പശുവിനെ നായികയാക്കി ബോളിവുഡ് സിനിമയിറക്കിയാല്‍ ബാഹുബലിയുടെ പത്തിരട്ടി വിജയമാകുമെന്ന് ജസ്റ്റിസ് കട്ജു

ദി പ്ലാനറ്റ് ഓഫ് ദി എയ്പ്‌സ് എന്ന സിനിമയുടെ മാതൃകയില്‍ പശുക്കള്‍ ഇന്ത്യക്കാരെ കീഴടക്കുകയും അടിമകളാക്കി വയ്ക്കുകയും ചെയ്യുന്ന 'ദി പ്ലാനറ്റ് ഓഫ് ദി കൗസ്' എന്നൊരു സിനിമയെടുക്കാന്‍ ഞാന്‍ ബോളിവുഡ് നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു-കട്ജു പറയുന്നു

പശുവിനെ നായികയാക്കി ബോളിവുഡ് സിനിമയിറക്കിയാല്‍ ബാഹുബലിയുടെ പത്തിരട്ടി വിജയമാകുമെന്ന് ജസ്റ്റിസ് കട്ജു

മൂര്‍ച്ചയേറിയ പരിഹാസത്തോടെയുള്ള വിമര്‍ശനമാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ മറ്റ് പലരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഗോസംരക്ഷകരെന്ന പേരില്‍ ചിലര്‍ രാജ്യത്ത് അക്രമം അഴിച്ചുവിടുന്നതിനെതിരെയാണ് കട്ജുവിന്റെ ഏറ്റവുമൊടുവിലത്തെ പ്രതികരണം. പശുക്കളെ കേന്ദ്രകഥാപാത്രമാക്കി ഇന്ത്യയില്‍ ഒരു സിനിമയിറക്കിയാല്‍ അത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ കടത്തിവെട്ടി വന്‍ വിജയമാകുമെന്നാണ് കട്ജു ഫെയ്‌സ്ബുക്കിലൂടെ പരിഹസിക്കുന്നത്. 'ദി പ്ലാനറ്റ് ഓഫ് ദി എയ്പ്‌സ്' എന്ന സിനിമയുടെ മാതൃകയില്‍ 'ദി പ്ലാനറ്റ് ഓഫ് ദി കൗസ്' എന്ന സിനിമ നിര്‍മിക്കാനാണ് കട്ജുവിന്റെ പരിഹാസം.

കട്ജുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ദി പ്ലാനറ്റ് ഓഫ് ദി എയ്പ്‌സ് എന്ന ഹോളിവുഡ് സിനിമ ആള്‍ക്കുരങ്ങുകള്‍ മനുഷ്യനെ കീഴടക്കുന്നതും അടിമകളാക്കി വയ്ക്കുന്നതുമായ കഥയാണ് പറയുന്നത്. ഇതിന് സമാനമായ രീതിയില്‍ പശുക്കള്‍ ഇന്ത്യക്കാരെ കീഴടക്കുകയും അടിമകളാക്കി വയ്ക്കുകയും ചെയ്യുന്ന 'ദി പ്ലാനറ്റ് ഓഫ് ദി കൗസ്' എന്നൊരു സിനിമയെടുക്കാന്‍ ഞാന്‍ ബോളിവുഡ് നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തില്‍ സിനിമയിറക്കിയാല്‍ അത് ബാഹുബലിയുടെ പത്തിരട്ടി വിജയം നേടുമെന്ന് എനിക്കുറപ്പാണ്;
ഹരി ഓം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഒരു മണിക്കൂറിനുള്ളിൽ 11,000ത്തിലധികം ലൈക്കുകളും 1600ഓളം ഷെയറുകളും ലഭിച്ചിട്ടുണ്ട്.