സിപിഐഎം - ആം ആദ്മി പാർട്ടി ചർച്ച: ബദൽ മുന്നണിയെന്ന ലക്ഷ്യത്തിനു ശ്രമം

നരേന്ദ്ര മോദിയും അമിത്ഷായും നയിക്കുന്ന എൻഡിഎക്കും രാഹുൽ ഗാന്ധിയുടെ യുപിഎക്കും ബദലായി മൂന്നാം മുന്നണിയെന്ന ലക്ഷ്യത്തിനായുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായായായിരുന്നു ചർച്ച എന്നറിയുന്നു. ഇതര മതേതര രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന സി പി ഐ എമ്മിലെ ധാരണയെ തുടർന്നായിരുന്നു ചർച്ച

സിപിഐഎം - ആം ആദ്മി പാർട്ടി ചർച്ച: ബദൽ  മുന്നണിയെന്ന ലക്ഷ്യത്തിനു  ശ്രമം

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ആം ആദ്‌മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ ചർച്ചയായിരുന്നുവെന്നാണ് ഇരുവരുടെയും പ്രതികരണം.

എന്നാൽ, കേരള മുഖ്യമന്ത്രിയുടെയും ഡൽഹി മുഖ്യമന്ത്രിയുടെയും കൂടിക്കാഴ്ച മുഖ്യമന്ത്രിമാർ എന്ന നിലയിലല്ല, ഇരു പാർട്ടികളുടെയും നേതാക്കൾ എന്ന നിലയിലെ രാഷ്ട്രീയ ചർച്ചയായിരുന്നുവെന്നാണ് വിവരം. മതനിരപേക്ഷ കക്ഷികളുടെ യോജിച്ച പ്രവർത്തനമാണ് ഇനി ആവശ്യമെന്നും കോൺഗ്രസ്സിനെ ആശ്രയിക്കുന്നതിൽ ഒരു കാര്യവുമില്ലെന്നും പിണറായി വിജയൻ കൂടിക്കാഴ്‌ചക്കു ശേഷം ഡൽഹിയിൽ പറഞ്ഞു.

നരേന്ദ്ര മോദിയും അമിത്ഷായും നയിക്കുന്ന എൻഡിഎക്കും രാഹുൽ ഗാന്ധിയുടെ യുപിഎക്കും ബദലായി മൂന്നാം മുന്നണിയെന്ന ലക്ഷ്യത്തിനായുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായായായിരുന്നു ചർച്ച. ഇതര മതേതര രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന സി പി ഐ എമ്മിലെ ധാരണയെ തുടർന്നായിരുന്നു ചർച്ച. ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.

ഇന്നലെ ഡൽഹിയിൽ നടന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയോഗത്തിൽ കോൺഗ്രസ്സുമായി കൂട്ടുകൂടുന്ന കാര്യം ചർച്ച ചെയ്തിരുന്നു. പശ്ചിമ ബംഗാൾ ഘടകമാണ് ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. ബംഗാളിൽ മാത്രമല്ല, ദേശീയ തലത്തിലും കോൺഗ്രസ്സുമായി കൂട്ടുകൂടാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ സിപിഐഎം കേരള ഘടകം ഇതിനെ അതിരൂക്ഷമായി വിമർശിച്ചു. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ബിജെപിയിലേക്ക് മാറുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിന്റെ ശക്തി ക്ഷയിക്കുകയും ചെയ്തുവെന്ന് കേരള ഘടകം സമർത്ഥിച്ചു.

ബിജെപിയെ നേരിടുന്നതിന് ഇതര മതേതര രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത് എന്നും കേരള ഘടകം ഒറ്റക്കെട്ടായി വാദിച്ചു. ഈ വാദം പൊതുവെ സ്വാഗതം ചെയ്യപെട്ടുവെങ്കിലും അതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചർച്ചയായി. തുടർന്ന് ഈ വാദവുമായി നിലയുറപ്പിച്ചവർ തന്നെ അതിനു മുൻകൈയെടുക്കാമെന്ന ധാരണയുമുണ്ടായിയെന്നാണ് റിപോർട്ടുകൾ. ഈ ധാരണയനുസരിച്ചാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്.

അതേ സമയം പിണറായി - വി എസ് പോരിന്റെ തുടര്‍ച്ചയാണ് ഈ കൂടിക്കാഴ്ച എന്നും ശ്രുതിയുണ്ട്. മുന്‍ ആം ആദ്‌‌മി പാര്‍ട്ടി നേതാവായിരുന്ന പ്രശാന്ത് ഭൂഷന്‍ വി എസ് അച്യുദാനന്ദനെ ആം ആദ്‌‌മി പാര്‍ട്ടിയിലേയ്ക്ക് പല തവണ ക്ഷണിച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ പിതാവായ ശാന്തിഭൂഷന്‍ വി എസിനു വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. ഈ ബന്ധവും വി എസും പിണറായിയും തമ്മിലുള്ള പിടിവലികളും അദ്ദേഹത്തിനെ ആം ആദ്‌‌മിയിലേയ്ക്ക് ക്ഷണിക്കാന്‍ പ്രചോദനമായിട്ടുണ്ടാകണം.

എന്നാല്‍ വിഎസ് ആം ആദ്‌‌മി പാര്‍ട്ടിയുടെ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശാന്ത് ഭൂഷണ്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയതോടെ വിഎസ്-ആം ആദ്‌‌മി അദ്ധ്യായത്തിനു തിരശ്ശീല വീഴുകയായിരുന്നു. പിണറായി വിജയന്‍ കേജ്രിവാളുമായി സഖ്യം ഉണ്ടാക്കാന്‍ തീരുമാനിക്കുന്നതില്‍ പല കോണുകളിലുള്ള ലക്ഷ്യങ്ങള്‍ ഉണ്ടെന്നു വേണം കരുതാന്‍. സംസ്ഥാനരാഷ്ട്രീയത്തില്‍ ബിജെപിയ്‌ക്കെതിരേ കോണ്‍ഗ്രസിനു ബദല്‍ എന്നതിനോടൊപ്പം വി എസിനുള്ള മറുപടി എന്ന രീതിയിലും ഈ കൂടിക്കാഴ്ച പിണറായിയ്ക്ക് പ്രധാനപ്പെട്ടതാണ്.