കൊലപാതകം, മർദ്ദനം, ബലാത്സംഗം, കൊള്ള... എല്ലാം ഗോമാതാവിന്റെ നാമത്തിൽ!

ബിജെപിയുടെ ഹിന്ദുത്വ അജണ്ടയിൽ പശുവിന്റെ പങ്ക് വലുതാണ്. ഗോസംരക്ഷണം എന്ന പേരിൽ കൊലപാതകങ്ങളും കൊള്ളയടിയും മർദ്ദനങ്ങളും നിത്യ വാർത്തയാകുകയാണ്. പശുരാഷ്ട്രീയം എത്തി നിൽക്കുന്നതെവിടെ?

കൊലപാതകം, മർദ്ദനം, ബലാത്സംഗം, കൊള്ള... എല്ലാം ഗോമാതാവിന്റെ നാമത്തിൽ!

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും സംഘപരിവാരും തങ്ങളുടെ ഹിന്ദുത്വ അജണ്ട അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിര്‍ത്തിയില്ല. അവർ പശുരാഷ്ട്രീയം ആളിക്കത്തിക്കുന്ന വിധം 'ഗോസംരക്ഷകരെ' പിന്താങ്ങി ഹിന്ദുത്വത്തിനെ പരിപാലിക്കുകയാണ്. 2009 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി ഗോസംരക്ഷണത്തെപ്പറ്റി മാത്രമല്ല, പോത്തിറച്ചിയ്‌ക്കെതിരായും (പിങ്ക് വിപ്ലവം) പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

1940 മുതല്‍ 1973 വരെ ആര്‍എസ്എസ് തലവനായിരുന്ന എം എസ് ഗോല്‍വാല്‍ക്കറിന്റെ ബുദ്ധിയില്‍ വിരിഞ്ഞതായിരുന്നു 1960 ലെ ഗോസംരക്ഷണ പ്രക്ഷോഭം. രാജ്യമൊട്ടാകെ ഗോവധം നിരോധിക്കുന്നതിനായി നിയമം കൊണ്ടു വരണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയമിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ ആ കമ്മിറ്റി നിലനിന്നു. ആ സമയത്ത് കമ്മിറ്റിയിലെ ഒരു അംഗവുമായി ഗോല്‍വാല്‍ക്കര്‍ സൗഹൃദത്തിലായി. 'ഇന്ത്യയുടെ പാല്‍ക്കാരന്‍' എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്‍ ആയിരുന്നു അത്.

സാമ്പത്തികമായ കാരണങ്ങള്‍ കണക്കിലെടുത്ത് ഗോവധനിരോധനത്തിനെ അനുകൂലിച്ചിരുന്നില്ല കുര്യന്‍. തന്റെ ആത്മകഥയില്‍ ഗോല്‍വാല്‍ക്കറിന്റെ ഗോവധനിരോധന പ്രക്ഷോഭത്തിന്റെ യഥാര്‍ഥ കാരണം കുര്യന്‍ പറയുന്നുണ്ട്.

സര്‍ക്കാരിനെ ഒന്ന് അന്ധാളിപ്പിക്കാന്‍ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നു ഗോസംരക്ഷണപ്രക്ഷോഭം എന്നു ഗോല്‍വാല്‍ക്കര്‍ പറഞ്ഞതായി കുര്യന്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് തന്റെ ഹര്‍ജിയ്ക്കുള്ള ഒപ്പുകള്‍ ശേഖരിച്ചിരുന്നു ഗോല്‍വാല്‍ക്കര്‍. ഉത്തര്‍ പ്രദേശിലെ ഒരു സ്ത്രീ പൊരിവെയലത്ത് വീടുകള്‍ തോറും നടന്ന് ഒപ്പ് ശേഖരിക്കുന്ന കാഴ്ചയും കണ്ടു.

