'ഞാനൊരു ഐഐടി എന്‍ജിനീയര്‍, വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്ന 10 വഴികള്‍ ഞാന്‍ പറഞ്ഞുതരാം'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും കെജ്‌റിവാള്‍

ആം ആദ്മി പാര്‍ട്ടിയാണ് ബിജെപിയുടെ മുഖ്യ ശത്രു. ബിജെപി ഉള്‍പ്പെട്ട അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിനാലാണ് താനും തന്റെ പാര്‍ട്ടിയും വേട്ടയാടപ്പെടുന്നതെന്ന് കെജ്‌റിവാള്‍ പറഞ്ഞു

ഞാനൊരു ഐഐടി എന്‍ജിനീയര്‍, വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്ന 10 വഴികള്‍ ഞാന്‍ പറഞ്ഞുതരാം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും കെജ്‌റിവാള്‍

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണവുമായി വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. ''ഐഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ആളാണ് ഞാന്‍. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്ന 10 വഴികള്‍ ഞാന്‍ പറഞ്ഞുതരാം'' എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെജ്‌റിവാള്‍ പറഞ്ഞു.

''പുനെയില്‍ മത്സരിച്ച ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വോട്ടെണ്ണലില്‍ ഒരു വോട്ടു പോലും ലഭിച്ചില്ല. തനിക്ക് ചെയ്ത് വോട്ടുകളെവിടെയെന്ന അയാളുടെ ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതല്ലേ? എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തിക്കൂട?'' കെജ്‌റിവാള്‍ ചോദിച്ചു.

രജൗറി ഗാര്‍ഡനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി ആം ആദ്മിയെ തകര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയാണ് ബിജെപിയുടെ മുഖ്യ ശത്രു. ബിജെപി ഉള്‍പ്പെട്ട അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിനാലാണ് താനും തന്റെ പാര്‍ട്ടിയും വേട്ടയാടപ്പെടുന്നതെന്ന് കെജ്‌റിവാള്‍ പറഞ്ഞു ആം ആദ്മി മന്ത്രിസഭ ജനങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി ഡല്‍ഹിയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിനാല്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ പലരും പ്രവര്‍ത്തിക്കുന്നതായും പറഞ്ഞു.