ബലാത്സംഗമോ ഹണി ട്രാപ്പോ? ബിജെപി എംപി ഉള്‍പ്പെട്ട കേസിലെ വസ്തുതകളെന്ത്?

മാര്‍ച്ച് 13ന് തന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടിക്കായി വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിപ്പെട്ടതായി ഇന്ത്യ ടുഡേയില്‍ ഏപ്രില്‍ 27ന് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് എംപി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു

ബലാത്സംഗമോ ഹണി ട്രാപ്പോ? ബിജെപി എംപി ഉള്‍പ്പെട്ട കേസിലെ വസ്തുതകളെന്ത്?

ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള ബിജെപി എംപിയ്‌ക്കെതിരെ ബലാത്സംഗ ആരോപണവുമായി ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷക രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ തന്നെ ഹണി ട്രാപ്പില്‍പ്പെടുത്തി യുവതി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന് എംപി ആരോപിച്ചു. ഒടുവില്‍ എംപിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ് ഇന്ന് അഭിഭാഷകയെ അറസ്റ്റു ചെയ്തു. തന്നെ യുവതി ഹണി ട്രാപ്പില്‍പ്പെടുത്തി മയക്കുമരുന്ന് നല്‍കി നഗ്നചിത്രങ്ങളും വീഡിയോയും പിടിച്ച് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി എംപി ആരോപിച്ചു.

കേസില്‍ ആദ്യം ആരോപണവുമായി രംഗത്തുവന്ന യുവതി എംപിയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുക്കാതിരുന്നതിനെത്തുടര്‍ന്ന് ഒടുവില്‍ ഇവര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി പൊലീസിനെ സമീപിച്ചത്. മാര്‍ച്ച് 13ന് തന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടിക്കായി വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിപ്പെട്ടതായി ഇന്ത്യ ടുഡേയില്‍ ഏപ്രില്‍ 27ന് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് എംപി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്

തന്നെ ഗാസിയാബാദിലുള്ള യുവതിയുടെ വീട്ടില്‍ വിളിച്ചു വരുത്തി ലഹരി കലര്‍ന്ന പാനീയം നല്‍കി നഗ്നചിത്രങ്ങളും വീഡിയോയും എടുക്കുകയായിരുന്നെന്നാണ് കെസി പട്ടേല്‍ ആരോപിച്ചത്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ കൈയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി എംപി പറഞ്ഞു. കേസില്‍ അറസ്റ്റിലായ യുവതി മറ്റ് ചിലരുടെ സഹായത്തോടെ 'ബ്ലാക്ക്‌മെയ്ല്‍ റാക്കറ്റ്' നടത്തുകയാണെന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റംഗങ്ങളെ പലരേയും സൗഹൃദം നടിച്ച് ഇവര്‍ കുടുക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഐപിസി 304 വകുപ്പ് പ്രകാരമാണ് യുവതിയ്്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഓര്‍മ്മിക്കേണ്ട ചില വസ്തുതകള്‍

1) അധികാരത്തിലിരിക്കുന്ന പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടാനായി മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നത് സാധാരണമാണ്. നിയമത്തിന്റെ മുമ്പില്‍ ഒരു പാര്‍ലമെന്റംഗത്തിന് പ്രത്യേക അവകാശങ്ങളൊന്നുമില്ല.

2) ബലാത്സംഗവുമായി ബന്ധപ്പെട്ട കേസ് ദുരുപയോഗം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വളരെ അപൂര്‍വമായാണ് ഉണ്ടാകാറുള്ളത്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിലാണ് സാധാരണയായി ഇത് കാണാറുള്ളത്. പൊലീസ് പക്ഷപാതിത്വമില്ലാതെ അന്വേഷണം നടത്തണമെന്നതാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം.

3) എംപിയും യുവതിയും പരസ്പരം ആരോപണം ഉന്നയിച്ചിരിക്കുന്ന ഈ കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുന്നതു വരെ ഇരുവരും നിരപരാധികളാണ്. ഇതില്‍ ഒരാള്‍ക്ക് സ്വാധീനവും അധികാരവും എതിരാളിയെക്കാള്‍ കൂടുതലുണ്ടെങ്കിലും മറ്റ് പല കേസുകളിലേയും പോലെ മാധ്യമവിചാരണ ഈ കേസില്‍ ഉണ്ടാകാതിരിക്കണം എന്നതാണ് മറ്റൊരു കാര്യം