ആം ആദ്മി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി കപില്‍ മിശ്ര എംഎല്‍എ അനിശ്ചിതകാല നിരാഹാര സമരത്തില്‍

വിദേശയാത്രകള്‍ നടത്തുന്നതിന് എഎപി നേതാക്കള്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതുവരെ താൻ നിരാഹാരമിരിക്കുമെന്ന് കപില്‍ മിശ്ര ഡല്‍ഹിയില്‍ അറിയിച്ചു. എഎപി നേതാക്കളായ സത്യേന്ദ്ര ജെയ്ന്‍, ആശിഷ് ഖേതന്‍, രാഘവ് ചദ്ധ, സഞ്ജയ്, ദുര്‍ഗേഷ് പതക്ക് എന്നിവര്‍ നിയമവിരുദ്ധമായ പണം ഉപയോഗിച്ച് വിദേശയാത്രകള്‍ നടത്തിയതായി കപില്‍ മിശ്ര ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി  കപില്‍ മിശ്ര എംഎല്‍എ അനിശ്ചിതകാല നിരാഹാര സമരത്തില്‍

അരവിന്ദ് കെജ്രിവാളിനെതിരെ പരസ്യമായി കോഴ ആരോപണം ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനെ തുടർന്ന് സസ്പെൻഷനിലായ മുൻ മന്ത്രിയും എംഎൽഎയുമായ കപിൽ മിശ്ര നിരാഹാര സമരത്തിൽ. എഎപി നേതാക്കളുടെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കപിൽ മിശ്രയുടെ സമരം.

വിദേശയാത്രകള്‍ നടത്തുന്നതിന് എഎപി നേതാക്കള്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതുവരെ താൻ നിരാഹാരമിരിക്കുമെന്ന് കപില്‍ മിശ്ര ഡല്‍ഹിയില്‍ അറിയിച്ചു. എഎപി നേതാക്കളായ സത്യേന്ദ്ര ജെയ്ന്‍, ആശിഷ് ഖേതന്‍, രാഘവ് ചദ്ധ, സഞ്ജയ്, ദുര്‍ഗേഷ് പതക്ക് എന്നിവര്‍ നിയമവിരുദ്ധമായ പണം ഉപയോഗിച്ച് വിദേശയാത്രകള്‍ നടത്തിയതായി കപില്‍ മിശ്ര ആരോപിച്ചു.

തനിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഫോണിലൂടെ വിദേശ നമ്പരിൽ നിന്നടക്കം വധഭീഷണി ലഭിച്ചതായും എന്നാല്‍ താനതിനെയൊന്നും ഭയക്കുന്നില്ലെന്നും മിശ്ര പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ തുടങ്ങിയവര്‍ക്കെതിരെ കപില്‍ മിശ്ര ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ഒരു തുറന്ന കത്തിലൂടെയാണ് കപിൽ മിശ്ര നേതാക്കളുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എഎപിയെ വീണ്ടും പ്രതിരോധത്തിലാക്കിയത്. കത്തിന്റെ പൂർണരൂപം അദ്ദേഹം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ വെല്ലുവിളിച്ച് കഴിഞ്ഞദിവസം മറ്റൊരു കത്ത് കപിൽ മിശ്ര പോസ്റ്റ് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പോലും പണമില്ലെന്ന് പാർട്ടി നേതൃയോഗങ്ങളിൽ കെജ്രിവാൾ ആവർത്തിക്കുമ്പോഴാണ് പാർട്ടി നേതാക്കൾ തുടർച്ചയായി വിദേശയാത്രകൾ നടത്തുന്നതെന്ന് കപിൽ മിശ്ര ആരോപിച്ചു. ഈ യാത്രകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടാൽ ഒരുനിമിഷം പോലും അധികാര‍ത്തിൽ തുടരാൻ എഎപി സർക്കാരിനെ ജനങ്ങൾ അനുവദിക്കില്ലെന്നും മിശ്ര ചൂണ്ടിക്കാട്ടി.

കെജ്രിവാൾ സർക്കാരിൽ ജലവിഭവമന്ത്രിയായിരുന്ന കപിൽ മിശ്രയെ വകുപ്പ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മന്ത്രിസഭയിൽനിന്നു പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി സത്യേന്ദ്ര ജയിനിൽനിന്ന് കെജ്രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നതു താൻ കണ്ടെന്നു വ്യക്തമാക്കി കപിൽ മിശ്ര രം​ഗത്തെത്തിയത്. ഇതേ തുടർന്നാണ് കപിൽ മിശ്രയെ ആം ആദ്മി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.