽ രമണിയാണ്

മേഘാലയയിലേക്ക്​ സ്ഥലംമാറ്റം; മദ്രാസ്​ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ്​ വി കെ തഹിൽരമണി രാജിവെച്ചു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ തഹില്‍രമണി രാജിവെച്ചു. സ്ഥലംമാറ്റിയുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീൽ, സുപ്രീം കോടതി കൊളീജിയം തള്ളിയതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് റിപ്പോർട്ട് .

ജസ്റ്റിസ് വിജയയെ മേഘാലയ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തഹില്‍രമണി അപേക്ഷ നല്‍കിയിരുന്നു. രാജിവയ്ക്കുന്നതായി സഹ ജഡ്ജിമാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹെെക്കോടതിയിലെ അഭിഭാഷകരും സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു.

താൻ ഇപ്പോൾ സിസ്റ്റത്തിന്റെ ഭാഗമല്ല എന്നും രാജി ഇന്ത്യൻ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും അയയ്ക്കുമെന്നും തഹില്‍രമണി അഡ്വക്കേറ്റ് ഇന്ദിര ജെയ്‌സിംഗിനോട് പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ഏറ്റവും മുതിർന്ന ജഡ്ജിമാരിൽ ഒരാളും രണ്ട് വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഒരാളുമാണ് തഹിൽരമണി. 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് തഹിൽ രമണിയാണ്. മുംബൈ ഹൈക്കോടതിയിലിരിക്കെയായിരുന്നു അത്.

അഞ്ച് പോലീസ് ഉദ്യോഗസ്ഥരും രണ്ട് ഡോക്ടർമാരും ഉൾപ്പെടെ ഏഴ് പേരെ കുറ്റവിമുക്തരാക്കാനും തഹിൽരമണി വിധിച്ചിരുന്നു. തഹില്‍രമണിയുടെ രാജി സ്വീകരിച്ചാല്‍ രാജ്യത്തെ ഹൈക്കോടതി വനിതാ ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങും.