ധനുഷ് തങ്ങളുടെ മകനാണെന്നു വാദിച്ച ദമ്പതികള്‍ക്കു തോല്‍വി; മദ്രാസ് കോടതി കേസ് തള്ളി

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മേലൂരിനരികിലുള്ള മാനംപട്ടി എന്ന ഗ്രാമത്തിലെ ആര്‍ കതിരേശന്‍ (60), കെ മീനാക്ഷി (55) ദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ കോടതിയെ സമീപിച്ചത്. വയസ്സായതിനാല്‍ ധനുഷ് തങ്ങള്‍ക്ക് മാസം 65, 000 രൂപ ചെലവിനു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ധനുഷ് തങ്ങളുടെ മകനാണെന്നു വാദിച്ച ദമ്പതികള്‍ക്കു തോല്‍വി; മദ്രാസ് കോടതി കേസ് തള്ളി

തമിഴ് സിനിമാതാരം ധനുഷിന്റെ മാതാപിതാക്കള്‍ ആണെന്ന് അവകാശപ്പെട്ട് മേലൂര്‍ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് തള്ളി. ഇതോടെ ധനുഷിനെ ചുറ്റിപ്പറ്റി കുറച്ചു മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മേലൂരിനരികിലുള്ള മാനംപട്ടി എന്ന ഗ്രാമത്തിലെ ആര്‍ കതിരേശന്‍ (60), കെ മീനാക്ഷി (55) ദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ കോടതിയെ സമീപിച്ചത്. വയസ്സായതിനാല്‍ ധനുഷ് തങ്ങള്‍ക്ക് മാസം 65, 000 രൂപ ചെലവിനു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ധനുഷിനോടു വിചാരണയ്ക്കു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ധനുഷ് മധുരൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന് ആസ്പദമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു വാദം.

ദമ്പതികള്‍ക്കു താനുമായി യാതൊരു ബന്ധമില്ലെന്നും അവരെ ആരോ പറഞ്ഞു പറ്റിച്ചതാണെന്നും ധനുഷ് പറഞ്ഞിരുന്നു. മധുരൈ ഹൈക്കോടതിയില്‍ ഹാജരായ ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ ധനുഷ് അവരുടെ മകനാണെന്ന അടയാളങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.

ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ദമ്പതികളുടെ ആവശ്യം ധനുഷ് നിരാകരിക്കുകയായിരുന്നു. ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ അവരുടെ മകന്‍ സംവിധായകനായ കസ്തൂരി രാജയെ കണ്ടുമുട്ടിയെന്നും അദ്ദേഹം സഹായിച്ചാണ് ധനുഷ് സിനിമയില്‍ എത്തിയതെന്നും കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ അവകാശപ്പെട്ടു.

വിധി വന്നതിനുശേഷം മീനാക്ഷി 'ധനുഷ് എന്റെ മകനാണെന്ന് അവന്റെ മനഃസാക്ഷിയ്ക്ക് അറിയാം' എന്ന് മാധ്യമങ്ങളോടു കണ്ണീരോടെ പറഞ്ഞു.

പണം ഉള്ളതുകൊണ്ട് ധനുഷ് ജയിച്ചുവെന്ന് കതിരേശനും പറഞ്ഞു. കേസുമായി സുപ്രീം കോടതിയിലേയ്ക്കു പോകുമെന്നും അവിടെ പണം കൊണ്ട് വിജയിക്കാന്‍ പറ്റില്ലെന്നും കതിരേശന്‍ കൂട്ടിച്ചേര്‍ത്തു.

എന്തായാലും ഗായിക ആര്‍ കെ സുചിത്ര ട്വിറ്ററിലൂടെ പുറത്തു വിട്ട ധനുഷിന്റെ സ്വകാര്യജീവിതത്തിലെ ചിത്രങ്ങള്‍ മൂലം വിവാദത്തിലായിരുന്ന ധനുഷിന് ആശ്വാസമായിരിക്കും കോടതി വിധി.