കര്‍ണാടകത്തിന് പ്രത്യേക പതാക; നിയമസാധുത പരിശോധിക്കാന്‍ ഒമ്പതംഗ സമിതി

കര്‍ണാടകയില്‍ നടക്കുന്ന ഹിന്ദി വിരുദ്ധ സമരങ്ങളുമായി പ്രത്യേക പതാക എന്ന ആവശ്യത്തിന് ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകത്തിന് പ്രത്യേക പതാക; നിയമസാധുത പരിശോധിക്കാന്‍ ഒമ്പതംഗ സമിതി

കര്‍ണാടകത്തിന് പ്രത്യേക പതാക രൂപരേഖ ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ് ഗവണ്മെന്റ്. സംസ്ഥാനത്തിന് പ്രത്യേക പതാക തയ്യാറാക്കുന്നതോടെ രാജ്യത്ത് പ്രത്യേക പതാകയുള്ള രണ്ടാമത്തെ സംസ്ഥാനമാകും കര്‍ണാടക. കശ്മീരിനാണ് നിലവില്‍ പ്രത്യേക പതാകയുള്ളത്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് പ്രത്യേക പതാക രൂപരേഖ ചെയ്യുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് ഒമ്പതംഗ സമിതിയെ നിയമിച്ചു.

കന്നഡ രാജ്യോത്സവ ദിവസമായ നവംബര്‍ ഒന്നിന് സംസ്ഥാനത്ത് പ്രത്യക്ഷപ്പെടാറുള്ള മഞ്ഞയും ചുവപ്പും നിറങ്ങളുള്ള പതാക തന്നെയാണ് സംസ്ഥാനത്തിന്റെ പ്രത്യേക പതാകയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

2012ല്‍ ബിജെപി ഭരണകാലത്ത് കര്‍ണാടകയ്ക്ക് പ്രത്യേക പതാക എന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല, രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സൂചിപ്പിക്കുന്ന ദേശീയ പതാക നിലവിലുള്ളപ്പോള്‍ മറ്റൊരു പതാക എന്തിനാണ് എന്നും സംസ്ഥാനങ്ങള്‍ പ്രത്യേക പതാക ഉണ്ടാക്കിയാല്‍ ദേശീയ പതാകയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നും സാംസ്‌കാരിക മന്ത്രി ഗോവിന്ദ് കര്‍ജോള്‍ പറഞ്ഞു. പ്രാദേശിക വാദത്തെയും അത് ശക്തിപ്പെടുത്തുമെന്നും കര്‍ജോള്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

കന്നഡ സ്വത്വവാദവുമായി ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ് പ്രത്യേക പതാകയ്ക്കുള്ള ആവശ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളെയെല്ലാം എതിര്‍ക്കുന്നതിന്റെ ഭാഗമാണ് ഈ പ്രത്യേക പതാകയും. ബംഗളൂരു മെട്രോയില്‍ ഹിന്ദിയിലെഴുതിയ നെയിംബോര്‍ഡുകള്‍ മായ്ച്ച് കളഞ്ഞ് പ്രതിഷേധിച്ചിരുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പ്രത്യേക പതാകയെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞു. പ്രത്യേക പതാക രൂപരേഖ ചെയ്യാനും അതിന്റെ നിയമസാധുത പരിശോധിക്കാനുമുള്ള സമിതിക്ക് ഗവര്‍ണര്‍ അനുമതി നല്‍കി.


Read More >>