'ആ സ്ത്രീ പശുക്കള്‍ക്കു വേണ്ടി ഒപ്പ് ശേഖരിക്കുകയായിരുന്നെന്ന് മനസ്സിലാക്കിയപ്പോഴാണ് പശുവിന്റെ സാധ്യത ഞാന്‍ തിരിച്ചറിഞ്ഞത്. രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ശക്തി പശുവിനുണ്ട് - അത് ഭാരത സംസ്‌കാരത്തിന്റെ ചിഹ്നമാകുന്നു. ഗോവധം നിരോധിക്കാമെന്ന് കമ്മിറ്റിയില്‍ എനിക്കൊപ്പം വാദിക്കുകയാണെങ്കില്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ രാജ്യത്തെ ഒന്നിപ്പിച്ച് കാണിച്ച് തരാമെന്നു ഉറപ്പ് തരാം. ഞാനിതില്‍ അല്പം വാശിക്കാരനാണ്. പശുവിനെ ഉപയോഗിച്ച് ഞാന്‍ ഭാരതീയത പുറത്തു കൊണ്ടു വരാം. എന്നോട് ദയവായി സഹകരിക്കുക' എന്ന് ഗോല്‍വാല്‍ക്കര്‍ പറഞ്ഞതായി കുര്യന്‍ രേഖപ്പെടുത്തുന്നു.

കുറച്ച് ഗോസംരക്ഷകര്‍ കൊള്ളക്കാരായതെങ്ങനെ?

ഗോസംരക്ഷകര്‍ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീംങ്ങളെ ആണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

'അതൊരു കച്ചവടമാണ്. ഗോസംരക്ഷകര്‍ക്ക് പണം വേണം. പണം കൊടുത്താല്‍ അവര്‍ നിങ്ങളെ വെറുതേ വിടും. അല്ലെങ്കില്‍ പണം തട്ടിപ്പറിച്ച് നിങ്ങള്‍ പശുക്കളെ കടത്തിയെന്ന് പൊലീസില്‍ പരാതി കൊടുക്കും,' രാജസ്ഥാനിലെ മാവാതില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന നൂര്‍ മുഹമ്മദ് പറയുന്നു.

2015 ല്‍ രാജസ്ഥാന്‍ കന്നുകാലി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത 73 കേസുകള്‍ വ്യാജമാണെന്ന് കണ്ട് അന്വേഷണം അവസാനിപ്പിച്ചിരുന്നു. 2016 ല്‍ ഇത്തരത്തില്‍ 85 കേസുകളിലെ അന്വേഷണവും അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി വരെ അഞ്ച് കേസുകളും ക്ലോസ് ചെയ്തു.

ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ പശുവിനെ കൊന്നെന്ന പേരില്‍ ഒരാളെ കൊലപ്പെടുത്തി. പതിനൊന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് നരേന്ദ്ര മോദി ഗോസംരക്ഷകരെപ്പറ്റിയുള്ള മിണ്ടാവ്രതം അവസാനിപ്പിച്ചത്.

'ഗോസംരക്ഷണം എന്ന പേരില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത് കാണുമ്പോള്‍ ദേഷ്യം വരുന്നു. കുറേയാളുകള്‍ രാത്രി സാമൂഹ്യവിരുദ്ധ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് പകല്‍ ഗോസംരക്ഷകരായി ചമയുന്നുണ്ട്. ഇങ്ങനെയുള്ള 70, 80 ശതമാനം പേരും സമൂഹം അംഗീകരിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒളിപ്പിക്കാനായി ഗോസംരക്ഷകര്‍ എന്ന് അഭിനയിക്കുകയാണ്,' ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ വച്ച് മോദി പറഞ്ഞു.

ബിജെപിയുടെ പശുരാഷ്ട്രീയം അധികാരത്തില്‍ വന്നതിനു ശേഷവും – നാൾവഴികൾ

മാര്‍ച്ച് 4, 2015: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ബീഫ് കൈവശം വച്ചാല്‍ അഞ്ച് വര്‍ഷം ജയിലും 10000 രൂപ പിഴയും. 1976 ലെ നിയമം അനുസരിച്ച് മഹാരാഷ്ടയില്‍ ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും പുതിയ നിയമത്തില്‍ കാളകളേയും ഉള്‍പ്പെടുത്തി.

