ബിജെപി ആരോപണങ്ങള്‍ ശരിവെച്ച് ലാലു; ഭാര്യയ്ക്കും മക്കള്‍ക്കുമായി പട്‌നയില്‍ 750 കോടിയുടെ സ്ഥലമുണ്ടെന്ന് കുറ്റസമ്മതം

റെയില്‍വേ മന്ത്രിയായിരുന്ന ലാലു 2005 ഫെബ്രുവരി 25ന് ഹര്‍ഷ് കൊച്ചാര്‍ എന്ന ബിസിനസുകാരന് റാഞ്ചിയിലും പുരിയിലും ഹോട്ടലുകള്‍ ആരംഭിക്കാന്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് പ്രധാന ആരോപണം. ഇതിന് പ്രത്യുപകാരമായി പട്‌നയിലെ സഗുണ മോര്‍ എന്ന സ്ഥലത്ത് ഹര്‍ഷ് കൊച്ചാര്‍ രണ്ടേക്കര്‍ സ്ഥലം ഡിലൈറ്റ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ആരോപിക്കുന്നു

ബിജെപി ആരോപണങ്ങള്‍ ശരിവെച്ച് ലാലു; ഭാര്യയ്ക്കും മക്കള്‍ക്കുമായി പട്‌നയില്‍ 750 കോടിയുടെ സ്ഥലമുണ്ടെന്ന് കുറ്റസമ്മതം

കഴിഞ്ഞ അഞ്ച് ദിവസത്തെ മൗനത്തിന് ശേഷം തനിക്കും കുടുംബത്തിനും നേരെയുള്ള ആരോപണത്തിന് മറുപടിയുമായി ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്തെത്തി. ഭാര്യ റാബ്‌റി ദേവിയുടേയും രണ്ട് മക്കളുടേയും പേരില്‍ 750 കോടി രൂപ വില വരുന്ന സ്ഥലമുണ്ടെന്ന് ലാലു സമ്മതിച്ചു. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ഉയര്‍ത്തിയ ആരോപണമാണ് ലാലു ഇതോടെ സമ്മതിച്ചത്.

അഞ്ച് തവണ രാജ്യസഭാംഗമായ തന്റെ അടുത്ത സുഹൃത്തും ഡിലൈറ്റ് മാര്‍ക്കറ്റിംഗ് കമ്പനി ഉടമയുമായ പ്രേം ഗുപ്തയാണ് ഈ സ്ഥലം 2015ല്‍ വാങ്ങിയത്. എന്നാല്‍ 2008ല്‍ കമ്പനിയുടെ ഷെയറുകള്‍ ഭാര്യ റാബ്‌റി ദേവി വാങ്ങുകയായിരുന്നെന്ന് ലാലു പറഞ്ഞു. ഈ സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പിന്നീട് തീരുമാനിച്ചതിനെത്തുടര്‍ന്ന് മെറിഡിയന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയതായും ലാലു പറഞ്ഞു.

''എന്റെ കുടുംബത്തിന് ഈ സ്ഥലത്ത് നിര്‍മിക്കുന്ന മാളിന്റെ 50 ശതമാനം ഓഹരികളാണ് ലഭിക്കുക. ബാക്കി 50 ശതമാനം മെറിഡിയന്‍ കണ്‍സ്ട്രക്ഷനുള്ളതാണ്'' ലാലു പറഞ്ഞു. മാള്‍ നിര്‍മിക്കുന്ന കമ്പനിയായ ലാറ പ്രോജക്ട്‌സില്‍ ഭാര്യയ്ക്കും മന്ത്രിമാരായ മക്കള്‍ തേജ് പ്രതാപിനും തേജസ്വി യാദവിനും ഓഹരികളുള്ളതായും ലാലു സമ്മതിച്ചു. 2005ല്‍ താന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന സമയത്ത് ഹോട്ടല്‍ ബിസിനസുകാരന്‍ ഹര്‍ഷ് കൊച്ചാറിനെ സഹായിച്ചതിന്റെ പ്രതിഫലമായിട്ടാണ് ഈ സ്ഥലം ലഭിച്ചതെന്ന ആരോപണം ലാലു നിഷേധിച്ചു.

