കശ്മീര്‍ പ്രക്ഷോഭവും ഇസ്ലാമികവത്കരണവും: വസ്തുതയെന്ത്?

ആസാദി എന്ന മുദ്രാവാക്യത്തിനു പകരമായി ഇസ്ലാമികവത്കരണത്തിനുതകുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചില ഭീകര സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയോടും പാക്കിസ്ഥാനോടും ചേര്‍ന്നു നില്‍ക്കാത്ത ഇസ്ലാമികവത്കരണം ലക്ഷ്യമിടുന്ന ഭീകരസംഘടനകള്‍ക്ക് കശ്മീര്‍ താഴ്‌വരയില്‍ പ്രസക്തിയുണ്ടെന്ന് കരുതുന്നവരുമുണ്ട്.

കശ്മീര്‍ പ്രക്ഷോഭവും ഇസ്ലാമികവത്കരണവും: വസ്തുതയെന്ത്?

കശ്മീര്‍ പ്രക്ഷോഭം ഇസ്ലാമികവത്കരണത്തിലേക്കു വഴിമാറുന്നുവോ? നിങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഏത് ആശയ അടിത്തറയില്‍ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുക. കശ്മീരിലെ ഭീകരവാദത്തിന് ഇസ്ലാമിക നിറം ലഭിക്കുന്നതായി ദേശീയ മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ കശ്മീരിലെ വിഘടനവാദികള്‍ ഈ ആരോപണം നിഷേധിക്കുകയും സംസ്ഥാനത്തെ 'സ്വാതന്ത്ര്യ' പോരാട്ടങ്ങളെ താറടിച്ചു കാണാനുള്ള ശ്രമമാണിതെന്നും പറയുന്നു.

ഇന്ത്യന്‍ ഏജന്‍സികള്‍ കശ്മീരിനെക്കുറിച്ച് അപവാദപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ഹുറിയത് നേതാക്കളായ സയ്യിദ് ഗിലാനി, യാസീന്‍ മാലിക്, മിര്‍വൈസ് ഉമര്‍ ഫാറൂഖ് എന്നിവര്‍ തിങ്കളാഴ്ച സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. ''ഞങ്ങളുടെ സമരം ഐസിസിന്റെയോ അല്‍ ഖ്വയ്ദയുടെയോ മാതൃകയിലല്ല. ഈ സംഘടനകള്‍ക്കു കശ്മീരില്‍ സ്വാധീനമില്ല'- അവർ പറയുന്നു. കശ്മീരില്‍ ഒറ്റുകാരെ നിയോഗിച്ച് ലോകത്തിനു മുന്നില്‍ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാന്‍ സർക്കാർ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

നിലവിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ വിലകുറച്ചു കാണിക്കാനും കശ്മീര്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ക്കൊണ്ടുവരാനുമായി സർക്കാർ ചില ഭീകരസംഘനകളുടെ മറവില്‍ കൊലപാതം, കൊള്ളയടി, വിധ്വംസകപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതായും ഇവര്‍ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ വിശുദ്ധ യുദ്ധം എന്ന പേരില്‍ വില കുറഞ്ഞ കളികള്‍ ആരംഭമിച്ചതായും ഇവര്‍ കുറപ്പെടുത്തി. ജനങ്ങള്‍ക്കും പോരാളികള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള തന്ത്രമാണിത്. കുറ്റവാസനയുള്ള ചിലരെ കൂലിക്കെടുത്ത് സർക്കാർ സംസ്ഥാനത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം, കശ്മീരില്‍ ഐസിസിനു സ്വാധീനമുള്ളതായി കേന്ദ്ര സർക്കാരിനു സംശയമുണ്ട്. കശ്മീരിലെ ഐസിസിന്റെ സാന്നിധ്യം ഗുരുതരമായ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞമാസം മുംബൈയില്‍ പറഞ്ഞിരുന്നു. ''കശ്മിരീലെ ഐസിസ് സാന്നിധ്യം ഗുരുതരമായ ഒരു പ്രശ്‌നമാണ്. അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണം. ഈ ഭീകരസംഘടന കശ്മീരില്‍ അവരുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എന്തുവില കൊടുത്തും ഐസിസിനെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്'' സ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കയുടേയും ഇസ്രയേലിന്റെയും സഹായം തേടണം. അമേരിക്കയ്ക്ക് അത്യാധുനിക ആയുധങ്ങളും ഇസ്രയേലിനു തന്ത്രങ്ങളുമുണ്ട്. ഐസിസിന്റെ സാന്നിധ്യത്തോടെ കശ്മീര്‍ വിഷയം ഇന്ത്യ-പാക് തര്‍ക്കത്തിനപ്പുറത്തേക്കു വളര്‍ന്നതായും സ്വാമി പറഞ്ഞു.

