അക്രമാസക്തമായി കൻവാർ യാത്ര; 70 മുസ്ലിം കുടുംബങ്ങൾ നാടു വിട്ടു; യുപിയിൽ റെഡ് കാർഡ് നോട്ടീസ്

മീററ്റില്‍ ദളിതര്‍ കന്‍വാര്‍ യാത്ര കണ്ടതിന്റെ പേരില്‍ രജ്പുത് വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ കഴിഞ്ഞ ദിവസം ഒരു ദളിത് യുവാവ് കൊല്ലപ്പെട്ടിരുന്നു.

അക്രമാസക്തമായി കൻവാർ യാത്ര; 70 മുസ്ലിം കുടുംബങ്ങൾ നാടു വിട്ടു; യുപിയിൽ റെഡ് കാർഡ് നോട്ടീസ്

വ്യാപക അക്രമം അഴിച്ചു വിട്ട് കൻവാർ തീർത്ഥ യാത്ര. മുന്‍വര്‍ഷങ്ങളിലേത് പോലെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഈ വര്‍ഷവും ഒരുക്കിയിരുന്നെങ്കിലും പലയിടങ്ങളിലും ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം തീര്‍ത്ഥാടകര്‍ക്കിടയിലൂടെ കടന്നുപോവാന്‍ ശ്രമിച്ച കാര്‍ കമ്പും പൈപ്പും കല്ലും ഉപയോഗിച്ച് ഇവർ തല്ലിത്തകര്‍ത്തിരുന്നു. ഉത്തര്‍പ്രദേശില്‍ ഭീതി വിതച്ചു കൊണ്ടാണ് കന്‍വാര്‍ തീര്‍ത്ഥയാത്ര തുടരുന്നത്. അതീവ സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് അക്രമത്തെ തുടര്‍ന്ന് പൊലീസ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വര്‍ഗ്ഗീയ കലാപം നടന്ന മുസഫര്‍ നഗറിലായിരുന്നു തീര്‍ത്ഥാടകര്‍ കാറ് തകര്‍ത്തത്. അക്രമത്തില്‍ നിന്നും യാത്രക്കാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഡല്‍ഹിയിലെ മാട്ടിനഗറില്‍ അക്രമം നടത്തിയ രണ്ട് കന്‍വാര്‍ തീര്‍ത്ഥാടകരെ ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രയ്ക്കിടെ അക്രമം ഉണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പോലീസ് തന്നെ അക്രമസാധ്യത റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ഉത്തര്‍പ്രദേശിലെ ബറൈലി ജില്ലയിലെ ഖൈലം ഗ്രാമത്തിലെ 70 ഓളം മുസ്ലിം കുടുംബങ്ങള്‍ നാടുവിട്ടുപോയി. ഇവര്‍ക്ക് സുരക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സുരക്ഷ കിട്ടുന്നില്ലെപരാതികള്‍ ഉയരുന്നുണ്ട്. റെഡ്കാര്‍ഡ് നല്‍കിയതിന് പുറമേ ഹിന്ദുക്കളും മുസ്ലിങ്ങളുമടങ്ങുന്ന ഇരുന്നൂറ്റി അന്‍പതോളം വരുന്ന കുടുംബങ്ങളെ കൊണ്ട് പോലീസ് അഞ്ചു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിവെപ്പിച്ചിട്ടുണ്ട്. യാത്രക്കിടെ അക്രമമുണ്ടാക്കിയാല്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് നല്‍കിയ റെഡ്കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മീററ്റില്‍ ദളിതര്‍ കന്‍വാര്‍ യാത്രകണ്ടതിന്റെ പേരില്‍ രജ്പുത് വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ കഴിഞ്ഞ ദിവസം ഒരു ദളിത് യുവാവ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ മൂന്ന് രജ്പുത് വിഭാഗക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്ക് ശിവഭക്തര്‍ നടത്തുന്ന തീര്‍ത്ഥയാത്ര 13 ദിവസം നീണ്ടു നില്‍ക്കും. മുസ്ലിം കുടുംബങ്ങള്‍ ഒഴിഞ്ഞു പോയതിനെ തുടര്‍ന്ന് സംഘര്‍ഷം ഭയന്ന് പല നോണ്‍വെജ് ഹോട്ടലുകളും വെജിറ്റേറിയന്‍ ആക്കിയിട്ടുണ്ട്. അല്ലാത്തവര്‍ ഹോട്ടലുകള്‍ അടച്ചിട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കന്‍വാര്‍ യാത്രയുടെ പതിമൂന്നാം ദിവസം മാത്രമായിരുന്നു ഹോട്ടലുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കില്‍ ഈ വര്‍ഷം 13 ദിവസങ്ങളിലും നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Read More >>