ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍; കര്‍ണന്‍ ചെന്നൈയില്‍ തന്നെയുണ്ടെന്ന് അഭിഭാഷകന്‍

കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കര്‍ണന്‍ രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ അഭിഭാഷകന്‍ നിഷേധിച്ചു.

ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍; കര്‍ണന്‍ ചെന്നൈയില്‍ തന്നെയുണ്ടെന്ന് അഭിഭാഷകന്‍

കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവുശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണു സുപ്രീം കോടതി അദ്ദേഹത്തിനു ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കര്‍ണന്‍ രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തള്ളി.

ജസ്റ്റിസ് കര്‍ണന്‍ ഒളിവിലല്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കൊല്‍ക്കത്ത പൊലീസ് സംഘം ചെന്നൈയിലെ വിവിധയിടങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. താമസസ്ഥലം തുടര്‍ച്ചയായി മാറി കര്‍ണന്‍ അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നാണു പൊലീസ് പറയുന്നത്.

ഇന്നലെ പുലര്‍ച്ചെ വരെ ചെപ്പോക്കിലുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ജസ്റ്റിസ് കര്‍ണന്‍ ഉണ്ടായിരുന്നുവെന്നാണു വിവരം. പിന്നീട് ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശില്‍ തിരുപ്പതിയ്ക്കു സമീപത്തുള്ള കാളഹസ്തി ക്ഷേത്രത്തിലേക്കു പോയെന്നു സൂചന ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ആന്ധ്രാ - തമിഴ്‌നാട് അതിര്‍ത്തികളിലും പ്രധാനപാതകളിലും തെരച്ചില്‍ ശകതമാക്കിയിട്ടുണ്ട്. ഇതിനിടെയാണു ജസ്റ്റിസ് കര്‍ണനു വേണ്ടി സുപ്രീം കോടതിയില്‍ അഭിഭാഷകനെത്തിയത്. നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രീം കോടതി എടുത്തു കളഞ്ഞിരുന്നു.

Read More >>