കൊല്ലുന്ന പ്രണയം: ഇന്ത്യയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന്റെ ആറിരട്ടി മരണം പ്രണയത്തിലെന്ന് പഠനം

1.17 ലക്ഷം പ്രണയികള്‍ രാജ്യത്ത് 15 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്. കൂടുതല്‍ മരണം പശ്ചിമ ബംഗാളില്‍, കൂടുതല്‍ കൊലപാതകങ്ങള്‍ ആന്ധ്രപ്രദേശില്‍

കൊല്ലുന്ന പ്രണയം: ഇന്ത്യയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന്റെ ആറിരട്ടി മരണം പ്രണയത്തിലെന്ന് പഠനം

ഭീകരാക്രമണത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പ്രണയവുമായി ബന്ധപ്പെട്ട ആത്മഹത്യയും കൊലപാതകവുമാണേ്രത ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. ഇതിന്റെ ആറിലൊന്ന് ആളുകള്‍ മാത്രമാണ് ഭീകരാക്രമണവുമായി കൊല്ലപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. 2001-15 കാലഘട്ടത്തില്‍ പ്രണയവുമായി ബന്ധപ്പെട്ട് 38,585 കൊലപാതകങ്ങളും 79,189 ആത്മഹത്യകളും ഉണ്ടായതായി ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതേ കാലയളവില്‍ പ്രണയവുമായി ബന്ധപ്പെട്ട് 1.6 ലക്ഷം പേരെ തട്ടിക്കൊണ്ടുപോയതായി പോലീസ് രേഖകള്‍ പറയുന്നു. ഈ കാലയളവില്‍ പ്രതിദിനം ഏഴ് കൊലപാതകങ്ങള്‍, 14 ആത്മഹത്യകള്‍, 47 തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ സൈനികരും സിവിലിയന്‍മാരുമുള്‍പ്പെടെ 20,000 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ആന്ധപ്രദേശിലാണ് പ്രണയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയാണ് പട്ടികയിലെ തൊട്ടടുത്ത സംസ്ഥാനങ്ങള്‍. പ്രണയപരാജയത്താല്‍ ആത്മഹത്യ ചെയ്തവര്‍, പ്രണയ പരാജയത്തെത്തുടര്‍ന്ന് നടത്തുന്ന കൊലപാതകം, അഭിമാനക്കൊല തുടങ്ങിയവയാണ് പ്രണയവുമായി ബന്ധപ്പെട്ട് നടന്ന മരണങ്ങള്‍. ഇതിനെല്ലാം പുറമെ തട്ടിക്കൊണ്ടുപോകപ്പെട്ട ആയിരക്കണക്കിനാളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ പ്രണയപരാജയങ്ങള്‍ക്കും അനുബന്ധ സംഭവങ്ങള്‍ക്കും പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഇക്കാര്യത്തില്‍ ഗവേഷണം നടത്തുന്ന പ്രൊഫസര്‍ ഉമ ചക്രവര്‍ത്തി പറഞ്ഞു. പ്രണയപരാജയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് പശ്ചിമ ബംഗാളിലാണ്. 15,000 പേരാണ് ഇക്കാലയളവില്‍ ഇവിടെ ആത്മഹത്യ ചെയ്തത്. ലിസ്റ്റില്‍ രണ്ടാമതുള്ള തമിഴ്‌നാട്ടില്‍ 9,405 പേരാണ് ഇതേ കാലയളവില്‍ ആത്മഹത്യ ചെയ്തത്. അസം, ആന്ധ്രപ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആത്മഹത്യയുടെ കാര്യത്തില്‍ തൊട്ടുപിന്നില്‍.