ആരായിരുന്നു രാം ജഠ്മലാനി ?

നീതിമാനായ അഭിഭാഷകനല്ല മറിച്ച് നിയമങ്ങളെ വളച്ചൊടിക്കാന്‍ സമര്‍ത്ഥനായ ക്രിമിനല്‍ അഭിഭാഷകനായിരുന്നു രാം ജഠ്മലാനി

ആരായിരുന്നു രാം ജഠ്മലാനി ?

ആരായിരുന്നു രാം ജഠ്മലാനി ? ഇദ്ദേഹമൊരു ഇന്ദിരാ വിരുദ്ധനും കോണ്‍ഗ്രസ്സ് വിരുദ്ധനുമായിരുന്നു. അതിലുപരി തനിക്ക് എന്ത് പ്രയോജനം കിട്ടുമെന്ന് നോക്കി കാര്യങ്ങളെ തന്റെ വശത്താക്കാന്‍ മിടുക്കുള്ളയാള്‍. ഡല്‍ഹിയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത് 'ജൂഠ്മലാനി' എന്നാണ്. സീസണ്‍ഡ് ലോയര്‍ എന്നൊരു വിശേഷണവും ഇദ്ദേഹത്തിനുണ്ട്.

വാജ്‌പേയ് മന്ത്രിസഭയില്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് മന്ത്രിയായിരുന്നു മലാനി. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വാജ്‌പേയ്‌ക്കെതിരെ തിരിഞ്ഞ ജഠ്മലാനി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. വാജ്‌പേയ്‌ക്കെതിരെ ലക്‌നൗവ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തു. കൂടാതെ തെഹല്‍ക്ക കേസില്‍ ജസ്റ്റിസ് വെങ്കിട്‌സ്വാമി കമ്മീഷനില്‍ വാജ്‌പേയ്‌ക്കെതിരെ നിലപാടെടുക്കാനും മടിച്ചില്ല. അദ്ദേഹത്തോടുള്ള ശത്രുത ജഠ്മലാനി പരസ്യമായി തന്നെ പ്രകടിപ്പിച്ചു.

ഗുജറാത്ത് കൂട്ടക്കൊലയില്‍ നരേന്ദ്ര മോദിയെ സഹായിച്ച ജഠ്മലാനി ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും മോദിയെ കുറ്റവിമുക്തനാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കൊപ്പം മോദിയുടെ ലീഗല്‍ ടീം തലവനായും മലാനി പ്രവര്‍ത്തിച്ചു. പിന്നീട് നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ തന്റെ മകനും മുതിര്‍ന്ന ബിജെപി നേതാവുമായ മഹേഷ് ജഠ്മലാനിയെ മന്ത്രിയാക്കുമെന്നായിരുന്നു ജഠ്മലാനി കരുതിയത്. അത് നടക്കാതെ വന്നപ്പോള്‍ മോദിയ്‌ക്കെതിരെയും തിരിഞ്ഞു. ഷൊറാബുദ്ദീന്‍ ഷെയ്ക്ക് 'ഏറ്റുമുട്ടല്‍ കേസില്‍' നിന്ന് അമിത് ഷായെ രക്ഷിച്ചതും ജഠ്മലാനി തന്നെയാണ്.

നീതിമാനായ അഭിഭാഷകനല്ല മറിച്ച് നിയമങ്ങളെ വളച്ചൊടിക്കാന്‍ സമര്‍ത്ഥനായ ക്രിമിനല്‍ അഭിഷാകനായിരുന്നു രാം ജഠ്മലാനി. ഏത് ജഡ്ജിമാരോടും തര്‍ക്കിക്കുകയെന്നതും ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പണത്തേക്കാള്‍ പ്രശസ്തിയോടായിരുന്നു ജഠ്മലാനിയ്ക്ക് പ്രിയം. ജഠ്മലാനി വാദിച്ച കേസുകളില്‍ ഏറെയും പ്രതിഭാഗത്തിന് വേണ്ടിയുള്ളതായിരുന്നു. ഇന്ദിരാ ഗാന്ധി വധക്കേസ്, ബോഫോഴ്‌സ് അഴിമതി എന്നിവ ഉദാഹരണങ്ങളാണ്.

റെഡ്ഡി സഹോദരങ്ങള്‍ക്കെതിരായ അഴിമതി കേസില്‍ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ മലാനി ഡല്‍ഹിയിലേക്ക് വന്നിരുന്നത് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലായിരുന്നു. നിരവധി കള്ളക്കടത്തുകാരെയാണ് ജഠ്മലാനി നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിച്ചിട്ടുള്ളത്. അതേസമയം അരുണ്‍ ജെയ്റ്റിലി നല്‍കിയ അപകീര്‍ത്തി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി വാദിച്ച മലാനി അവസാനം അദ്ദേഹത്തെ കുഴിയില്‍ ചാടിക്കുകയും ചെയ്തു.

അവസരത്തിനൊത്ത് ബിജെപിയ്‌ക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും നിന്ന ജഠ്മലാനിയുടെ അവസാന നാളുകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. രണ്ട് ഭാര്യമാരും നാല് മക്കളും അടങ്ങുന്ന കുടുംബമാണ് ജഠ്മലാനിയുടേത്. മക്കളില്‍ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും സുപ്രീംകോടതി അഭിഭാഷകരായിരുന്നു. സോഷ്യല്‍ ആക്ടിവിസ്റ്റായിരുന്ന റാണി നേരത്തെ മരണപ്പെട്ടിരുന്നു.

Story by