ബിജെപി എംപി ബലാത്സംഗം ചെയ്തതായി ഡല്‍ഹി സ്വദേശിനിയായ അഭിഭാഷക; ഹണി ട്രാപ്പെന്ന് എംപി

ഗുജറാത്തിലെ വല്‍സാദ്മണ്ഡലത്തില്‍ നിന്നുള്ള കെ സി പട്ടേലിനെതിരെയാണ് ബലാത്സംഗ ആരോപണവുമായി അഭിഭാഷക പൊലീസിനെ സമീപിച്ചത്.

ബിജെപി എംപി ബലാത്സംഗം ചെയ്തതായി ഡല്‍ഹി സ്വദേശിനിയായ അഭിഭാഷക; ഹണി ട്രാപ്പെന്ന് എംപി

ഗുജറാത്തില്‍ നിന്നുള്ള ലോക്‌സഭാംഗത്തിനെതിരെ ബലാത്സംഗ ആരോപണവുമായി ഡല്‍ഹി സ്വദേശിനിയായ അഭിഭാഷക രംഗത്ത്. എന്നാല്‍ അഭിഭാഷകയുടെ നേതൃത്വത്തില്‍ തന്നെ ഹണി ട്രാപ്പില്‍ കുടുക്കുകയാരുന്നെന്ന് എം പി ആരോപിച്ചു. വല്‍സാദ് മണ്ഡലത്തില്‍ നിന്നുള്ള കെ സി പട്ടേലിനെതിരെയാണ് ബലാത്സംഗ ആരോപണവുമായി അഭിഭാഷക പൊലീസിനെ സമീപിച്ചത്.

പരാതി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയ എംപി, തന്നെ ഹണി ട്രാപ്പിന് വിധേയമാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി ആരോപിച്ചു. പരാതിയില്‍ പൊലീസ് നടപടിയുണ്ടാകാതെ വന്നതിനെത്തുടര്‍ന്നു യുവതി കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കേസെടുക്കാനാവശ്യപ്പെട്ട കോടതി എന്തുകൊണ്ടാണ് എഫ്‌ഐആര്‍ തയ്യാറാക്കാതിരുന്നതെന്നും ചോദിച്ചു. ആരോപണങ്ങളില്‍ വാസ്തവമില്ലെന്നു പറഞ്ഞ പട്ടേല്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കി.

അഭിഭാഷക, മറ്റ് ചിലരുടെ സഹായത്തോടെ തന്നെ ഹണി ട്രാപ്പില്‍ പെടുത്തി നഗ്ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം പണമാവശ്യപ്പെടുകയായിരുന്നെന്ന് എംപി പറഞ്ഞതായി പൊലീസും മാധ്യമങ്ങളെ അറിയിച്ചു. മറ്റ് ചില എംപിമാരെയും അഭിഭാഷക സമാനമായ രീതിയില്‍ കുടുക്കിയിട്ടുണ്ടെന്ന് പട്ടേല്‍ ആരോപിച്ചു. ഇദ്ദേഹത്തെ മൊഴി നല്‍കാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.