കുൽഭൂഷൺ ജാദവ് കേസിലെ വിധിയെ സ്വാഗതം ചെയ്തു നേതാക്കൾ; രാജ്യം ആഹ്ളാദത്തിൽ

കുൽഭൂഷൺ ജാദവ് കേസിലെ വിധിയെ എല്ലാ നേതാക്കളും ആഹ്ലാദത്തോടെയാണ് എതിരേറ്റത്. പാക്കിസ്ഥാനുമേൽ ഇന്ത്യ നേടിയ നയതന്ത്ര വിജയമായാണ് എല്ലാവരും അന്താരാഷ്‌ട്ര നീതിന്യായകോടതിയുടെ പാക്കിസ്ഥാനെതിരായ വിധിയെ നോക്കിക്കാണുന്നത്

കുൽഭൂഷൺ ജാദവ് കേസിലെ വിധിയെ സ്വാഗതം ചെയ്തു നേതാക്കൾ; രാജ്യം ആഹ്ളാദത്തിൽ

കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യക്കനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും വന്ന വിധിയെ സ്വാഗതം ചെയ്ത് നേതാക്കൾ. ഡൽഹിയടക്കമുള്ള പ്രധാന നഗരങ്ങളിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജനങ്ങളും ആഘോഷത്തിലാണ്.


അന്താരാഷ്ട്ര കോടതി വിധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഹരീഷ് സാല്‍വെ അടക്കം കേസിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.

ഇന്ത്യയ്ക്ക് അന്താരാഷ്ടര രംഗത്തുണ്ടായ വലിയ വിജയമാണ് അന്താരാഷ്ട്ര കോടതിയുടെ ഇപ്പോഴത്തെ വിധിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്‍ണി പറഞ്ഞു. കുൽഭൂഷൺ ജാദവിനെതിരായ പാക്കിസ്ഥാൻ പട്ടാള കോടതി വിധി ഏകപക്ഷീയവും ക്രൂരവുമായിരുന്നെന്ന് ഈ കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും കീഴ്‌വക്കങ്ങളുടെയും ലംഘനം നടത്തിയ പാകിസ്താന്റെ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ് വിധിയെന്നും എ.കെ ആന്റണി വിശദമാക്കി.

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ജാദവിന്റെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ചു. ഇന്ത്യയ്ക്കായി കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കുല്‍ഭൂഷന്‍ യാദവിനെ മോചിപ്പിക്കുന്നതിന് സർക്കാർ ഏതറ്റം വരെയും പോകുമെന്നും സുഷമ പറഞ്ഞു.