"സൂര്യകാന്തി വിത്ത് പോലെ ഗൗരി ഇന്ത്യയിലുടനീളം പൊട്ടിത്തെറിച്ചിരിക്കുകയാണ്"-കവിത ലങ്കേഷ്

സെപ്തംബര്‍ അഞ്ചിന് സനാതന്‍ സന്‍സ്ഥ എന്ന തീവ്ര ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെപ്പറ്റി സഹോദരി കവിതാ ലങ്കേഷ് എഴുതിയ കവിത, 'എന്‍റെ സഹോദരി, ആത്മമിത്രമേ ഗൗരി' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ

സൂര്യകാന്തി വിത്ത് പോലെ ഗൗരി
ഇന്ത്യയിലുടനീളം പൊട്ടിത്തെറിച്ചിരിക്കുകയാണ്-കവിത ലങ്കേഷ്
അവള്‍ തോന്നിയതെല്ലാം പറയുകയും

ഒച്ച വെക്കുകയും ചെയ്തു.

സവര്‍ണര്‍...ബ്രാഹ്മണര്‍ അങ്ങനെ എല്ലാം

അതിന്റെയെല്ലാം മനുഷ്യത്വമില്ലായ്മയെപ്പറ്റി...

അതിന്റെയെല്ലാം അനീതിയെപ്പറ്റി
ഒരു നിമിഷം,

ആ സ്ത്രീ തന്നെയാണോ ഇത്?

മൃദുവായ വാക്കുകളില്‍ സംസാരിച്ചിരുന്ന,

കുഞ്ഞുങ്ങളെയും

തൊട്ടുകൂടാത്തവരേയും

മുസ്ലീങ്ങളെയും

ന്യൂനപക്ഷങ്ങളെയും

മാവോയിസ്റ്റുകളെയും

സ്‌നേഹത്തോടെ വാരിപ്പുണര്‍ന്നവള്‍?
ചില പേപ്പട്ടികള്‍ കുരച്ചു,

അവള്‍ വേശ്യയാണെന്ന്.

ചിലരവളെ വ്യഭിചാരിയെന്ന് വിളിച്ചു.

അവള്‍ തനിച്ചായതുകൊണ്ടും

സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചതുകൊണ്ടും.
പക്ഷേ നൂറുകണക്കിനാളുകള്‍

അവളെ സഹോദരിയെന്ന് വിളിച്ചു

ആയിരങ്ങള്‍ അമ്മയെന്ന് വിളിച്ചു

ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ പറയുന്നു,

ഞങ്ങളെല്ലാം ഗൗരിയാണെന്ന്.കാറിന്റെ ജനാലയിലൂടെ സിഗരറ്റ് കുറ്റി

വലിച്ചെറിഞ്ഞയാളോട് ഗൗരി ദേഷ്യപ്പെട്ടു

അതൊരു ഇരുചക്ര വാഹനമോടിക്കുന്നയാളെ പൊള്ളിച്ചേക്കുമെന്ന്.അവളുടെ വീട് ഒരു പൂന്തോട്ടമായിരുന്നു.

ഒരു പാമ്പ് അതിനകത്ത് അലഞ്ഞുനടന്നിരുന്നു,

അത് ഇഴഞ്ഞുപോകുവോളം

അവള്‍ ക്ഷമയോടെ കാത്തുനിന്നിരുന്നു.

അതുവരെ അതിനെ തടയാതെ, ഉപദ്രവിക്കാതെ, കൊല്ലാതെ

അത് കടന്നുപോകുവോളം കാത്തുനിന്ന്, ജീവിക്കാനനുവദിച്ച്...

പക്ഷേ ഒടുവില്‍ ഇഴഞ്ഞുമാറാത്ത ഒരു പാമ്പ് വന്നു.

ഒരു പാമ്പ് മനുഷ്യന്‍.

ഒരു ഇരുചക്രവാഹനത്തില്‍.

ഗൗരിയിലെ തീയണയ്ക്കാന്‍.
ഗൗരിയെ നിശ്ശബ്ദയാക്കാനോ?

ഹഹ!! എന്തൊരു തമാശയാണത്!

സൂര്യകാന്തി വിത്ത് പോലെ ഗൗരി

ഇന്ത്യയിലുടനീളം പൊട്ടിത്തെറിച്ചിരിക്കുകയാണ്.

സമുദ്രങ്ങള്‍ക്കപ്പുറത്തേക്ക്.

ഇപ്പോള്‍ ഈ നിശ്ശബ്ദതയാണ് മന്ത്രിക്കുന്നത്,

പ്രതിധ്വനിച്ചുകൊണ്ട്

'ഞങ്ങളെല്ലാം ഗൗരിയാണ്.'

Read More >>