മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് കത്ത്; ഞെട്ടിത്തരിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം

മുതിര്‍ന്ന നേതാവായ ജാഫര്‍ ഷരീഫാണ് കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്

മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് കത്ത്; ഞെട്ടിത്തരിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്, പ്രധാനമന്ത്രിക്ക് കത്തയച്ചു. മുതിര്‍ന്ന നേതാവായ ജാഫര്‍ ഷരീഫാണ് കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് സ്വാഭാവികമായും പല തത്വങ്ങളിലും ആശയങ്ങളിലും വിശ്വസിക്കുന്നവരുണ്ടാകും. മോഹന്‍ഭാഗവതിനും അത്തരമൊരു ആശയമുണ്ട് പക്ഷെ അദ്ദേഹം തികഞ്ഞ രാജ്യസ്‌നേഹിയാണെന്നും അതിലൊരു സംശയവും വേണ്ടെന്നും ജാഫര്‍ ഷെരീഫ് പറഞ്ഞു. മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കുന്നതിനെ ആരും എതിര്‍ക്കില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ഷരീഫിന്റെ കത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. മോഹന്‍ഭാഗവതിനെ രാഷ്ട്രപതിയാക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗൗരവ് ഗോഗോയ് വ്യക്തമാക്കി. ജാഫര്‍ ഷരീഫിനെതിരേ പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

ശിവസേനയാണ് നേരത്തെ സമാന ആവശ്യവുമായി രംഗത്തുവന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാവണമെങ്കില്‍ മോഹന്‍ ഭാഗവത് രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തണമെന്നായിരുന്നു ശിവസേനയുടെ നിലപാട്. വരുന്ന ജൂലൈ 24 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പദവി കാലാവധി അവസാനിക്കാനിരിക്കെയാണ് മോഹന്‍ ഭാഗവതിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.