കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന പെണ്‍കുട്ടി ഇനി 'എഹ്‌സാസ്'; താമസിക്കാന്‍ പുതിയ വീടൊരുക്കി സന്നദ്ധ പ്രവര്‍ത്തകര്‍

ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പോളിത്തീന്‍ കവറുകളും മാലിന്യവും മറ്റും പെണ്‍കുട്ടി ഭക്ഷിച്ചിരുന്നതായി പെണ്‍കുട്ടിയെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരി രേണു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വസ്ത്രം ധരിക്കാനും ആളുകളില്‍ നിന്ന് ഓടിയൊളിക്കാതിരിക്കാനുമൊക്കെ പെണ്‍കുട്ടിക്ക് കഴിയുന്നതായി രേണു പറഞ്ഞു.

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന പെണ്‍കുട്ടി ഇനി എഹ്‌സാസ്; താമസിക്കാന്‍ പുതിയ വീടൊരുക്കി സന്നദ്ധ പ്രവര്‍ത്തകര്‍

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക് പുതിയ പേരും വീടും നല്‍കി അവളെ സാധാരണ ജീവിതത്തിലേക്ക് പതിയെ കൊണ്ടുവരുന്നു. എഹ്‌സാസ് എന്നാണ് പുതിയ പേര്. വനദുര്‍ഗ, പൂജ, ജംഗിള്‍ ഗേള്‍ എന്നീ പേരുകളാണ് ആദ്യം വിളിച്ചിരുന്നത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ പെണ്‍കുട്ടിക്ക് പുതിയ വീടും നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മതം ഏതാണെന്ന് വ്യക്തമല്ലാത്തതിനാലാണ് എഹ്‌സാസ് എന്ന പേര് നല്‍കിയതെന്ന് അഗതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിര്‍വാണ എന്ന സംഘടനയുടെ പ്രസിഡന്റ് സുരേഷ് ധാപോല പറഞ്ഞു. വന്യമൃഗങ്ങളുടെ കൂടെ കഴിഞ്ഞതിനാല്‍ മനുഷ്യരുടെ പെരുമാറ്റ രീതികളൊന്നും പെണ്‍കുട്ടിക്ക് വശമില്ലാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി താമസിക്കുന്ന അഗതി മന്ദിരത്തിലെത്തി ഡോക്ടര്‍ പെണ്‍കുട്ടിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിരുന്നു. കുരങ്ങുകളുടെ കൂടെ കഴിഞ്ഞതിനാല്‍ റാബീസിനുള്ള കുത്തിവെയ്പും ഉടന്‍ നടത്തുമെന്ന് ഡോക്ടര്‍ പറഞ്ഞു.

ബഹാറിയയിലെ ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയുടെ പ്രായം 11 വയസ് ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. മനുഷ്യരുടെ സ്വഭാവരീതികള്‍ പഠിക്കാനുള്ള പരിശീലനം പെണ്‍കുട്ടിക്ക് നല്‍കി വരികയാണ്. ദന്തസംരക്ഷണത്തിനുള്ള പരിശീലനമാണ് ആദ്യം നല്‍കിയത്. ഇപ്പോള്‍ മറ്റ് പെണ്‍കുട്ടികളുടെ കൂടെ ഇടപഴകിക്കാനുള്ള ശ്രമത്തിലാണ്.

ജനുവരി 25നാണ് ഉത്തര്‍പ്രദേശിലെ മോത്തിപ്പൂര്‍ വനമേഖലയിലെ ഉള്‍ക്കാട്ടില്‍ നിന്ന് കുരങ്ങുകളോടൊപ്പം വളര്‍ന്നുവന്ന പെണ്‍കുട്ടിയെ രക്ഷിക്കുന്നത്. വസ്ത്രങ്ങളൊന്നുമില്ലാതെ ശരീരത്ത് നഖക്ഷതങ്ങളോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പോളിത്തീന്‍ കവറുകളും മാലിന്യവും മറ്റും പെണ്‍കുട്ടി ഭക്ഷിച്ചിരുന്നതായി പെണ്‍കുട്ടിയെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരി രേണു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വസ്ത്രം ധരിക്കാനും ആളുകളില്‍ നിന്ന് ഓടിയൊളിക്കാതിരിക്കാനുമൊക്കെ പെണ്‍കുട്ടിക്ക് കഴിയുന്നതായി രേണു പറഞ്ഞു.