'ഇവളും എന്റെ മകളെപ്പോലെ'; കല്ലേറില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ രക്ഷിക്കാനായി ക്യാമറ വലിച്ചെറിഞ്ഞ് ഫോട്ടോഗ്രാഫര്‍

ശ്രീനഗറില്‍ സുരക്ഷാ സൈന്യത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ സമരം കവര്‍ ചെയ്യാനെത്തിയതായിരുന്നു ദര്‍ യാസിന്‍. ക്യാമറക്കണ്ണുകള്‍ കൂര്‍പ്പിച്ച് വെച്ച് നില്‍ക്കുന്നതിനിടെയാണ് കല്ലേറ് കൊണ്ട് ഒരു പെണ്‍കുട്ടി നിലത്ത് വീഴുന്നത് ഇദ്ദേഹം കാണുന്നത്

ഇവളും എന്റെ മകളെപ്പോലെ; കല്ലേറില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ രക്ഷിക്കാനായി ക്യാമറ വലിച്ചെറിഞ്ഞ് ഫോട്ടോഗ്രാഫര്‍

ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളാണ് ഏറ്റവും പ്രധാനം. അത് ഏതു സമയത്തും വരാം. പ്രതീക്ഷിക്കാത്ത സമയത്താകും മനോഹരമായ ചിത്രങ്ങള്‍ ലഭിക്കുക. അതുകൊണ്ട് തന്നെ ക്യാമറയുമായി ജോലിക്കിറങ്ങുമ്പോള്‍ അതിന്റെ ലെന്‍സിലൂടെ മാത്രമേ സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ ലോകം കാണാറുള്ളു. എന്നാല്‍ പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി ക്യാമറ വലിച്ചെറിഞ്ഞ ഒരു ഫോട്ടാഗ്രാഫറെ അറിയാം.

പാക്കിസ്ഥാന്‍ സ്വദേശിയായ ദര്‍ യാസിനാണ് ജോലി മറന്ന് മനുഷ്യത്വത്തിനായി നിലകൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. ശ്രീനഗറില്‍ സുരക്ഷാ സൈന്യത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ സമരം കവര്‍ ചെയ്യാനെത്തിയതായിരുന്നു ദര്‍ യാസിന്‍. ക്യാമറക്കണ്ണുകള്‍ കൂര്‍പ്പിച്ച് വെച്ച് നില്‍ക്കുന്നതിനിടെയാണ് കല്ലേറ് കൊണ്ട് ഒരു പെണ്‍കുട്ടി നിലത്ത് വീഴുന്നത് ദര്‍ കാണുന്നത്. തലക്ക് കല്ലുകൊണ്ട് ചോരയൊഴുകി നിലത്തുവീണ കുശ്ബു ജാന്‍ എന്ന പന്ത്രണ്ടാം ക്ലാസുകാരിക്കരികിലേക്ക് ക്യാമറ നിലത്തേക്കെറിഞ്ഞ് ദാര്‍ കുതിച്ചെത്തി. സമീപത്തുണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായി നിന്നപ്പോള്‍ പെണ്‍കുട്ടിയെ കൈകളില്‍ കോരിയെടുത്ത് ദര്‍ ആശുപത്രിയിലേക്ക് പോകാനുള്ള വാഹനത്തിനായി ഓടുകയായിരുന്നു.

ജോലിയെക്കാളും വലുതാണ് മനുഷ്യത്വമെന്ന് തെളിയിക്കുന്ന ദാര്‍ യാസിമിന്റെ പ്രവര്‍ത്തിയുടെ ചിത്രങ്ങള്‍ പതിഞ്ഞത് മറ്റൊരു ഫോട്ടോഗ്രാഫറായ ഫൈസല്‍ ഖാന്റെ ക്യാമറയിലാണ്. ചിത്രങ്ങള്‍ വൈറലായതോടെ ഇദ്ദേഹത്തെ ജനം അഭിനന്ദനം കൊണ്ട് മൂടുകയാണ്. ''എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. അതിലൊരാള്‍ പോലെയാണ് എനിക്ക് കുശ്ബു. നിങ്ങളൊരു പിതാവാണെങ്കില്‍ ഒരു കുട്ടി അപകടത്തില്‍പ്പെടുമ്പോള്‍ നോക്കിനില്‍ക്കാനാവില്ല'' ദാര്‍ യാസിന്‍ പറയുന്നു.

കഴിഞ്ഞ 15 വര്‍ഷമായി പ്രസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന 43കാരനായ ദാറിന് ഫോട്ടോഗ്രഫിക്ക് 15 ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അതിവേഗം സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. താനല്ല ജോലിക്കിടെ ഇത്തരം കാര്യങ്ങള്‍ ചെയ്ത ആദ്യ ഫോട്ടോഗ്രാഫറെന്നാണ് വിനയത്തോടെ ദാര്‍ യാസിന്‍ പറയുന്നത്.