എതിര്‍ക്കാന്‍ ചെന്നപ്പോൾ ഇരട്ടിയായി; ഡല്‍ഹി കേരള ഹൗസില്‍ ബീഫ് ഇന്നും ചൂടോടെ; ദിവസം വിളമ്പുന്നത് 20 കിലോവരെ!

വിലക്കും ഹിന്ദുതീവ്രവാദ സംഘടനകളുടെ ഭീഷണിയും ഇടയ്ക്കിടെ ഉണ്ടാകുമെങ്കിലും കേരള ഹൗസിലെ സ്റ്റാഫ് കാന്റീനില്‍ ബീഫിന് മുടക്കം വരാന്‍ ആരും സമ്മതിക്കാറില്ല. ഡല്‍ഹി കേരള ഹൗസില്‍ ബീഫിനെതിരെ ഹിന്ദുസേന പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു ശേഷം സ്റ്റാഫ് കാന്റീനിലെ ബീഫ് വില്‍പ്പന കൂടുകയായിരുന്നു. ഏഴ് കിലോ ബീഫ് വിളമ്പിയിടത്ത് ഇപ്പോള്‍ 17 മുതല്‍ 20 കിലോ വരെയാണ് വിളമ്പുന്നത്. എന്നാല്‍ മെയിന്‍ ബ്ലോക്കിലെ പ്രധാന കാന്റീനില്‍ ഇതുവരെ ബീഫ് വിളമ്പിയിട്ടില്ല. മാറിമാറി വരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവിടെ ബീഫ് മെനുവില്‍ ഇടം പിടിക്കാത്തതെന്നാണ് സൂചന.

എതിര്‍ക്കാന്‍ ചെന്നപ്പോൾ ഇരട്ടിയായി; ഡല്‍ഹി കേരള ഹൗസില്‍ ബീഫ്  ഇന്നും ചൂടോടെ; ദിവസം വിളമ്പുന്നത് 20 കിലോവരെ!

ഹിന്ദു തീവ്രവാദികളുടെ പ്രതിഷേധം ഉയര്‍ന്ന ശേഷം ഡല്‍ഹി കേരളാ ഹൗസിലെ സ്റ്റാഫ് കാന്റീനില്‍ ബീഫിന് ഡിമാന്‍ഡ് ഉയര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് ഏഴ് കിലോ വരെ മാത്രം ബീഫ് വിളമ്പിയിടത്ത് നിലവില്‍ 17 മുതല്‍ ഇരുപത് കിലോ വരെയാണ് ബീഫ് വില്‍പ്പന. ഉച്ചയ്ക്കും വൈകിട്ടും ബീഫ് വിഭവങ്ങള്‍ കഴിക്കാന്‍ മലയാളികളുടെ തിരക്കാണ്. ഉച്ചയ്ക്ക് ഊണിനൊപ്പവും വൈകിട്ട് പൊറോട്ടയ്ക്കും മറ്റ് വിഭവങ്ങൾക്കുമൊപ്പം ബീഫ് കറിയും ഫ്രൈയും ലഭിക്കും.

എന്നാല്‍ കേരള ഹൗസിലെ മെയിന്‍ ബ്ലോക്കിലെ ഭക്ഷണശാലയില്‍ ബീഫിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടുത്തെ മെനുവില്‍ ഇതുവരെ ബീഫ് ഉള്‍പ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ വിഐപികള്‍ ഭക്ഷണം കഴിക്കുന്നത് ഇവിടെ നിന്നാണ്. ചിക്കന്‍, മട്ടന്‍, ഫിഷ് എന്നിവയാണ് മെയിന്‍ ബ്ലോക്കിലെ നോണ്‍വെജ് വിഭവങ്ങള്‍.

കേരള ഹൗസില്‍ മാറി വരുന്ന റസിഡന്റ് കമ്മിഷണര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബീഫിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.ഇക്കാര്യമന്വേഷിക്കുവാന്‍ കേരള ഹൗസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ കേരള ഹൗസുകളിലും ബീഫ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


ഐഎന്‍എ ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ ഏതാനും മാര്‍ക്കറ്റുകളിലും ബീഫ് വിഭവങ്ങള്‍ തേടി മലയാളികള്‍ എത്താറുണ്ട്. ഇവിടുത്തെ ഹോട്ടലുകളിലെ മെനുവില്‍ മറ്റെല്ലാ ഭക്ഷണങ്ങളുടെ പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ബീഫ് വിഭവങ്ങള്‍, പോത്തിറച്ചി, പോത്ത് ഫ്രൈ എന്നിങ്ങനെയാണ് പ്രദര്‍ശിപ്പിക്കാറുള്ളത്.

2015 ല്‍ കേരള ഹൗസിലെ സ്റ്റാഫ് കാന്റീനില്‍ പശുവിറച്ചി വിതരണം ചെയ്യുന്നെന്നാരോപിച്ച് ഹിന്ദുസേന പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അധികൃതരുടെ അനുവാദമില്ലാതെ മുപ്പതോളം പൊലീസുകാരാണ് റെയ്ഡ് നടത്തിയത്. പിന്നീട് റസിഡന്റ് കമ്മിഷണറുടെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരം ബീഫ് വിളമ്പുന്നത് നിര്‍ത്തിവെച്ചിരുന്നു.

ഇതിനെതിരെ അന്നത്തെ കേരള സര്‍ക്കാരും പ്രതിപക്ഷവും ശക്തമായി പ്രതിഷേധിച്ചിരുന്നു. ദേശീയതലത്തിലടക്കം ബീഫ് വിലക്ക് വിഷയമായതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കേണ്ടി വന്നു. പിണറായി വിജയന്‍, എം എ ബേബി അടക്കമുള്ളവര്‍ ബീഫ് വിലക്കിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു. എം എം ബേബി അടക്കമുള്ളവര്‍ ബീഫ് കഴിച്ചാണ് പ്രതിഷേധം അറിയിച്ചത്. വിദേശമാദ്ധ്യമങ്ങടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു.


2014ലും സ്റ്റാഫ് കാന്റീനില്‍ ബീഫ് വിളമ്പുന്നത് നിര്‍ത്താനുള്ള തീരുമാനം വിവാദമായിരുന്നു. അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ വിശ്വനാഥ സിന്‍ഹയാണ് ബീഫ് നല്‍കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മാദ്ധ്യമപ്രവര്‍ത്തകരുടെയടക്കം ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടായെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല. പിന്നീട് സിന്‍ഹ കേരളാ ഹൗസില്‍ നിന്ന് പോയ ശേഷമാണ് ബീഫ് തിരികെയെത്തുകയായിരുന്നു.