അതേസമയം സ്ഥലം കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ''വിവാദം മാത്രം കാണുന്നവര്‍ എല്ലാക്കാര്യത്തിലും വിവാദം കാണും. ഡിലൈറ്റ് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്ന് ഓഹരികള്‍ വാങ്ങിയത് നിയമവിധേയമായാണ്'' ലാലു പറഞ്ഞു. ലാലുവിനും കുടുംബത്തിനുമെതിരെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ആരോപണവുമായി രംഗത്തുവന്നതോടെയാണ് സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ലാലുവും കുടുംബവും പട്‌നയില്‍ നിയമവിരുദ്ധമായി സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അവിടെ 500 കോടി രൂപ മുടക്കുമുതലില്‍ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുകയാണെന്നുമാണ് സുശീല്‍ കുമാര്‍ ആരോപിച്ചത്. ബിനാമി പേരില്‍ ലാലു പട്‌നയില്‍ 950 കോടി രൂപ വിലവരുന്ന ഭൂമി വാങ്ങിയതായാണ് സുശീല്‍ കുമാര്‍ ആരോപണമുന്നയിച്ചത്. ഈ സ്ഥലത്ത് മാള്‍ നിര്‍മിക്കാനായി ലാലുവിന്റെ മകന്‍ തേജ് പ്രതാപ് ഒരു കമ്പനിയുമായി ധാരണയിലെത്തിയതായും അദ്ദേഹം ആരോപിച്ചിരുന്നു.

ലാലുവിനും കുടുംബത്തിനുമെതിരേയുള്ള പ്രധാന ആരോപണങ്ങള്‍

1) 2005 ഫെബ്രുവരി 25ന് റെയില്‍വേ മന്ത്രിയായിരുന്ന ലാലു ഹര്‍ഷ് കൊച്ചാര്‍ എന്ന ബിസിനസുകാരന് റാഞ്ചിയിലും പുരിയിലും ഹോട്ടലുകള്‍ ആരംഭിക്കാന്‍ വഴിവിട്ട സഹായം നല്‍കി.

2) ഇതിന് പ്രത്യുപകാരമായി പട്‌നയിലെ സഗുണ മോര്‍ എന്ന സ്ഥലത്ത് ഹര്‍ഷ് കൊച്ചാര്‍ രണ്ടേക്കര്‍ സ്ഥലം ഡിലൈറ്റ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഇത് ലാലുവിന്റെ ബിനാമി കമ്പനിയാണെന്നാണ് ആരോപണം.

3) 2010-11 കാലഘട്ടത്തില്‍ ലാലുവിന്റെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി ഡിലൈറ്റ് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ഓഹരിയുടമകളായി. ആദ്യം റാബ്‌റി ദേവി, പിന്നീട് മക്കളായ തേജ് പ്രതാപ്, തേജസ്വി, ചന്ദ്ര, രാഗിണി എന്നിവരാണ് ഓഹരിയുടമകളായത്.

4) 2014ല്‍ തേജസ്വി, തേജ് പ്രതാപ്, മകള്‍ ചന്ദ്ര യാദവ് എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരായി.

5) 2016ല്‍ കമ്പനിയുടെ പേര് LARA (ലാലു-റാബ്‌റി) പ്രോജക്റ്റ്‌സ് എന്നാക്കി മാറ്റി.

ഈ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സുശീല്‍ കുമാറിനെ വിവാദമുണ്ടാക്കാന്‍ നടക്കുന്നയാള്‍ എന്നാണ് ലാലു വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ലാലു തന്നെ തുറന്നു സമ്മതിച്ചതോടെ ബിജെപി ആരോപണങ്ങള്‍ ശരിയായിരിക്കുകയാണ്. ലാലുവും കുടുംബവും പ്രതിക്കൂട്ടിലുമായിരിക്കുന്നു.