മാര്‍ച്ച് 16, 2015: ബീഫ് വില്പന നിരോധിച്ചുകൊണ്ട് ഹരിയാനയില്‍ നിയമം പാസാക്കി. ബീഫ് വിറ്റാല്‍ അഞ്ച് വര്‍ഷം തടവും 50000 രൂപ വരെ പിഴയും.

മെയ് 30, 2015: രാജസ്ഥാനിലെ ബിര്‍ലോകയില്‍ ഒരു ആഘോഷത്തിനായി 200 പശുക്കളെ കൊന്നുവെന്ന കിംവദന്തി കേട്ട് അബ്ദുള്‍ ഗാഫര്‍ ഖുറൈഷി എന്നയാളെ കൊലപ്പെടുത്തി.

ഓഗസ്റ്റ് 29, 2015: ഡല്‍ഹിയിലെ ചില്ല ഗ്രാമത്തില്‍ പോത്തുകളെ കടത്തുകയാണെന്ന് ആരോപിച്ച് നാല് ട്രക്ക് ഡ്രൈവര്‍മാരുമായി നാട്ടുകാര്‍ ലഹള കൂടി.

സെപ്റ്റംബര്‍ 28, 2015: ദാദ്രിയില്‍ ഈദിന് പശുവിനെ കൊന്നെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്നയാളെ ഒരു വിഭാഗം സംഘം ചേർന്ന് കൊലപ്പെടുത്തി.

ഒക്ടോബര്‍ 1, 2015: തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് ആറ് വിദ്യാര്‍ഥികളെ സസ്പന്റ് ചെയ്തു.

ഒക്ടോബര്‍ 6, 2015: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആക്രമിക്കാന്‍ തുടങ്ങിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരില്‍ നിന്നും കര്‍ണാടകയിലെ ഒരു വ്യാപാരി കഷ്ടിച്ച് രക്ഷപ്പെട്ടു.

ഒക്ടോബര്‍ 9, 2015: ഉത്തര്‍ പ്രദേശിലെ മെയില്‍പുരി ജില്ലയില്‍ പശുവിനെ അറുത്തുവെന്ന അഭ്യൂഹത്തില്‍ ഒരു കൂട്ടം ആളുകള്‍ കലാപത്തിനൊരുങ്ങി.

ഒക്ടോബര്‍ 16, 2015: ഹിമാചല്‍ പ്രദേശില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഒരാളെ മര്‍ദ്ദിച്ചു.

ഒക്ടോബര്‍ 19, 2015: ഡല്‍ഹിയില്‍ ജമ്മു കഷ്മീര്‍ എംഎല്‍ഏ റഷീദിന് നേരെ കറുത്ത മഷിയൊഴിച്ചു. ശ്രീനഗറില്‍ ബീഫ് പാര്‍ട്ടി നടത്തിയതിനായിരുന്നു മഷിയൊഴിക്കല്‍.

ഡിസംബര്‍ 3, 2015: ഹരിയാനയിലെ പാല്‍വാളില്‍ പശുവിറച്ചി കൊണ്ടുപോകുന്ന ട്രക്ക് തടഞ്ഞെന്ന വാര്‍ത്തയെ തുടർന്ന് കലാപം.

ജനുവരി 13, 2016: മധ്യപ്രദേശിലെ ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ ബീഫ് കൈവശം വച്ചുവെന്ന് കുറ്റപ്പെടുത്തി ഗോസംരക്ഷകര്‍ ദമ്പതികളെ ആക്രമിച്ചു.

മാര്‍ച്ച് 18, 2016: ഝാര്‍ഖണ്ഡില്‍ ഗോസംരക്ഷകര്‍ രണ്ട് മുസ്ലീം പശു വ്യാപാരികളെ മര്‍ദ്ദിച്ചു.

ഏപ്രില്‍ 2, 2016: ഹരിയാനയിലെ കുരുക്ഷേത്രയില്‍ മുസ്‌തൈന്‍ അബ്ബാസ് കൊല്ലപ്പെട്ടു. പോത്തിനെ കൊണ്ടുപോകുന്ന വഴിയ്ക്ക് ഗോസംരക്ഷകരാണ് കൊന്നതെന്ന് പറയപ്പെടുന്നു.

