കേസുകള്‍ പെരുകുന്നു; കെജ്രിവാളിന് കേസ് നടത്തിപ്പിന് ഖജനാവില്‍ നിന്ന് 3.8 കോടി രൂപ വേണം

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ കെജ്രിവാളിനായി വാദിക്കുന്നത് പ്രശസ്ത അഭിഭാഷകന്‍ രാംജത് മലാനി .കേസ് നടത്തിപ്പിനായുള്ള തുക ഖജനാവില്‍ നിന്നെടുത്ത് കൊടുക്കേണ്ട സാഹചര്യമാണ് കെജ്രിവാളിന് ഇപ്പോഴുള്ളത്. ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് അയച്ചുകൊടുത്തിരിക്കുകയാണ്. രാംജത് മലാനി കേസ് വാദിച്ച ഇനത്തില്‍ 1 കോടി 22 ലക്ഷം രൂപയുടെ ബില്‍ കെജ്രിവാളിന് അയച്ചുകൊടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേസുകള്‍ പെരുകുന്നു; കെജ്രിവാളിന് കേസ് നടത്തിപ്പിന് ഖജനാവില്‍ നിന്ന് 3.8 കോടി രൂപ വേണം

ആം ആദ്മി പാര്‍ട്ടിയുമായി ദേശീയ രാഷ്ട്രീയത്തിലെത്തി അധികം വൈകാതെ തന്നെ അരവിന്ദ് കെജ്രിവാളിന് ശത്രുക്കളുടെ എണ്ണം പ്രതീക്ഷിച്ചതിലധികമായി. ഡല്‍ഹിയില്‍ ആം ആദ്മിയുടെ തകര്‍പ്പന്‍ ജയവും മന്ത്രിസഭാ രൂപീകരണവും പലരേയും അസ്വസ്ഥരാക്കി. അതിന്റെ അനന്തര ഫലമായി കെജ്രിവാളിനെതിരെ ഇക്കാലയളവിലുണ്ടായത് പത്തോളം കേസാണ്. ഇതില്‍ മിക്ക കേസുകളും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇതില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ടക്കേസാണ് ഏറ്റവും ശ്രദ്ധേയം. ഡി.ഡി.സി എയുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലുള്ള ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. ഏറ്റവുമൊടുവില്‍ ലഭ്യമായ വിവരപ്രകാരം ഈ കേസില്‍ കെജ്രിവാളിനായി വാദിക്കുന്ന പ്രശസ്ത അഭിഭാഷകന്‍ രാംജത് മലാനി അടക്കമുള്ള അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ നല്‍കാനുള്ളത് 3.89 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേസ് നടത്തിപ്പിനായുള്ള തുക ഖജനാവില്‍ നിന്നെടുത്ത് കൊടുക്കേണ്ട സാഹചര്യമാണ് കെജ്രിവാളിന് ഇപ്പോഴുള്ളത്. ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് അയച്ചുകൊടുത്തിരിക്കുകയാണ്. രാംജത് മലാനി കേസ് വാദിച്ച ഇനത്തില്‍ 1 കോടി 22 ലക്ഷം രൂപയുടെ ബില്‍ കെജ്രിവാളിന് അയച്ചുകൊടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) പ്രസിഡന്റായിരിക്കുമ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചതായുള്ള ആരോപണത്തിന്റെ പേരിലാണ് കെജ്രിവാളിനെതിരെ ജയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2015ല്‍ ഫയല്‍ ചെയ്ത കേസില്‍ അഭിഭാഷകന്‍ കൂടിയായ ജയ്റ്റ്‌ലി 10 കോടി രൂപയാണ് മാനനഷ്ടമായി ചോദിക്കുന്നത്. സിസോദിയ 3.8 കോടി രൂപയുടെ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി പേര് വെളിപ്പെടുത്തരുതെന്ന ഉറപ്പില്‍ മുതിര്‍ന്ന ആം ആദ്മി നേതാക്കള്‍ സമ്മതിച്ചതായി എന്‍ .ഡി. ടി. വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ ഓഫീസില്‍ റെയ്ഡും നടത്തുകയുണ്ടായി. തുടക്കത്തില്‍ സൗജന്യമായി കേസ് വാദിക്കാമെന്ന് പറഞ്ഞ രാംജത് മലാനി പിന്നീട് ബില്ലുകള്‍ അയയ്ക്കുകയായിരുന്നെന്നും ആം ആദ്മി നേതാക്കള്‍ പറയുന്നു. ഈ കേസ് കൂടാതെ ആറ് മാനനഷ്ടക്കേസുകള്‍ കൂടി കെജ്രിവാളിനെതിരെയുള്ളത്. ഇതില്‍ പലതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണമുണ്ട്.

