ഒടുവിൽ കോയിലി ദേവിക്ക് റേഷനരി അനുവദിച്ചു: മകളുടെ പട്ടിണി മരണം കുടുംബത്തിന്റെ വിശപ്പ് മാറ്റിയ കഥ

കഴിഞ്ഞ സെപ്റ്റംബർ 28 നാണ് സന്തോഷി കുമാരി പട്ടിണി മൂലം മരണത്തിന് കീഴടങ്ങിയത്. താർഖണ്ഡിലെ കരിമട്ടി ഗ്രാമത്തിൽ നടന്ന ഈ സംഭവം രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

ഒടുവിൽ കോയിലി ദേവിക്ക് റേഷനരി അനുവദിച്ചു: മകളുടെ പട്ടിണി മരണം കുടുംബത്തിന്റെ വിശപ്പ് മാറ്റിയ കഥ

ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും വിശന്നു മരിച്ച സ്വന്തം മകളുടെ ഓര്‍മ്മകളിലൂടെയാണ് കോയിലി ദേവി കടന്നു പോകുന്നത്. വിശപ്പു സഹിക്കാന്‍ കഴിയാതെ, 'എനിക്ക് കുറച്ച് ഭക്ഷണം തരൂ' എന്ന് കരഞ്ഞുകൊണ്ടാണ് ഇവരുടെ 11 കാരിയായ മകള്‍ സന്തോഷി കുമാരി മരണത്തിന് മുന്നില്‍ കീഴടങ്ങിയത്. കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം ആധാര്‍കാര്‍ഡുമായി റേഷന്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ടിയിരുന്നു. അത് ചെയ്യാത്തത് മൂലം ഈ കുടുംബത്തിന് ദിവസങ്ങളായി റേഷന്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. ദിവസങ്ങളോളം മുഴുപ്പട്ടിണിയിലായിരുന്നു ഈ കുടുംബം. എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറിയ അവസ്ഥയാണ്.

ഇന്ന് ഈ കുടുംബം വയറു നിറയെ ഭക്ഷണം കഴിക്കുന്നതിന്റെ കാരണം സന്തോഷി കുമാരിയുടെ മരണമാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് സന്തോഷി കുമാരി പട്ടിണി മൂലം മരിച്ചത്. താര്‍ഖണ്ഡിലെ കരിമട്ടി ഗ്രാമത്തില്‍ നടന്ന ഈ സംഭവം രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പക്ഷേ, എലി ചാകുന്ന വാര്‍ത്ത പാമ്പ് ചാകുന്നത് വരെയും പാമ്പ് ചാകുന്ന വാര്‍ത്ത കഴുകന്‍ ചാകുന്നത് വരെയും മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന നാട്ടില്‍ സാവധാനം കോയിലി ദേവിയുടെയും മകള്‍ സന്തോഷി കുമാരിയുടെയും കഥ മറവിയിലേക്ക് തള്ളപ്പെട്ടു. മകളുടെ മരണത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ കോയിലി ദേവിയെയും കയ്യേറ്റം ചെയ്തതും അവര്‍ സ്വന്തം ഗ്രാമം വിട്ട് പട്യാമ്പയിലേക്ക് പലായനം ചെയ്തത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷനിലും അത് ബാധിക്കുമെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികളുടെ കയ്യേറ്റം. പട്യാമ്പയിലെത്തിയ ഇവര്‍ക്ക് തരണി സാഹു എന്ന മാധ്യമപ്രവര്‍ത്തകന്‍ അഭയം നല്‍കി. പിന്നീട് പോലീസ് സംരക്ഷണത്തോടെ കോയിലി ദേവി ഗ്രാമത്തിലേക്ക് തിരികെ വന്നെങ്കിലും റേഷന്‍ കാര്‍ഡിലെ കോളം ഒഴിഞ്ഞ് തന്നെ കിടന്നു.

കുട്ടി മരിച്ചത് മലേറിയ മൂലമാണെന്ന് പറഞ്ഞ ജില്ലാ ഭരണകൂടം പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അന്ന് പറഞ്ഞത് ഇതൊക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് എന്നായിരുന്നു. അയാളുടെ പ്രസ്താവനയ്ക്ക് കോയിലി ദേവിയുടെ ഒഴിഞ്ഞു കിടന്ന റേഷന്‍ കാര്‍ഡ് മറുപടി നല്‍കി. തന്റെ മകള്‍ അവസാനമായി ചോദിച്ചത് കുറച്ച് ആഹാരമാണെന്ന് കോയിലി ദേവി വ്യക്തമാക്കിയതോടെ സ്ഥലത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് റദ്ദാക്കി. കടക്കാരന്റെ ആളുകളായിരുന്നു കോയിലി ദേവിയെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാന്‍ മുന്നില്‍ നിന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങളുടെ ഒട്ടനവധി ഇരകളിലൊന്ന് മാത്രമാണ് ഈ കുടുംബം. മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' എന്ന പ്രഹസനത്തിന്റെ 'പ്രഭാവ'ത്തില്‍ പട്ടിണി മരണങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ജാര്‍ഖണ്ഡിലാണ്. ഈ സര്‍ക്കാര്‍ ഭരണകാലത്ത് രണ്ട് ആദിവാസികളടക്കം ഇവിടെ പട്ടിണി മൂലം മരണമടഞ്ഞത് അഞ്ച് പേരാണ്. സര്‍ക്കാര്‍ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ കോയിലി ദേവിയടക്കമുള്ളവര്‍ റേഷന്‍ വിതരണക്കാരനായ അരുണ്‍ ഷായ്ക്ക് കാര്‍ഡുകള്‍ നല്‍കിയതാണ്. എന്നാല്‍ ബയോമെട്രിക്ക് വിവരങ്ങള്‍ ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ അവര്‍ക്ക് റേഷന്‍ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

റേഷന്‍ ആനുകൂല്യങ്ങളില്‍ അവകാശമുള്ള രണ്ടരക്കോടി ജനങ്ങളാണ് ജാര്‍ഖണ്ഡിലുള്ളത്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം പതിനൊന്നര ലക്ഷം പേരെ ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണത്താല്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സകല രേഖകളും ആധാറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ ഉദ്ദേശശുദ്ധിയെപ്പോലും ചോദ്യം ചെയ്യേണ്ട സമയമാണിത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയത് പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ട് എന്ന കാരണത്താലായിരുന്നു.

Read More >>