'ഇത് സിനിമാ സ്റ്റണ്ടല്ല'; കോയമ്പത്തൂർ - പൊള്ളാച്ചി റൂട്ടിലെ കൊലയാളി ബസ്സുകളുടെ മത്സരയോട്ടം; ഇതുവരെ പൊലിഞ്ഞത് നൂറിലധികം ജീവനുകൾ

മത്സരയോട്ടം' വൈറലായതോടെ, കടുത്ത നടപടിയുമായി പൊലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കിണത്തുക്കടവ് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 11 ബസ്സുകളെ പിടികൂടി. പല ബസുകൾക്കും ഇൻഷൂറൻസ്, ഫിറ്റ്നസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലായിരുന്നുവെന്ന് കിണത്തുക്കടവ് പൊലീസ് നാരദാ ന്യൂസിനോട് പറഞ്ഞു. വരും ദിനങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. നിരവധി ഡ്രൈവർമാർക്ക് ബസ് ഓടിക്കാനുള്ള ലൈസൻസുകൾ ഇല്ലെന്നും ഇതിനിടയിൽ ആരോപണമുയന്നിട്ടുണ്ട്.

ഇത് സിനിമാ സ്റ്റണ്ടല്ല; കോയമ്പത്തൂർ - പൊള്ളാച്ചി  റൂട്ടിലെ കൊലയാളി ബസ്സുകളുടെ മത്സരയോട്ടം; ഇതുവരെ പൊലിഞ്ഞത് നൂറിലധികം ജീവനുകൾ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ബസ്സോട്ടം കണ്ട് പലരും ചോദിച്ചത് ഏതു സിനിമയുടെ ട്രെയിലർ ആണ് എന്നാണ്. റോഡിൽ നിന്ന് താഴെയിറങ്ങിയും പരസ്പരം മത്സരിച്ചു കയറിയും മുന്നോട്ടു കുതിക്കുന്ന രണ്ടു സ്വകാര്യ ബസ്സുകളുടെ കാഴ്ച കോയമ്പത്തൂർ - പൊള്ളാച്ചി റോഡിൽ നിന്നും ഏതോ ബൈക്ക് യാത്രികർ പകർത്തിയതാണ്. ത്രസിപ്പിക്കുന്ന കാഴ്ചയാണെങ്കിലും റോഡിലിറങ്ങുന്ന ഏതൊരാൾക്കും ഭീതി സമ്മാനിക്കുന്ന യാഥാർഥ്യം കൂടിയാണ് ഈ ദൃശ്യങ്ങൾ.


'പൊള്ളാച്ചി മെയിൻ റോഡ്' എന്നറിയപ്പെടുന്ന കോയമ്പത്തൂർ - പൊള്ളാച്ചി റോഡിലെ സ്വകാര്യ ബസ്സുകളെക്കുറിച്ച് ഏറെ പരാതികൾ നേരത്തെ ഉയർന്നിരുന്നതിനാൽ തന്നെ ഈ ദൃശ്യങ്ങൾ ഏറെ ഒച്ചപ്പാടുണ്ടാക്കി. കോയമ്പത്തൂർ, കിണത്തുക്കടവ്, പൊള്ളാച്ചി മേഖലകളിലെ നിരവധിപ്പേർ ബസ്സുകൾക്കെതിരെ നടപടിവേണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നു. സന്നദ്ധസംഘടനകളുൾപ്പെടെ ഇടപെട്ടതോടെ രണ്ടു ബസുകളുടെയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുകയാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ്.

