കശ്മീരില്‍ വേണ്ടത് രാഷ്ട്രീയപരിഹാരമല്ലേ? സൈനിക മേധാവിക്കു കവിത കൃഷ്ണന്റെ തുറന്ന കത്ത്

ഇന്ത്യന്‍ സൈനികര്‍ക്കിടയിലെ ആത്മഹത്യാ നിരക്കു വര്‍ധിക്കുന്ന കാര്യം താങ്കള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്. ന്യായമല്ലാത്ത കാര്യങ്ങള്‍ക്കു മറ്റുള്ളവരെ ഉപദ്രവിക്കാനോ വധിക്കാനോ ആവശ്യപ്പെടുന്നത് ഈ ആത്മഹത്യകള്‍ക്കുള്ള കാരണങ്ങളിലൊന്നായിക്കൂടേ?- ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറിയും സിപിഐ (എംഎല്‍) പോളിറ്റ് ബ്യൂറോ അംഗവും ലിബറേഷന്‍ മാസിക എഡിറ്ററുമായ കവിത കൃഷ്ണന്‍ ചോദിക്കുന്നു

കശ്മീരില്‍ വേണ്ടത് രാഷ്ട്രീയപരിഹാരമല്ലേ? സൈനിക മേധാവിക്കു കവിത കൃഷ്ണന്റെ തുറന്ന കത്ത്

പ്രിയപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത്

സൈനിക നടപടികളുമായി സഹകരിക്കാത്ത കശ്മീരികളെ വെടിവെച്ചുകൊല്ലാന്‍ മടിക്കില്ലെന്ന താങ്കളുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടു. സൈന്യത്തെ കല്ലെറിയുന്നവരേയും ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തുന്നവരേയും ഭീകരവാദികളായി പരിഗണിക്കുമെന്നും താങ്കള്‍ പറഞ്ഞു. എന്തുകൊണ്ടാണ് കശ്മീരി യുവത്വം ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഭീകരവാദികള്‍ക്കെതിരേയുള്ള സൈനിക നടപടി തടസ്സപ്പെടുത്തുകയും ചെയ്യുന്നത്? പാക്കിസ്ഥാന്റെ സ്വാധീനം കൊണ്ട് മാത്രമാണോ ഇത്? വഖാര്‍ അഹമ്മദ് മൊഹര്‍ഖാനെന്ന യുവാവിന്റെ എഴുത്തുകളും എന്തുകൊണ്ടാണ് അയാളുടെ കൈയില്‍ കല്ല് വന്നതെന്നും ചുണ്ടില്‍ ആസാദി മുദ്രാവാക്യം വന്നതെന്നും വായിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ നേരിടുന്ന 24കാരനായ വഖാര്‍ പറയുന്നത് താന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും എന്നാല്‍ ഇന്ത്യ എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുവെന്നുമാണ്. "സൈനികരുടെ ക്രൂരത നേരിട്ടറിയുന്നതുവരെ ഞാനൊരു സ്വപ്‌നദേശത്തായിരുന്നു ജിവിച്ചുവന്നത്," വഖാര്‍ പറയുന്നു. 2008ലെ ഒരു ദിവസം പാല്‍ വാങ്ങാനായി ബൈക്കില്‍ പോകുകയായിരുന്ന വഖാറിനെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. "ഞാനവരോട് വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. കര്‍ഫ്യൂ കഴിഞ്ഞതിനാല്‍ പാല്‍ വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞു," വഖാര്‍ പറയുന്നു. എന്നാല്‍ 12 അംഗ അര്‍ധസൈന്യം തന്നെ വണ്ടിയില്‍ നിന്നിറക്കി ലാത്തികളും തോക്കും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൂട്ടത്തിലൊരാള്‍ തന്റെ നിലവിളി പുറത്തുപോകാതിരിക്കാന്‍ വായില്‍ തോക്ക് കുത്തിയിറക്കിയതായി വഖാര്‍ പറയുന്നു. ഒടുവില്‍ മര്‍ദ്ദനമവസാനിപ്പിക്കുമ്പോള്‍ 'എല്ലാ കശ്മീരികളും വഞ്ചകരും പാക്കിസ്ഥാനികളുമാണ്' എന്ന് അവര്‍ പറഞ്ഞു. സമാന സംഭവം പലതവണ ആവര്‍ത്തിച്ച് സഹികെട്ടപ്പോള്‍ താന്‍ സൈന്യത്തെ കല്ലെറിഞ്ഞതായി വഖാര്‍ പറയുന്നു.

2010ല്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ 13കാരനായ സാഖിബ് പറയുന്നതിനെക്കുറിച്ചും ഞാന്‍ വായിച്ചു.

