കശ്മീര്‍ റീഡര്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായി

ജിഎസ്ടിക്ക് എതിരായ മുഖപ്രസംഗമാണ് കശ്മീര്‍ റീഡര്‍ ഫെയ്സ്ബുക്ക് പേജില്‍ അവസാനം പ്രസിദ്ധീകരിച്ചത്. കശ്മീരി ജനതയ്ക്ക് നേരെ ഭരണകൂടം നടപ്പാക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രമെന്ന നിലയിലാണ് കശ്മീര്‍ റീഡര്‍ വിലയിരുത്തപ്പെടുന്നത്. കശ്മീരിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ് എന്ന കാരണം കാണിച്ച് കഴിഞ്ഞ ഒക്ടോബറില്‍ കശ്മീര്‍ റീഡര്‍ നിരോധിച്ചിരുന്നു.

കശ്മീര്‍ റീഡര്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായി

കശ്മീര്‍ റീഡര്‍ വെബ്‌സൈറ്റ് ഓണ്‍ലെെനില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്നലെ രാത്രിമുതലാണ് വെബ്സെെറ്റ് കാണാതായത്. രാത്രി 10.37 മുതല്‍ ഇതുവരെ കശ്മീര്‍ റീഡറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടുമില്ല. 20 മണിക്കൂറുകള്‍ക്ക് മുമ്പാണ് കശ്മീര്‍ റീഡറിന്‍റെ അവസാനത്തെ അപ്ഡേറ്റ്. എന്നാല്‍, ഇന്നത്തെ ഇ-പേപ്പര്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് അപ്രത്യക്ഷമാകാനുള്ള കാരണം വ്യക്തമല്ല. ഇതേപ്പറ്റി അന്വേഷിക്കാന്‍ കശ്മീര്‍ റീഡര്‍ ഓഫീസിലെ ടെലിഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.



കശ്മീരി ജനതയ്ക്ക് നേരെ ഭരണകൂടം നടപ്പാക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രമെന്ന നിലയിലാണ് കശ്മീര്‍ റീഡര്‍ വിലയിരുത്തപ്പെടുന്നത്. കശ്മീരിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ് എന്ന കാരണം കാണിച്ച് കഴിഞ്ഞ ഒക്ടോബറില്‍ കശ്മീര്‍ റീഡര്‍ നിരോധിച്ചിരുന്നു. പിഡിപിയും ബിജെപിയും ചേര്‍ന്ന് ഭരിക്കുന്ന ജമ്മു കശ്മീര്‍ സര്‍ക്കാരാണ് പത്രത്തിന് നിരോധനമേര്‍പ്പെടുത്തിയത്. എഡിറ്ററെയോ മറ്റ് ചുമതലക്കാരെയോ മുന്‍കൂട്ടി അറിയിക്കാതെ നടപ്പാക്കിയ നിരോധനം മൂന്നുമാസത്തോളം നീണ്ടുനിന്നു. ഇതോടൊപ്പം പത്രത്തിന്‍റെ ഓഫീസില്‍ റെയ്ഡും നടന്നിരുന്നു. ഒക്ടോബര്‍ 2ന് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് കശ്മീര്‍ റീഡര്‍ നിരോധിച്ചത്.

ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തോടെയാണ് കശ്മീര്‍ റീഡര്‍ തടസ്സങ്ങള്‍ നേരിട്ടുതുടങ്ങിയത്. പിന്നീട് കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുടെ പ്രവര്‍ത്തന ഫലമായാണ് കശ്മീര്‍ റീഡറിനുമേലുള്ള നിരോധനം എടുത്തുകളഞ്ഞത്. ഏകപക്ഷീയമായ നിരോധനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധമുയര്‍ന്നിരുന്നു.

എന്‍ഡിടിവിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ദിവസത്തെ നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായിരുന്ന ജനകീയ പ്രതിഷേധം കശ്മീര്‍ റീഡറിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നും ആരോപണമുയര്‍ന്നിരുന്നു.

ജിഎസ്ടിയെക്കുറിച്ചാണ് കശ്മീര്‍ റീഡറില്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം. ഫോള്‍ട്ടി റോള്‍ ഔട്ട് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കശ്മീരില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ മള്‍ട്ടി ലെവല്‍ ടാക്‌സേഷന്‍ കശ്മീരി ജനതയെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും ജിഎസ്ടി നടപ്പിലാക്കുന്നതില്‍ സംസ്ഥാന ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകളും ചൂണ്ടിക്കാട്ടിയുള്ളതാണ് എഡിറ്റോറിയല്‍.

പുതിയ നികുതി നയം നടപ്പിലാക്കിയതില്‍ പിഴവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച രീതിയില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കശ്മീരികള്‍ക്ക് കഴിയുമായിരുന്നു. ഏതൊരു സാമ്പത്തിക പരിഷ്‌കരണവും പെട്ടെന്നു നടപ്പാക്കുന്നതിനേക്കാള്‍ നല്ലത് പതുക്കെ നടപ്പിലാക്കുന്നതാണ്. ജനങ്ങള്‍ക്ക് പരിഗണന നല്‍കാതെയും മുന്‍കരുതലില്ലാതെയുമാണ് ജമ്മു കശ്മീരില്‍ ജിഎസ്ടി നടപ്പിലാക്കിയത്. ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം സാധനങ്ങള്‍ക്ക് വില കൂടിയിട്ടേ ഉള്ളൂ. വ്യവസായ മേഖലയെയും ഇത് ബാധിച്ചു. പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും ആശങ്കകളുമാണ് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ജിഎസ്ടി നടപ്പാക്കലിന് തയ്യാറെടുത്തിരുന്നില്ല. യഥാര്‍ത്ഥ പ്രശ്‌നം ഭരണസംവിധാനങ്ങളും ജനങ്ങളും തമ്മിലുള്ള അകലം തന്നെയാണ്. പൊടുന്നനെയുള്ള ഒരു സാമ്പത്തിക പരിഷ്‌കരണം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതും ആശങ്കപ്പെടുന്നതും ഈ അകലം കാരണമാണ്, എഡിറ്റോറിയല്‍ പറയുന്നു.

'ജിഎസ്ടിക്കെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് കശ്മീരി വ്യാപാരികള്‍' എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയും 21 മണിക്കൂറുകള്‍ക്ക് മുമ്പ് കശ്മീര്‍ റീഡറില്‍ പ്രസിദ്ധീകരിച്ചിരുന്നു.


കശ്മീരിലെ പ്രധാന വ്യവസായമായ പരവതാനി വ്യാപാരത്തെ ജിഎസ്ടി ദോഷകരമായി ബാധിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശല വ്യവസായ മേഖലയാണിത്. ഇന്ന് അതിജീവന പ്രതിസന്ധി നേരിടുകയാണ് പരവതാനി വില്‍പനക്കാര്‍. തൊഴിലില്ലായ്മയും പണമില്ലായ്മയും ജിഎസ്ടി കാരണമാണ് എന്ന് ഈ വ്യാപാരികള്‍ പറയുന്നു.


Read More >>