ഈയിടെ ചില ഭീകരര്‍ നടത്തിയ പ്രസ്താവനകള്‍ കശ്മീര്‍ വിഷയം ഇസ്ലാമികവത്കരണമായി മാറുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. ''ഏതെങ്കിലും സംഘടനയ്ക്കോ രാജ്യത്തിനോ വേണ്ടിയല്ല ഞങ്ങളുടെ പോരാട്ടം, മറിച്ച് ഇസ്ലാമിനു വേണ്ടിയാണ്''- മുഖം മൂടി ധരിച്ച ഭീകരരിലൊരാള്‍ ജനക്കൂട്ടത്തോടു പറഞ്ഞു. ''ഒരിക്കല്‍ നമ്മള്‍ ഇന്ത്യയിലുമെത്തും. എന്നിട്ട് അവിടെ ഇസ്ലാമിക നിയമം നടപ്പാക്കും. പാക്കിസ്ഥാനിലും ഇസ്ലാമിക നിയമമല്ല ഇപ്പോഴുള്ളത്. അതിനാല്‍ പാക്കിസ്ഥാനിലും ഞങ്ങൾ അതിനായി പോകും'' ഭീകരന്‍ പറയുന്നു.

''പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തരുത്. ഞാന്‍ പറയുന്ന ശരിഅഃ നിയമത്തെക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചുമുള്ള വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. നമുക്ക് ശരിഅഃ നിയമം ആവശ്യമാണ്. പാക്കിസ്ഥാന്‍ പതാകയില്‍ കലിമ ഇല്ല''- ഭീകരരിലൊരാള്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനാണ് താലിബാന്‍ പോരാട്ടം നടത്തുന്നതെന്ന് സംഘടനയുടെ കമാന്‍ഡര്‍ വ്യക്തമാക്കി. ഭീകരന്‍മാര്‍ പിരിയുന്നതിനു മുമ്പ് ജനക്കൂട്ടം അവര്‍ക്കനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

അതേസമയം, ഇത്തരം കാര്യങ്ങളില്‍ ജനത്തിനു കടുത്ത ആശങ്കയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആസാദി എന്ന മുദ്രാവാക്യത്തിനു പകരമായി ഇസ്ലാമികവത്കരണത്തിനുതകുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചില ഭീകര സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയോടും പാക്കിസ്ഥാനോടും ചേര്‍ന്നു നില്‍ക്കാത്ത ഇസ്ലാമികവത്കരണം ലക്ഷ്യമിടുന്ന ഭീകരസംഘടനകള്‍ക്ക് കശ്മീര്‍ താഴ്‌വരയില്‍ പ്രസക്തിയുണ്ടെന്ന് കരുതുന്നവരുമുണ്ട്. പാക് അധിനിവേശ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ദി യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഇത്തരം സംഘടനകള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

പാക്കിസ്ഥാന്‍ പതാകയ്‌ക്കെതിരെ സംസാരിക്കുന്നത് തുടരുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ''മുജാഹിദീന്‍ ആണെന്ന വ്യാജേന പാക്കിസ്ഥാനെയും അവരുടെ പതാകയേയും എതിര്‍ക്കുകയും തെഹ്‌റീക് എ താലിബാന്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്''- ദി യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ വക്താവ് സയ്യിദ് സദാഖത് ഹുസൈന്‍ ഒരു പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തിയതായും അവര്‍ക്കു തിരിച്ചടി നല്‍കുമെന്നും ഹുസൈന്‍ പറഞ്ഞു. ഹിസ്ബുൽ മുജാഹുദ്ദീന്റെ കശ്മീര്‍ കമാന്‍ഡറും ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സക്കീര്‍ മൂസ ഈയിടെ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഭീകരര്‍ ശരിഅഃ നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നു പറഞ്ഞിരുന്നു.

അതേസമയം, 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൊരിടത്തും ആസാദി, പാക്കിസ്ഥാന്‍ എന്നീ വാക്കുകള്‍ പറയുന്നുണ്ടായിരുന്നില്ല. ദി യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിനെതിരെയും മൂസ വീഡിയോയില്‍ ഒന്നും പറഞ്ഞില്ല. ഇക്കാര്യങ്ങളൊക്കെ കശ്മീരിലെ ഭീകരവാദത്തിലുണ്ടായ ആശയപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്ലാമികവത്കരണം ലക്ഷ്യമിടുന്ന ഭീകര സംഘടനകള്‍ വിഘടിച്ചാല്‍ മാത്രമേ ഈ അവസ്ഥയില്‍ മാറ്റം വരൂ. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം കശ്മീര്‍ വിഷയം കൂടുതല്‍ രൂക്ഷമാകാനേ സഹായിക്കൂ.