'പാക്കിസ്ഥാനെ നേരിടാനാകില്ലെങ്കില്‍ ഇതിടുന്നതാകും നല്ലത്'; മോദിക്ക് 56 ഇഞ്ച് ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ ഭാര്യയുടെ പ്രതിഷേധം

ധരംവിര്‍ സിംഗ് എന്ന മുന്‍സൈനികന്റെ ഭാര്യയായ സുമന്‍ സിംഗാണ് വ്യത്യസ്തമായ രീതിയില്‍ വിമര്‍ശനമറിയിച്ചിരിക്കുന്നത്. മോദിയുടെ 56 ഇഞ്ച് നെഞ്ച് വലിപ്പത്തിന്റെ കാര്യമൊക്കെ വെറുതേയാണെന്നും അവര്‍ പറയുന്നു.

പാക്കിസ്ഥാനെ നേരിടാനാകില്ലെങ്കില്‍ ഇതിടുന്നതാകും നല്ലത്; മോദിക്ക് 56 ഇഞ്ച് ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ ഭാര്യയുടെ പ്രതിഷേധം

നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാനെതിരേ തിരിച്ചടിക്കുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ. ബ്രായുടെ ഒപ്പം അയച്ച കത്തില്‍ പാകിസ്ഥാന്റെ ഇന്ത്യന്‍ വിരുദ്ധ നിലപാടുകളും നടപടികളും അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. ഒപ്പം അതിര്‍ത്തിയിലെ പട്ടാളക്കാര്‍ നേരിടുന്ന പ്രതിസന്ധികളും. മോദിയുടെ 56 ഇഞ്ച് നെഞ്ച് വലിപ്പത്തിന്റെ കാര്യമൊക്കെ വെറുതേയാണെന്നും അവര്‍ പറയുന്നു.

ധരംവിര്‍ സിംഗ് എന്ന മുന്‍സൈനികന്റെ ഭാര്യയായ സുമന്‍ സിംഗാണ് വ്യത്യസ്തമായ രീതിയില്‍ വിമര്‍ശനമറിയിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയപ്പോള്‍ പാകിസ്ഥാനോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതുണ്ടാകുന്നില്ല.പാകിസ്ഥാന്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയിട്ടും തിരിച്ചടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അതിന് സൈനികര്‍ക്ക് സ്വതന്ത്ര അധികാരം നല്‍കണം-അവർ പറയുന്നു.

അംആദ്മി പാര്‍ട്ടിയില്‍ അംഗമായ ധരംവിര്‍ സിംഗ് എന്ന മുന്‍ സൈനികന്‍ ഇന്ത്യയെ സേവിച്ചത് 1991 മുതല്‍ 2007 വരെയാണ്. തന്റെ ഭാര്യയോടൊപ്പം അദ്ദേഹവും തന്റെ പ്രതിഷേധം മാധ്യമങ്ങളെ അറിയിച്ചു. സ്ത്രീകള്‍ കുട്ടികളേയും സഹോദരരേയും രാജ്യത്തിനായി അയയ്ക്കുന്നു. എന്നാല്‍ അങ്ങനെ പോകുന്നവര്‍ക്ക് ലഭിക്കുന്നത് കല്ലേറുകളാണെന്നും അവര്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ജമ്മു കശ്മീരില്‍ 11 വര്‍ഷം ജോലി ചെയ്തു എന്ന് ധരംവിര്‍ സിംഗും വ്യക്തമാക്കി. പാകിസ്ഥാനെതിരെയുള്ള ചില ഓപ്പറേഷനുകളില്‍ താനും പങ്കാളിയായിട്ടുണ്ട്. രാഷ്ട്രപതിയില്‍നിന്ന് മെഡലുകളും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍ പ്രതിരോധ വകുപ്പില്‍ ചേരാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.