ആരോഗ്യത്തില്‍ കേരളം ഒന്നാമത്, ആദിത്യനാഥിന്റെ യു.പി ഏറ്റവും പിന്നില്‍

കേരളത്തില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.77 വര്‍ഷമാണ്. എന്നാലതേസമയം ഉത്തര്‍ പ്രദേശില്‍ അത് കേവലം 66.8 വര്‍ഷം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ ഉത്തര്‍ പ്രദേശ് ഇക്കാര്യത്തില്‍ പിന്നിലാണ്. ദേശീയ ശരാശരി 70.3 വര്‍ഷമാണ്.

ആരോഗ്യത്തില്‍ കേരളം ഒന്നാമത്, ആദിത്യനാഥിന്റെ യു.പി ഏറ്റവും പിന്നില്‍

ആരോഗ്യരംഗത്ത് കേരളം ഇന്ത്യയില്‍ ഏറ്റവും ഒന്നാമത്. ഈ ഹെല്‍ത്ത് റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കിയിരിക്കുന്നത് വേറാരുമല്ല, ആരോഗ്യരംഗത്ത് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്ത മെഡിക്കല്‍ ജേണലായ 'ലാന്‍സെറ്റ്' ആണ് ഇത് പറഞ്ഞിരിക്കുന്നത്. ആരോഗ്യരംഗത്ത് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശും അസമും. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലാണെന്നും അതേസമയം കേരളം ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലാണെന്നും പഠനം വ്യക്തമാക്കുന്നു.

രാജ്യത്തെ മൊത്തം ആയുര്‍ദൈര്‍ഘ്യത്തില്‍ പത്ത് വര്‍ഷത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിലും കേരളം ഏറ്റവും മുന്നിലായാണ് സ്ഥിതി ചെയ്യുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.77 വര്‍ഷമാണ്. എന്നാലതേസമയം ഉത്തര്‍ പ്രദേശില്‍ അത് കേവലം 66.8 വര്‍ഷം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ ഉത്തര്‍ പ്രദേശ് ഇക്കാര്യത്തില്‍ പിന്നിലാണ്. ദേശീയ ശരാശരി 70.3 വര്‍ഷമാണ്. നാലുവര്‍ഷത്തിന്റെ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ദേശീയ ശരാശരിയും ഉത്തര്‍ പ്രദേശിലെ ശരാശരിയുമ തമ്മിലുള്ള അന്തരം. അതേസമയം കേരളം ദേശീയ ശരാശരിയേക്കാള്‍ 8 വര്‍ഷം മുന്നിലുമാണ്.

പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യത്തിലും മുന്നില്‍ കേരളം തന്നെ. ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് അസം ആണ്. കേരളത്തില്‍ അത് 73.8 വര്‍ഷമാണെങ്കില്‍ അസമില്‍ 63.6 വര്‍ഷം മാത്രം.

1990 മുതലുള്ള ഇന്ത്യയിലെ ആരോഗ്യ പ്രവണതകള്‍ മുന്‍ നിര്‍ത്തിയാണ് ലാന്‍സെറ്റ് ജേണലിലെ പഠനം നടന്നിരിക്കുന്നത്. ആയുര്‍ദൈര്‍ഘ്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും കേരളം അതില്‍ മികച്ച മാതൃകയാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും പഠനം അഭിപ്രായപ്പെടുന്നു. വികസനകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ കേരളത്തെ അപേക്ഷിച്ച് അഞ്ചുവയസില്‍ താഴെയുള്ളവര്‍ മരിക്കുന്നതിന്റെ എണ്ണം ഉത്തര്‍പ്രദേശിലും അസമിലും നാലിരട്ടിയാണ്. പോഷകക്കുറവ് വെല്ലുവിളിയായി തുടരുന്നു. കേരളത്തില്‍ അത് ഏറ്റവും കുറവാണെന്നുമാത്രം.

''ആരോഗ്യ സംബന്ധമായ പഠനം കാണിക്കുന്നത്, ഇന്ത്യയിലെ സംസ്ഥാനങ്ങല്‍ വ്യത്യസ്ത തലങ്ങളിലാണ് നില്‍ക്കുന്നത് എന്നാണ്. വ്യത്യസ്ത രോഗങ്ങള്‍ക്കും അവയുടെ കാരണങ്ങള്‍ക്കും എതിരെ എടുക്കുന്ന നടപടികളുടെയും ജാഗ്രതയുടെയും വ്യത്യസ്ത തോതുകളും അസമത്വവുമാണ് ഇത്രയേറെ വൈരുദ്ധ്യം സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ കാരണം.'' റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ 'സ്വച്ച് ഭാരത്' പദ്ധതി കൊണ്ട് വലിയ ഗുണമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വച്ച് ഭാരത് കൊണ്ട് മലിന ജലത്തിന്റെ ഉപയോഗവും ശുചിത്വപരിപാലനത്തിലും മെച്ചമുണ്ടായിട്ടുണ്ട്. എന്നാലത് പര്യാപ്തമായ അളവിലല്ല എന്നാണ് റിപ്പോര്‍ട്ടില് പറയുന്നത്.


Read More >>