മെയ് 6, 2016: ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. പക്ഷേ, ഗോവധം കുറ്റകരമാക്കി നിലനിര്‍ത്തി.

ജൂണ്‍ 2, 2016: രാജസ്ഥാനിലെ പ്രതാപ്ഗഢില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ഒരു ആള്‍ക്കൂട്ടം ചിലരെ മര്‍ദ്ദിച്ചു ബോധം കെടുത്തിയശേഷം നഗ്നരാക്കി ഫോട്ടോയെടുത്തു.

ജൂണ്‍ 10, 2016: ഹരിയാനയില്‍ ബീഫ് കൊണ്ടുപോകുകയായിരുന്ന രണ്ട് പേരെ മര്‍ദ്ദിയ്ക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തു.

ജൂലൈ 10, 2016: കര്‍ണാടകയിലെ കൊപ്പയില്‍ ഒരു ദളിത് കുടുംബത്തിനെ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

ജൂലൈ 11, 2016: ഗുജറാത്തിലെ ഗിര്‍ സോംനാഥ് ജില്ലയില്‍ 35 ഗോരക്ഷകര്‍ ചേര്‍ന്ന് ഒരു ദളിത് കുടുംബത്തിലെ ഏഴ് പേരെ മര്‍ദ്ദിച്ചു. ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിനായിരുന്നു അത്.

ജൂലൈ 26, 2016: മധ്യപ്രദേശില്‍ രണ്ട് മുസ്ലീം സ്ത്രീകളെ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു.

ജൂലൈ 30, 2016: യുപി മുസാഫര്‍നഗറില്‍ പശുവിനെ അറുത്തെന്ന പേരില്‍ ഒരു മുസ്ലീം കുടുംബത്തിനെ ആക്രമിച്ചു.

ഓഗസ്റ്റ് 5, 2016: ലഖ്‌നൗവില്‍ ചത്ത പശുവിനെ കൊണ്ടുപോകാന്‍ വിസമ്മതിച്ചതിന് രണ്ട് ദളിതരെ മര്‍ദ്ദിച്ചു. അത് വലിയ ദളിത് പ്രക്ഷോഭത്തിന് തിരി കൊളുത്തി.

ഓഗസ്റ്റ് 18, 2016: കര്‍ണാടക ഉടുപ്പിയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ പൂജാരി എന്നയാളെ കൊലപ്പെടുത്തി.

ഓഗസ്റ്റ് 24, 2016: ഹരിയാനയിലെ മാവാതില്‍ പത്ത് ഗോരക്ഷകര്‍ ചേര്‍ന്ന് മുസ്ലീം ദമ്പതികളെ കൊന്നു. അതേ കുടുംബത്തിലെ രണ്ട് പേരെ മാരകമായി മുറിപ്പെടുത്തി. 21 വയസ്സുള്ള യുവതിയേയും 16 വയസ്സുള്ള ബാലികയേയും ബലാത്സംഗം ചെയ്തു. ബീഫ് കഴിച്ചു എന്നായിരുന്നു കുറ്റം.

സെപ്റ്റംബര്‍ 18, 2016: കാളകളെ കൊണ്ടുപോകുകയായിരുന്ന ട്രക്ക് മറിഞ്ഞ് ഒരു കാളക്കുട്ടി ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ആയ മുഹമ്മദ് അയൂബിനെ തല്ലിക്കൊന്നു.

മാര്‍ച്ച് 18, 2017: ജയ്പൂരിലെ ഹോട്ടല്‍ ഹയാത് റബ്ബാനിയില്‍ പാര്‍ട്ടിയില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് പൂട്ടിച്ചു.

മാര്‍ച്ച് 22, 2017: ബിജെപി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍ പ്രദേശിലെ അറവുശാലകള്‍ ഗോരക്ഷകര്‍ തല്ലിത്തകര്‍ത്തു.

മാര്‍ച്ച് 24, 2017: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം 12 അറവുശാലകള്‍ പൂട്ടി.

ഏപ്രില്‍ 1, 2017: പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഘഡ് മുഖ്യമന്ത്രി രമണ്‍ സിംങ് പറഞ്ഞു.