മേജര്‍ ശര്‍മയില്‍ നിന്നുള്ള ആസാദി

ആസാദി എന്ന വാക്ക് സാഖിബ് വ്യാഖ്യാനിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തിയ സംഘം മേജര്‍ ശര്‍മയില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നാണതെന്ന് കണ്ടെത്തി. സൈന്യത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്താല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് മേജര്‍ ശര്‍മയെന്ന സെനിക കമാന്‍ഡര്‍ ഷാഖിബിനെയും സുഹൃത്തുക്കളേയും എല്ലാ ദിവസവും സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തുമായിരുന്നു. ജനറല്‍ റാവത്ത്, ഈ സംഭവങ്ങള്‍ കല്ലെറിയല്‍ ചിലരുടെ പ്രവൃത്തിയുടെ ഫലമാണെന്നും പാക്കിസ്ഥാന്റെ പ്രവര്‍ത്തനഫലമല്ലെന്നും വ്യക്തമാക്കുന്നു. 50 ലക്ഷം ജനങ്ങളുള്ള കശ്മീരില്‍ 90,000 സൈനികരെ വിന്യസിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തിനാണ് ഇത്രയധികം സൈന്യത്തേയും അര്‍ധ സൈനിക വിഭാഗത്തേയും കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്?

മരണം പോലും ഭയമല്ലാതാകുമ്പോള്‍

കൊല്ലപ്പെടുമെന്ന ഭയം കശ്മീരി ജനതയെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടയുന്നുണ്ടോ? കശ്മീരിലെ ജനങ്ങള്‍ പ്രതിഷേധപ്രകടനത്തിനിടെ കൊല്ലപ്പെടുന്നത് വാര്‍ത്തയാകുന്നത് വളരെ അപൂര്‍വമാണ്. ഉദാഹരണത്തിന് 2010ല്‍ നാല് മാസത്തിനിടെ 112 കശ്മീരികളാണ് പ്രതിഷേധത്തിനിടെ പോലീസിന്റെയും സിആര്‍പിഎഫിന്റെയും വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷവും നൂറിലധികം കശ്മീരികള്‍ പ്രതിഷേധ സമരത്തിനിടെ കൊല്ലപ്പെട്ടു. 1,178 പേര്‍ക്ക് കണ്ണില്‍ പെല്ലറ്റുകള്‍ കൊണ്ട് പരിക്കേറ്റു (52 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 കുട്ടികളടക്കം 300 പേര്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു)

ഒരു ശവസംസ്‌കാരത്തില്‍ പങ്കെടുക്കുമ്പോള്‍ പോലും കൊല്ലപ്പെട്ടേക്കാമെന്ന അവസ്ഥയില്‍പ്പോലും തെരുവിലിറങ്ങുന്ന കശ്മീരികളെ ഭീകരവേട്ട തടസ്സപ്പെടുത്തിയാല്‍ കൊലപ്പെടുത്തുമെന്ന താങ്കളുടെ ഭീഷണി ഭയപ്പെടുത്തുമോ? ഇന്ത്യന്‍ ഭരണകൂടം കാലാകാലങ്ങളായി തുടരുന്ന നയം താങ്കള്‍ ഒന്ന് കൂടി വ്യക്തമാക്കുകയാണ് ചെയ്തതെന്ന് പറയുന്നതില്‍ ഖേദമുണ്ട്. ഈ നയം ഇതുവരെ ഫലം ചെയ്യാത്തതുമാണ്.

സൈനികര്‍ക്കിടയിലെ ഭിന്നത

കശ്മീരികളെ മാരകായുധങ്ങള്‍ ഉപയോഗിച്ചു നേരിടുന്ന സൈനികരെ വിന്യസിപ്പിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്യണമെന്ന് പല ഇന്ത്യക്കാര്‍ക്കും തോന്നാറുണ്ട്. ഇത്തരം നടപടികള്‍ ധീരദേശാഭിമാനികളായ കശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള അനാദരവാണ്. പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വരുന്ന സൈനികരെ ഇത്തരത്തില്‍ കശ്മീരി യുവാക്കളെ നേരിടാന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് താങ്കളോട് ചോദിക്കാമോ? ഇനി ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂറിനെപ്പോലെ എന്തെങ്കിലും പരാതികള്‍ ഉന്നയിച്ചാല്‍ അങ്ങനെ ചെയ്യുന്നവരെ കശ്മീരികളെ നേരിടുന്നതുപോലെ സൈന്യം നേരിടില്ലേ? ശത്രുരാജ്യത്തുള്ളവരെ നേരിടാനാണ്, അല്ലാതെ സ്വന്തം ജനത്തെ നേരിടാനല്ല ഒരു രാജ്യത്തിന്റെ സായുധസേനയെ ഉപയോഗിക്കേണ്ടത്. ഇന്ത്യന്‍ സൈനികര്‍ക്കിടയിലെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്ന കാര്യം താങ്കള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്. ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ഉപദ്രവിക്കാനോ വധിക്കാനോ ആവശ്യപ്പെടുന്നത് ഈ ആത്മഹത്യകള്‍ക്കുള്ള കാരണങ്ങളിലൊന്നായിക്കൂടേ? കശ്മീരി ജനതയുടേയും കശ്മീരില്‍ വിന്യസിപ്പിച്ചിരിക്കുന്ന സൈനികരുടേയും നന്മയ്ക്കായി കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഒരു രാഷ്ട്രീയ പരിഹാരമല്ലേ വേണ്ടത്?