പാക്കിസ്താനില്‍ ബോംബിട്ട് ഗുല്‍ഭൂഷണ്‍ ജാധവിനെ മോചിപ്പിക്കുക: പ്രവീണ്‍ തൊഗാഡിയ

ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മാതൃകയാക്കാമെന്നും തൊഗാഡിയ പറഞ്ഞു

പാക്കിസ്താനില്‍ ബോംബിട്ട് ഗുല്‍ഭൂഷണ്‍ ജാധവിനെ മോചിപ്പിക്കുക: പ്രവീണ്‍ തൊഗാഡിയ

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവികസേനാംഗം ഗുല്‍ഭൂഷണ്‍ ജാധവിനെ മോചിപ്പിക്കാന്‍ പാക്കിസ്താനില്‍ ബോംബിടണമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഇതിനായി അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം ബോംബിട്ട ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ മാതൃകയാക്കാമെന്നും തൊഗാഡിയ പറഞ്ഞു.

''എന്തുകൊണ്ടാണ് അമേരിക്ക തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് ട്രംപ് അഫ്ഗാനിസ്ഥാനിലെ നടപടിയിലൂടെ കാണിച്ചുതന്നു. അമേരിക്കയില്‍ നിന്ന് 10,0000 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്താണ് ഈ ദൗത്യം നിര്‍വഹിച്ചത്. വെറും 800 കിലോമീറ്റര്‍ മാത്രം ദൂരമുള്ള പാക്കിസ്താനില്‍ ഇതേ മാതൃകയില്‍ ബോംബിട്ട് ഗുല്‍ഭൂഷണെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറാകണം'' ജംഷഡ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ തൊഗാഡിയ പറഞ്ഞു.

സുരക്ഷാ സെന്യവുമായി യുദ്ധപ്രഖ്യാപനം നടത്തിയിട്ടുള്ള കശ്മീരിലെ ഭീകരവാദികളെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ ഉചിതമായ നടപടികളെടുത്തില്ലെങ്കില്‍ ഈ പ്രവണത മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി ജാര്‍ഖണ്ഡില്‍ മൂന്ന് ദിവസ സന്ദര്‍ശനത്തിലാണ് തൊഗാഡിയ. ഇദ്ദേഹത്തിന്റെ വരവോടെ സാമുദായിക കലാപത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.