സ്ത്രീകളോട് മോശമായി പെരുമാറുന്ന മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു; സംഭവം ശിവ്‌രാജ് സിങ്‌ ചൗഹാനെ വിമര്‍ശിച്ചതിനു പിന്നാലെ

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ശിവ്‌രാജ് സിങ്‌ ചൗഹാന്‍ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയും വഹിച്ച ബാബുലാല്‍ ഗൗറിന്റെ വീഡിയോ ആണ് നവമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. മന്ത്രിയായിരുന്ന കാലയളവില്‍ ഒരു ചടങ്ങിനിടെ സ്ത്രീകളുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പ്രായക്കൂടുതല്‍ കാരണം മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ബാബുലാല്‍ ഗൗര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

സ്ത്രീകളോട് മോശമായി പെരുമാറുന്ന മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു; സംഭവം ശിവ്‌രാജ് സിങ്‌ ചൗഹാനെ വിമര്‍ശിച്ചതിനു പിന്നാലെ

മധ്യപ്രദേശില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലയളവില്‍ ബാബുലാല്‍ ഗൗറിനെ വിവാദത്തിലാക്കിയ വീഡിയോ ആണ് വീണ്ടും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭോപ്പാലില്‍ ലോഫ്‌ളോര്‍ ബസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനിടെ ബസില്‍ കയറുന്ന സ്ത്രീകളുടെ പിന്‍ഭാഗത്ത് ബാബുലാല്‍ സ്പര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകളായിരുന്നു പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലായിരുന്നു സംഭവം.


പ്രതിപക്ഷ പാര്‍ട്ടികള്‍ അന്ന് ബാബുലാല്‍ ഗൗറിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഒന്നര മാസത്തിനുള്ളില്‍ പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി ബാബുലാല്‍ ഗൗറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. രാജിവയ്ക്കാൻ വിസമ്മതിച്ച 86-കാരനായ ബാബുലാലിനെ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടാണ് അനുനയിപ്പിച്ചത്.

മദ്യപാനം മൗലികാവകാശമാണെന്ന ബാബുലാലിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ബലാത്സംഗങ്ങള്‍ ചിലപ്പോള്‍ ശരിയും തെറ്റുമായിരിക്കും. ബലാത്സംഗങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞത് ബിജെപിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കിയിരുന്നു.

മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് ആരോപിച്ച് ബാബുലാല്‍ ഗൗര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരടക്കം തന്നെ അവഗണിക്കുന്നെന്നും ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ബാബുലാല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള വീഡിയോ വീണ്ടും വൈറലാകുന്നത്. 2004-2005 കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബാബുലാല്‍ ഗൗര്‍ പത്താം തവണയാണ് എംഎല്‍എയാകുന്നത്.