കെജ്രിവാളിനെതിരെയുള്ളത് പ്രധാനപ്പെട്ട ചില കേസുകള്‍

1) മുന്‍ കേന്ദ്രമന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. കപില്‍ സിബല്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ അമിത് സിബല്‍ ഒരു ടെലികോം കമ്പനിക്ക് വേണ്ടി ഹാജരായത് ദുരൂഹമാണെന്ന് കെജ്രിവാൾ 2013 മെയ് 15ന് നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കെജ്രിവാളും ആം ആദ്മി മുന്‍ നേതാവുമായ പ്രശാന്ത് ഭൂഷണ്‍, മനീഷ് സിസോദിയ എന്നിവര്‍ക്കെതിരെ അമിത് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍ കെജ്രിവാളിനും സംഘത്തിനും വേണ്ടി ഹാജരായത് പ്രശാന്ത് ഭൂഷണിന്റെ പിതാവ് ശാന്തി ഭൂഷണാണ്.

2) നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മാധ്യമ മുതലാളിയും ലോട്ടറി ബിസിനസുകാരനും കൂടിയായ രാജ്യസഭാ എംപി സുഭാഷ് ചന്ദ്ര മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ കെജ്രിവാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒരു ഡല്‍ഹി കോടതി സമന്‍സ് അയച്ചിരുന്നു. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ 2016 നവംബര്‍ 11ന് നടത്തിയ പത്ര സമ്മേളനത്തില്‍ തനിക്കെതിരെ കെജ്രിവാൾ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സുഭാഷ് ചന്ദ്രയുടെ പരാതി.

3) ബിജെപിയുടെ ലോക്‌സഭാംഗം രമേഷ് ബിദുരി കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഡല്‍ഹി സൗത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ രമേഷ്, കെജ്രിവാൾ തന്നെ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഐപിസി 500 വകുപ്പ് പ്രകാരം കേസെടുത്ത കോടതി കെജ്രിവാളിനെതിരെ സമന്‍സ് അയച്ചിരുന്നു. രമേഷിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും എന്നാല്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് കെജ്രിവാൾ ആരോപിച്ചത്

.4) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭീരുവെന്നും മാനസികരോഗിയെന്നും കെജ്രിവാൾ വിളിച്ചതായി ആരോപിച്ച് ഡല്‍ഹി സ്വദേശിയായ പ്രദീപ് ദ്വിവേദിയെന്ന അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കെജ്രിവാളിന്റെ ട്വീറ്റ് അടിസ്ഥാനപ്പെടുത്തി ഫയല്‍ ചെയ്ത കേസില്‍ കോടതി ഡല്‍ഹി മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. കെജ്രിവാളിന്റെ പ്രസ്താവന പ്രധാനമന്ത്രിയെ അപമാനിക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. തന്റെ സഹായിയുടെ ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തിന് ശേഷമാണ് കെജ്രിവാൾ ഈ ട്വീറ്റ് ചെയ്തത്.

5) 'തുള്ള' എന്ന വാക്കുപയോഗിച്ച് പോലീസുകാരെ അപമാനിച്ചതായി ആരോപിച്ച് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ഹര്‍വീന്ദര്‍ കെജ്രിവാളിനെതിരെ മാനനഷ്ടക്കസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസ് സേനയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന 'തുള്ള' എന്ന വാക്ക് ഒരു ടിവി അഭിമുഖത്തില്‍ കെജ്രിവാൾ ഉപയോഗിച്ചതായാണ് കേസ്. കെജ്രിവാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലജ്പത് നഗര്‍ സ്‌റ്റേഷനിലെ പോലീസുകാരനായ അജയ് കുമാര്‍ തനേജ നല്‍കിയ പരാതിയില്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പവന്‍ കുമാര്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

6) 2015 ജനുവരിയില്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി കെജ്‌റിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.അഴിമതിക്കാരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഗഡ്കരി കേസ് ഫയല്‍ ചെയ്തത്. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തത്.