കാശ്മീര്‍, ലോകത്തിനു മുന്നിലെ പുതിയ ചിത്രമായി കല്ലെറിയുന്ന പെണ്‍കുട്ടികള്‍!

ഭരണകൂടം ഞങ്ങളെ എല്ലാ കോണുകളില്‍ നിന്നും ഞെരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ ഞങ്ങളെങ്ങനെ സമരം ചെയ്യാതെ മാറി നില്‍ക്കും? കശ്മീര്‍ പ്രശ്നം എന്നെന്നേക്കുമായി അവസാനിക്കേണ്ട സമയമായിരിക്കുന്നു- കോഹി ബാഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി ക്ഷോഭത്തോടെ ദി ഹിന്ദു ദിനപ്പത്രത്തോട് പറഞ്ഞു.

കാശ്മീര്‍, ലോകത്തിനു മുന്നിലെ പുതിയ ചിത്രമായി കല്ലെറിയുന്ന പെണ്‍കുട്ടികള്‍!

കശ്മീരില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും കോളജുകളും തുറന്ന ആദ്യ ദിവസം തന്നെ സൈന്യവും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. വര്‍ഷങ്ങളായി നടക്കുന്ന ഏറ്റുമുട്ടലില്‍ സായുധരായ സൈന്യത്തിന് നേരെ കല്ലെറിയുന്നത് ആണ്‍കുട്ടികളായിരുന്നു. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ യൂണിഫോം ധരിച്ച സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളും പങ്കെടുത്തത് ആഗോളതലത്തില്‍ മാധ്യമശ്രദ്ധയാകര്‍ഷിച്ചു.


പരമ്പരാഗത ഇസ്ലാമിക വസ്ത്രങ്ങളും ഹിജാബുമൊക്കെ ധരിച്ച പെണ്‍കുട്ടികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി സൈന്യത്തിന് നേരെ കല്ലെറിഞ്ഞത്. കല്ലെറിയുകയും പോലീസ് വാഹനത്തെ ചവിട്ടിയുമൊക്കെയാണ് പെണ്‍കുട്ടികള്‍ അവരുടെ പ്രതിഷേധം തീര്‍ത്തത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ കല്ലേറില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലാല്‍ചൗക്കിലെ പ്രശസ്തമായ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പ്രധാനമായും പങ്കെടുത്തത്. ഇവരെക്കൂടാതെ സമീപത്തുള്ള കോഹി ബാഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗ്രനേഡുകളും പിഎവിഎ ഷെല്ലുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്തിരിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് കോളേജ് ക്യാമ്പസിനകത്തും പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നേരം നടന്ന പ്രതിഷേധത്തിനിടെ പെണ്‍കുട്ടികള്‍ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി അതില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തു.

''കശ്മീരി ജനത ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടം ഞങ്ങളെ എല്ലാ കോണുകളില്‍ നിന്നും ഞെരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ ഞങ്ങളെങ്ങനെ സമരം ചെയ്യാതെ മാറി നില്‍ക്കും? കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി അവസാനിക്കേണ്ട സമയമായിരിക്കുന്നു'' കോഹി ബാഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി ക്ഷോഭത്തോടെ ദി ഹിന്ദു ദിനപ്പത്രത്തോട് പറഞ്ഞു.