വിദ്വേഷമാണ് അന്നും ഇന്നും കൈമുതല്‍; ആദിത്യനാഥിന്റെ പേര് കുറിച്ചിട്ടോളാന്‍ 13 വർഷം മുമ്പേ പറഞ്ഞിരുന്നു ഈ മലയാളി മാദ്ധ്യമപ്രവര്‍ത്തകൻ

ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ ചുമതലയേറ്റ നാള്‍ തൊട്ടേ യോഗി ആദിത്യനാഥ് വിവാദങ്ങളില്‍ നിറഞ്ഞു നിന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിൽ ആരോപണവിധേയനായി. പാര്‍ലമെന്റംഗമായിരിക്കെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിലൂടെ വാര്‍ത്താ ചാനലുകളുടെ കാലത്ത് യോഗി ആദിത്യനാഥ് ബിജെപിയുടെ വര്‍ഗീയ മുഖമായി. 'ഒരു ഹിന്ദു പെണ്‍കുട്ടി മതം മാറ്റപ്പെട്ടാല്‍ 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റും, ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ 100 മുസ്ലീങ്ങളെ കൊല്ലും' തുടങ്ങിയ ആദിത്യനാഥിന്റെ പരാമര്‍ശങ്ങടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമ്പോള്‍ ഇതെല്ലാം വീണ്ടും ചര്‍ച്ചയാകുകയാണ്.

വിദ്വേഷമാണ് അന്നും ഇന്നും കൈമുതല്‍; ആദിത്യനാഥിന്റെ പേര് കുറിച്ചിട്ടോളാന്‍ 13 വർഷം മുമ്പേ പറഞ്ഞിരുന്നു ഈ മലയാളി മാദ്ധ്യമപ്രവര്‍ത്തകൻ

''എന്തുകൊണ്ടാണ് ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നത്? ഇക്കാര്യം അന്വേഷിക്കണം. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിന് തയ്യാറാകുന്നില്ല. അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ നമ്മള്‍ നൂറ് മുസ്ലീം പെണ്‍കുട്ടികളെ മതംമാറ്റും. അവര്‍ ഒരു ഹിന്ദുവിനെ കൊന്നാല്‍ നമ്മള്‍ നൂറ് മുസ്ലീംങ്ങളെ കൊല്ലും. ഹിന്ദു മതത്തിലേക്ക് വരുന്നവരെ തടയേണ്ട. ശുദ്ധികര്‍മ്മത്തിന് ശേഷം അവരെ ഒപ്പം നിര്‍ത്താം''- 2004ല്‍ പുറത്ത് വന്ന യോഗി ആദിത്യനാഥിന്റെ പ്രസംഗത്തിലെ വാക്കുകളിങ്ങനെ. വികസനമല്ല, വിദ്വേഷമാണ് നയം എന്ന് പച്ചയ്ക്ക് പറയാന്‍ അന്നും ഇന്നും യോഗി ആദിത്യനാഥ് മടി കാണിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം കയ്യില്‍ കിട്ടിയ ശേഷം യോഗി ആദിത്യനാഥ് അത് തുടരുമോ എന്ന് കാത്തിരുന്ന് കാണണം.


22 വയസ്സില്‍ ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ ചുമതലക്കാരനായ ശേഷം യോഗി ആദിത്യനാഥ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. 1999-ല്‍ അദ്ദേഹം പാര്‍ലമെന്റംഗം ആയിരിക്കുമ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത ട്വിറ്ററില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും വിവരണമാണ് പത്രം പ്രസിദ്ധീകരിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ ഗണ്‍മാനെ വെടിവെച്ചു കൊന്നത് യോഗി ആദിത്യനാഥിന്റെ വലംകൈയ്യായിരുന്ന വീരേന്ദ്രപ്രതാപ് ഷാഹി പരസ്യമായി പറഞ്ഞിരുന്നു. ആദിത്യനാഥിനോട് ഏറ്റുമുട്ടിയ മറ്റു രണ്ട് പേര്‍ക്കും ഇതായിരുന്നു വിധി.

ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും മതദേഹം കണ്ടെത്തിയതും വിവാദമായിരുന്നു. മുങ്ങിമരണമായി പൊലീസ് കേസൊതുക്കി. മരിച്ച കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളായെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. പൊതു ഇടമായ ക്ഷേത്രത്തില്‍ നിരവധി ആളുകള്‍ വന്നുപോകുമെന്നും ക്രിമിനലുകളുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കാനില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. ക്ഷേത്രത്തിനകത്തല്ല, അഴിക്കുള്ളിലാണ് ആദിത്യനാഥിന്റെ സ്ഥാനമെന്നും ,അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ അയാള്‍ ഭിന്ദ്രന്‍വാലയാകുമെന്നും അന്ന് സമാജ് വാദി പാർട്ടി നേതാവായിരുന്ന തലാത് അസീസ് അടക്കമുള്ളവര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


2004-ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനായി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ദ ഹിന്ദുവിന്റെ യുഎസ് കറസ്‌പോണ്ടന്റായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ വര്‍ഗീസ് കെ ജോര്‍ജ് പറയുന്നതിങ്ങനെ. ''ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു അത്. ഇന്ത്യ തിളങ്ങുന്നു എന്ന ബിജെപിയുടെ പ്രചരണം നടത്തിയ തെരഞ്ഞെടുപ്പ്. ദേശീയ തലത്തില്‍ ഏറെയൊന്നും അറിയാതിരുന്ന യോഗി ആദിത്യനാഥിനെക്കുറിച്ച് എന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദ്യപേജില്‍ അച്ചടിച്ചു വന്നു. ഇപ്പോഴത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ കാണാനില്ല. പക്ഷെ പലരും അത് ബ്ലോഗുകളിലടക്കം അത് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ അവസാനം ഞാനിങ്ങനെ എഴുതിയിരുന്നു. ഓര്‍ത്തിരിക്കണം ഈ പേര്, വരും വര്‍ഷങ്ങളില്‍ യോഗി ആദിത്യനാഥിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാനിരിക്കുന്നു, എന്നായിരുന്നു അത്. ഇപ്പോള്‍ യോഗിയുമായുള്ള കൂടിക്കാഴ്ചയും ആ വാര്‍ത്തയും ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചു.''

വര്‍ഗീസ് കെ ജോര്‍ജിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ.

എനിക്ക് മുസ്ലീം വോട്ടും വേണം, പക്ഷെ അവരെ ഗംഗാജലം കൊണ്ട് ശുദ്ധീകരിക്കും

ഗൊരഖ്പൂർ, ഏപ്രിൽ 10: രാത്രി പത്ത് മണി കഴിഞ്ഞു, പൊതു മീറ്റിംഗുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി എല്‍ കെ അഡ്വാനി പോലും പാലിക്കുന്നു. എന്നാല്‍ അരണ്ട വെളിച്ചത്തിലും ജനക്കൂട്ടം അവരുടെ നേതാവിനെ കാത്തിരിക്കുകയാണ്. കൂടെ കൊഴുക്കുന്ന അന്തി ചര്‍ച്ചകള്‍ ഇങ്ങനെ- 'സോണിയാഗാന്ധി ഇന്ത്യന്‍ പൗരയല്ല, അഞ്ച് വര്‍ഷം കൂടുമ്പോള്‍ അവര്‍ പൗരത്വം പുതുക്കുകയാണ്' എന്നൊരാള്‍ പറഞ്ഞു. 'അലിഗഢ് സര്‍വ്വകലാശാലയില്‍ നിന്നെങ്ങനെ തീവ്രവാദികള്‍ വരുന്നു?, അക്ബര്‍ എങ്ങനെ നമ്മുടെ സഹോദരിമാരെ അപമാനിച്ചു? പേടിക്കേണ്ടതില്ല, നമുക്ക് രക്ഷകനായി യോഗി ആദിത്യനാഥ് ഉണ്ട്' എന്നിങ്ങനെ ചര്‍ച്ചകള്‍ തുടര്‍ന്നു.

വീണ്ടും മത്സരത്തിറങ്ങുന്ന 32 വയസ്സുകാരനായ ബിജെപി എംപി യോഗി ആദിത്യനാഥിനെ കാത്തിരിക്കുകയായിരുന്നു അവര്‍.ഇരുപത്തിയഞ്ചോളം അകമ്പടി വാഹനങ്ങളുമായി ടാറ്റ സഫാരിയില്‍ യോഗി എത്തി. ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നു പൊങ്ങി. ആരെയും നിരാശനാക്കാതെ അദ്ദേഹം പ്രസംഗം ആരംഭിച്ചു. 'വികസനത്തിനല്ല, ഹിന്ദുത്വം നടപ്പാക്കാന്‍ വോട്ട് ചെയ്യൂ'- ആദിത്യനാഥ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം മറച്ചുവെക്കാതെ പറഞ്ഞു. യോഗിയെ അനുസരിക്കാതെ പൂര്‍വ്വാഞ്ചലില്‍ ജീവിക്കാനാകില്ലെന്ന് ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ ചുമതല മഹന്ത് അവൈദ്യനാഥില്‍ നിന്ന് ഏറ്റെടുത്തത് മുതല്‍ രണ്ട് വര്‍ഷമായി സംഘപരിവാറിന് പുറമെ സ്വതന്ത്ര അജണ്ടകളുമായി യോഗി മുന്നോട്ട് പോയികൊണ്ടിരിക്കുകയായിരുന്നു.

