സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും തനിക്കു മുന്നില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് കര്‍ണന്‍

പട്ടികജാതി/വര്‍ഗ സംരക്ഷണ നിയമം ലംഘിച്ചെന്ന കേസില്‍ ജഡ്ജിമാര്‍ നേരിട്ടെത്തി വാദം നടത്തണമെന്നാണ് നിര്‍ദ്ദേശം. ഈ മാസം 28 ഹാജരാകണമെന്നും ജ. കര്‍ണന്‍ അയച്ച നോട്ടീസില്‍ പറയുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും തനിക്കു മുന്നില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് കര്‍ണന്‍

തനിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ തനിക്കു മുന്നില്‍ ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍. ഈ മാസം 28ന് തന്റെ വസതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം നടപടിയെടുത്ത് അപമാനിച്ചെന്നാണ് ജസ്റ്റിസ് കര്‍ണന്റെ ആരോപണം.

പട്ടികജാതി/വര്‍ഗ സംരക്ഷണ നിയമം ലംഘിച്ചെന്ന കേസില്‍ ജഡ്ജിമാര്‍ നേരിട്ടെത്തി വാദം നടത്തണം. മാര്‍ച്ച് 31 ന് സുപ്രീം കോടതിയില്‍ നടത്തിയ വാദത്തില്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ തന്റെ മാനസിക നിലയെക്കുറിച്ച് ആരാഞ്ഞിരുന്നു. മറ്റ് ആറ് ജഡ്ജിമാര്‍ അത് ശരിവെക്കുകയും ചെയ്തിരുന്നു. ഇത് തന്നെ കോടതിയില്‍ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും കര്‍ണന്‍ നോട്ടീസില്‍ പറയുന്നു.

മാര്‍ച്ച് 31നാണ് കോടതിയലക്ഷ്യകേസില്‍ ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായത്. അന്ന് കോടതി ജസ്റ്റിസ് കര്‍ണനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അനുസരണകേട് കാട്ടിയെന്നും മാപ്പു പറയണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജാമ്യം നല്‍കാന്‍ വ്യവസ്ഥകളോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്നു മദ്രാസ് ഹൈക്കോടതിയില്‍ നിന്നും കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയ സുപ്രീം കോടതി നടപടി ജസ്റ്റിസ് കര്‍ണന്‍ സ്വയം സ്റ്റേ ചെയ്തിരുന്നു.