യോഗി വന്നു; ലഖ്‌നൗവിലെ ബീഫ് കബാബ് ഇനിയില്ല

കൊല്‍ക്കത്തയ്ക്ക് രസഗുളയെന്നപോലെ ന്യൂയോര്‍ക്കിലെ ഹോട്ട് ഡോഗ് പോലെ ലഖ്‌നൗവിന് ബീഫ് കബാബായിരുന്നു പ്രിയം. ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്നതോടെ ബീഫ് കബാബിന് ഇനി ആയുസ്സില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇരുപത് രൂപയ്ക്ക് എട്ട് ബീഫ് കബാബ് ലഭിക്കുമായിരുന്ന ഹോട്ടലുകൾ പാവപ്പെട്ടവരുടെ ആശ്രയവുമായിരുന്നു. നൂറും നൂറ്റമ്പതും വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലുകളാണ് ബീഫ് കബാബ് കച്ചവടം നിര്‍ത്തുന്നത്.

യോഗി വന്നു; ലഖ്‌നൗവിലെ ബീഫ് കബാബ് ഇനിയില്ല

ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്നതോടെയാണ് പ്രശസ്തമായ ലഖ്‌നൗ ബീഫ് കബാബ് ഇനി ചരിത്രത്തിന്റെ ഭാഗമാകുന്നത്. ബീഫ് കബാബിന് പേരു കേട്ട നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള തുണ്ടെയ് കബാബി റസ്റ്റോറന്റ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു. ഇന്നലെ വീണ്ടും തുറന്നപ്പോള്‍ കേള്‍വി കേട്ട ബീഫ് കബാബിനു പകരം മെനുവില്‍ മട്ടന്‍ കബാബും, ചിക്കന്‍ കബാബും ആ സ്ഥാനത്ത് ആദ്യമായി ഇടം പിടിച്ചു. അറവുശാലകള്‍ പൂട്ടുന്നതോടെ ബീഫ് കബാബിന് ആവശ്യമായ ഇറച്ചി ലഭിക്കുന്നില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

ഓള്‍ഡ് ലക്‌നൗവിലെ അക്ബാരി ഗേറ്റിനു സമീപത്തെ തുണ്ടെയ് കബാബി റസ്റ്റോറന്റും, 125 വര്‍ഷത്തെ പഴക്കമുള്ള റഹീം ഹോട്ടലും നവാബി- മുഗള്‍ രൂചിക്കൂട്ടുകളുടെ പെരുമ നിലനിര്‍ത്തിയിരുന്ന കേന്ദ്രങ്ങളായിരുന്നു. ഹോട്ടലിലെത്തുന്നവരില്‍ എണ്‍പത് ശതമാനം പേരും ബീഫ് കബാബിന്റെ ആവശ്യക്കാരായിരുന്നുവെന്ന് തുണ്ടെയ് ഹോട്ടലുടമ ഹാജി റായീസ് അഹമ്മദ് പറയുന്നു. ഹോട്ടലിലെ ഇരുപതോളം ജീവനക്കാര്‍ എവിടേക്ക് പോകുമെന്ന് അദ്ദേഹം ചോദിക്കുന്നു.


എട്ട് ബീഫ് കബാബിന് ഇരുപത് രൂപയായിരുന്നു ഹോട്ടലുകാര്‍ മേടിച്ചിരുന്നത്. അറുപത് രൂപയില്‍ താഴെ നാല് മട്ടണ്‍ കബാബോ, നാല്‍പത് രൂപയ്ക്ക് താഴെ നാല് ചിക്കന്‍ കബാബോ വില്‍ക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. ചുരുക്കം പേര്‍ മാത്രമാണ് മട്ടനു ചിക്കനും ആവശ്യപ്പെടുന്നത്. പാവപ്പെട്ട ആളുകളൊക്കെ ബീഫ് കബാബ് ആയിരുന്നു കഴിച്ചിരുന്നതെന്ന് റായീസ് പറഞ്ഞു.

ഷെഹനായി ഇല്ലാതെ ബിസ്മില്ലാ ഖാനെ ഓര്‍ക്കാന്‍ നിങ്ങള്‍ക്കാകുമോ? നിങ്ങള്‍ക്കെങ്ങനെ ബീഫ് കബാബില്ലാത്ത ലഖ്‌നൗവിനെ കുറിച്ച് ചിന്തിക്കാനാകും?- അബൂബക്കര്‍, മാനേജര്‍, തുണ്ടെയ് കബാബി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന്റെ പേര് പ്രഖ്യാപിച്ച ശനിയാഴ്ച തന്നെ നിയമപരവും അല്ലാത്തതുമായ അറവുശാലകളില്‍ റെയ്ഡ് നടക്കുകയും ചിലത് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. നൂറ്റിമുപ്പത് ലൈസന്‍സുള്ളതും, 1100 ലൈസന്‍സില്ലാത്തതുമായ അറവുശാലകള്‍ ഉത്തര്‍പ്രദേശില്‍ ഇതുവരെ അടച്ചുപൂട്ടിയെന്നാണ് കണക്ക്. ലൈസന്‍സില്ലാത്ത എല്ല അറവുശാലകളും അടച്ചുപൂട്ടണമെന്നും അല്ലാത്തവ കര്‍ശനമായി നിരീക്ഷിക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.