അടുത്ത ദിവസം രാവിലെ കടുക്കനും രണ്ട് രുദ്രാക്ഷവും ധരിച്ചെത്തിയ യോഗിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഇന്ത്യന്‍ എക്‌സപ്രസ് കണ്ടു. 'മുസ്ലീങ്ങളെ പുറത്താക്കുകയല്ല, അവര്‍ക്ക് ഇവിടെ ജീവിക്കാം പക്ഷെ മുഖ്യധാര സമൂഹത്തോടൊപ്പം ചേരണം''. മുസ്ലീം വിഭാഗത്തെക്കുറിച്ചുള്ള തന്റെ നിലപാട് ആദിത്യനാഥ് രണ്ട് വാചകത്തിലൊതുക്കി. ഗൊരഖ്നാഥിന് ചുറ്റുമുള്ള എട്ട് മണ്ഡലങ്ങളില്‍ കൂടി രണ്ട് വര്‍ഷം മുമ്പ് യോഗി സ്ഥാപിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ സ്വാധീനമുണ്ടായിരുന്നു. ബ്ലോക്ക് തലത്തില്‍ രണ്ട് ഡസന്‍ കമ്മിറ്റികളുള്ള സംഘടനയുടെ അവസാന വാക്ക് ' ഹിന്ദു ഉണരൂ' എന്നതിലാണ് എത്തിച്ചേരുന്നത്.

മുസ്ലീം വിഭാഗക്കാരനായ ആള്‍ മുറുക്കിത്തുപ്പിയത് ഹിന്ദുവിന്റെ ദേഹത്ത് തെറിച്ചാല്‍ പോലും ഹിന്ദുവാഹിനിയുടെ പ്രവര്‍ത്തകരെത്തി കയ്യൂക്ക് കാണിക്കും. ഹിന്ദു പെണ്‍കുട്ടി മുസ്ലീമായ ഒരാളാല്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ കൃഷി സ്ഥലത്ത് മുസ്ലീം വിഭാഗത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ക്രൂരമര്‍ദ്ദനങ്ങളേള്‍ക്കേണ്ടി വരുന്ന അവസ്ഥ. ഇതെല്ലാം ഹിന്ദുവിന്റെ അഭിമാനം ഉയര്‍ത്തുമെന്നവര്‍ കരുതി.

ഗോധ്ര കലാപത്തിന് ശേഷം ആദിത്യനാഥ് നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു.'' നമ്മുടെ ഒരു വിക്കറ്റെടുത്താല്‍ അവരുടെ പത്ത് വിക്കറ്റെടുക്കണമെന്ന് മോദിജിയോട് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളുടെ വീടുകളില്‍ കാവികൊടി സ്ഥാപിക്കൂ. അയല്‍പക്കത്തെ മുസ്ലീങ്ങളുടെ എണ്ണമെടുക്കൂ. നമുക്ക് ചിലത് ചെയ്യാനുണ്ട്.'' തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യോഗി ആദിത്യനാഥ് ഭാഷ അല്‍പ്പം മയപ്പെടുത്തി. 'എനിക്ക് മുസ്ലീം വോട്ടും വേണം, പക്ഷെ അവരെ ഗംഗാജലത്തില്‍ ശുദ്ധീകരിക്കും' എന്നായി പറച്ചില്‍.

വികസനത്തെക്കുറിച്ച് പാര്‍ട്ടി പറയുമ്പോള്‍ യോഗി എന്തുകൊണ്ട് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുന്നു എന്ന ചോദ്യത്തിന്, നിങ്ങള്‍ക്ക് തെറ്റി, ഹിന്ദുത്വം എന്‍ഡിഎയുടെ അജണ്ടയാണ് എന്നായിരുന്നു മറുപടി. ആര്‍എസ്എസ്സിന്റെ പിന്തുണയുണ്ടെന്നും യോഗി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വാജ്‌പേയിയും അഡ്വാനിയും ഗൊരഖ്നാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ പേര് ഓര്‍ത്തിരിക്കൂ. വരുംവര്‍ഷങ്ങളില്‍ യോഗി ആദിത്യനാഥിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാം.

വർഗീസ് കെ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക