ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ വാലെന്റൈൻസ്‌ ഡേ വിദ്യാർഥികൾക്ക് 'വിലക്കപ്പെട്ട ദിനം'

യൂണിവേഴ്സിറ്റിയുടെ അല്പത്തരത്തിന്റെ ഉദാഹരണമാണ് ഈ സർക്കുലറെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. അവധി ദിവസം പ്രഖ്യാപിക്കാം പക്ഷേ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കിയത് ശരിയായില്ലെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർത്തു.

ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ വാലെന്റൈൻസ്‌ ഡേ വിദ്യാർഥികൾക്ക്  വിലക്കപ്പെട്ട ദിനം

ലക്‌നൗ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വാലെന്റൈൻസ്‌ ദിനമായ ഫെബ്രുവരി 14ന് ക്യാംപസിൽ പ്രവേശനമില്ല. അന്നേ ദിവസം ക്യാംപസിൽ എത്തുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കുമെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

മഹാശിവരാത്രി ദിനം പ്രമാണിച്ച് ഫെബ്രുവരി 14ന് അവധി നൽകിയതായി പറയുന്ന സർക്കുലറിന്റെ തുടക്കത്തിലാണ് വാലന്റൈൻസ് ദിനത്തെപ്പറ്റി പരാമർശമുള്ളത്. പാശ്ചാത്യ സംസ്കാരം യുവാക്കളെ സ്വാധീനിക്കുന്നതായാണ് പരാമർശം.

ക്യാംപസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കിയതിനാൽ ക്ലാസ്സുകളോ പരീക്ഷകളോ സാംസ്കാരിക പരിപാടികളോ ആ ദിവസം നടക്കില്ല. രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികളെ കോളേജിലേക്ക് അയക്കരുതെന്ന് യൂണിവേഴ്സിറ്റി നിർദേശം നൽകിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ചീഫ് പ്രോക്ടറായ വിനോദ് സിങ് പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

പുറമെ നിന്നുള്ളവർ ക്യാംപസിലെ വിദ്യാർത്ഥികളെ പീഡിപ്പിക്കാതിരിക്കാനാണ് ഈ ഉത്തരവ് പുറത്തിറക്കിയതെന്നാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എസ് എൻ സിങ്ങിന്റെ ഇതിനോടുള്ള പ്രതികരണം.

അതേസമയം, യൂണിവേഴ്സിറ്റിയുടെ അല്പത്തരത്തിന്റെ ഉദാഹരണമാണ് ഈ സർക്കുലറെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. അവധി ദിവസം പ്രഖ്യാപിക്കാം, എന്നാൽ ക്യാംപസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് ശരിയായില്ലെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം. തങ്ങളല്ലാതെ മറ്റാരാണ് ക്യാംപസിൽ കയറേണ്ടതെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു.

കഴിഞ്ഞ വർഷവും സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്ന കാരണം പറഞ്ഞ് ഫെബ്രുവരി 14ന് സമ്മാനങ്ങളോ പൂക്കളോ കൊണ്ടുവരുന്നതിന് ലക്‌നൗ യൂണിവേഴ്സിറ്റി വിലക്കേർപ്പെടുത്തിയിരുന്നു.