പൊള്ളാച്ചി മെയിൻ റോഡ് അഥവാ കില്ലർ റോഡ്

പൊള്ളാച്ചി മെയിൻ റോഡ് വേറിട്ടതാകുന്നത് അവിടെനിന്നും വരുന്ന വാഹനാപകടങ്ങളുടെ വാർത്തകളാലാണ്. ഒരു ചെറിയ ആക്സിഡന്റ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്തതായി ഒരു ദിവസം പോലും ഉണ്ടാവാറില്ല. 2015ൽ പുറത്തുവന്ന ഒരു വിവരാവകാശ രേഖ പ്രകാരം പൊള്ളാച്ചി മെയിൻ റോഡിൽ സ്വകാര്യ ബസ്സുകൾ ഉണ്ടാക്കിയ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറു കവിഞ്ഞു എന്നാണ്. ഇതോടെ ഈ റോഡ് ഏറെ കുപ്രസിദ്ധമായി. ഇപ്പോൾ ആ മരണസംഘ്യ നൂറ്റമ്പതിനു അടുത്തെത്തിയെന്നാണ് സാമൂഹ്യപ്രവർത്തകർ നൽകുന്ന വിവരം.

The mangled remains of a car and private bus, which collided head on near Eachanari on Thursday. (Photo: DC)

പൊള്ളാച്ചി മെയിൻറോഡിൽ ഈച്ചനാരിയിൽ നടന്ന ഒരു ബസ്സപകടം 

പ്രകൃതിഭംഗിയും പച്ചപ്പും നിറഞ്ഞ അതിർത്തി ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന ഈ പാതയിലെ വില്ലന്മാർ സ്വകാര്യ ബസ്സുകളാണ്. ഏതാനും സെക്കന്റുകളുടെ ഇടവേളയിൽ സർവീസ് നടത്തുന്ന ബസ്സുകൾ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. കാല്നടക്കാരും പ്രമുഖരും ബസ് ഓടിച്ചിരുന്ന ഡ്രൈവർമാർ വരെ ഇവിടെ ബലിയായിട്ടുണ്ട്.

കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും നഗരക്കുരുക്കിൽ നിന്നും പണിപ്പെട്ട് പുറത്തിറങ്ങി നാല്പതു കിലോമീറ്റർ ഓടിത്തീർക്കാനാണ് ഈ മത്സരപ്പാച്ചിൽ. പല ബസുകളുടെയും ഉടമകൾ 'പെരിയ' ആളുകളായതിനാലും നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.

ഒത്തക്കൽമണ്ഡപത്തിലെ പൊള്ളാച്ചി മെയിൻ റോഡ് - എൽ ആൻഡ് ടി ബൈപാസ് ജങ്ഷനിലും ഈച്ചനാരി സിഡ്‌കോയ്ക്ക് സമീപം റെയിൽവേ ഫ്ളൈഓവറിന് ചേർന്ന്, രത്നം കോളേജിന് മുൻപിലുമാണ് ഏറെ അപകടങ്ങളും നടന്നിട്ടുള്ളത്. ഇവിടങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിച്ചും സ്പീഡ് ഗവർണറുകൾ വച്ചും ഏറെ പണിപ്പെട്ടെങ്കിലും എല്ലാ നിയമങ്ങളെയും മറികടന്ന് ആളെക്കൊല്ലി ബസ്സുകൾ പറന്നു പോയി.

സ്വരം കടുപ്പിച്ച് അധികൃതർ

'മത്സരയോട്ടം' വൈറലായതോടെ, കടുത്ത നടപടിയുമായി പൊലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കിണത്തുക്കടവ് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 11 ബസ്സുകളെ പിടികൂടി. പല ബസുകൾക്കും ഇൻഷൂറൻസ്, ഫിറ്റ്നസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലായിരുന്നുവെന്ന് കിണത്തുക്കടവ് പൊലീസ് നാരദാ ന്യൂസിനോട് പറഞ്ഞു. വരും ദിനങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. നിരവധി ഡ്രൈവർമാർക്ക് ബസ് ഓടിക്കാനുള്ള ലൈസൻസുകൾ ഇല്ലെന്നും ഇതിനിടയിൽ ആരോപണമുയന്നിട്ടുണ്ട്.


കിണത്തുകടവ് പൊലീസ് പിടികൂടിയ ബസ്സുകൾ

ഏതായാലും വൈറൽ വീഡിയോ മൂലം റോഡിൽ ഇറങ്ങി സമാധാനത്തോടെ പോകാനുള്ള അവസ്ഥയുണ്ടായാൽ മതിയായിരുന്നു എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും യാത്രക്കാരും.