ഇപ്പോഴും ജഡ്ജിയായ കര്‍ണന് ജയിലില്‍ പോകാതെ മാര്‍ഗമില്ല; ഇംപീച്ച് ചെയ്ത് പുറത്താക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍

ഇന്ത്യന്‍ ചരിത്രത്തിലാദ്യമായാണ് സിറ്റിംഗ് ജഡ്ജിയ്ക്ക് തടവുശിക്ഷ ലഭിക്കുന്നത്. ആറു മാസത്തെ തടവുശിക്ഷ അനുഭവിക്കാതെ ജസ്റ്റിസ് കര്‍ണന് മറ്റു മാര്‍ഗ്ഗമില്ല. ജൂണില്‍ വിരമിക്കുന്ന ജസ്റ്റിസ് കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തു മാറ്റാന്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടക്കാന്‍ സുപ്രീം കോടതി തയ്യാറായേക്കില്ല എന്ന് നിയമ വിദഗ്ദ്ധർ.

ഇപ്പോഴും ജഡ്ജിയായ കര്‍ണന് ജയിലില്‍ പോകാതെ മാര്‍ഗമില്ല; ഇംപീച്ച് ചെയ്ത് പുറത്താക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍

കോടതിയലക്ഷ്യത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന് സുപ്രീം കോടതി വിധിച്ച ശിക്ഷ അനുഭവിക്കാതെ വേരെ മാര്‍ഗ്ഗമില്ലെന്നു നിയമവിദഗ്ദ്ധർ. എന്നാല്‍ ഇപ്പോഴും ജഡ്ജി സ്ഥാനത്തുള്ള ജസ്റ്റിസ് കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തു കളയാന്‍ സുപ്രീം കോടതിയ്ക്ക് കഴിയില്ല. ഇംപീച്ച്‌മെന്റ് നടപടികളിലൂടെ മാത്രമേ ജസ്റ്റിസ് കര്‍ണനെ പുറത്താക്കാന്‍ കഴിയൂ. വിരമിക്കാന്‍ ഒരു മാസം ബാക്കിയുള്ള ജസ്റ്റിസ് കര്‍ണനെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാന്‍ സുപ്രീം കോടതി തയ്യാറാകാനുള്ള സാധ്യതയുമില്ലെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു.

കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമുതല്‍ നിയമനിര്‍വഹണ-ഭരണ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ് ജസ്റ്റിസ് കര്‍ണന്‍. അതിനാല്‍ സമീപകാലത്ത് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരെ പുറപ്പെടുവിച്ച വിധികള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ നാരാദാ ന്യൂസിനോട് പറഞ്ഞു.

ജഡ്ജി സ്ഥാനത്ത് നിന്ന് ജസ്റ്റിസ് കര്‍ണനെ നേരിട്ട് നീക്കം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. ഇംപീച്ച്‌മെന്റ് നടപടികളിലൂടെയേ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ പുറത്താക്കാനാകൂ. ജസ്റ്റിസ് കര്‍ണന്‍ ഇപ്പോഴും ജഡ്ജി തന്നെയാണെന്നും നിയമനിര്‍വഹണ ജോലികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടന്നു മാത്രമേ ഉള്ളൂവെന്നും സെബാസ്റ്റ്യൻ പോള്‍ പറഞ്ഞു.

ചരിത്രത്തില്‍ ജഡ്ജിമാരെ ഇംപീച്ച് ചെയ്ത് പുറത്താക്കിയ സംഭവവും രാജ്യത്തുണ്ടായിട്ടില്ല. എന്നാല്‍ ജഡ്ജിമാര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ നടന്നിരുന്നു. ഹരിയാന- പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസ്വാമിയെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വിധേയനാക്കാന്‍ സുപ്രീം കോടതി പാര്‍ലമെന്റിനോട് നിര്‍ദ്ദേശിച്ചിരുന്നു.സാമ്പത്തിക ക്രമക്കേട് തെളിഞ്ഞിട്ടും സ്ഥാനം ഒഴിയാന്‍ ജസ്റ്റിസ് വി രാജസ്വാമി തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

1993-ല്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നെങ്കിലും എഐഎഡിഎംകെ എതിര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ഭൂരിപക്ഷം ലഭിക്കാതെ പ്രമേയം തള്ളിപ്പോകുകയായിരുന്നു. ആദ്യമായി ഇംപീച്ച്‌മെന്റ് നടപടി നേരിട്ട വ്യക്തിയാണ് ജസ്റ്റിസ് വി രാമസ്വാമി.

ഇംപീച്ച്‌മെന്റ് നടപടി നേരിട്ട രണ്ടാമത്തെയാള്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന സൗമിത്ര സെന്‍ ആണ്. സെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ വന്‍ ഭൂരിപക്ഷത്തില്‍ പാസാക്കിയിരുന്നു. പ്രമേയം ലോക്‌സഭ പാസാക്കാന്‍ അഞ്ചു ദിവസം ശേഷിക്കെ നാണക്കേട് ഒഴിവാക്കാന്‍ അദ്ദേഹം രാജി വെക്കുകയായിരുന്നു. അഭിഭാഷകനായിരിക്കേ കൊല്‍ക്കത്ത ഹൈക്കോടതി റിസീവറായി നിയമിച്ചപ്പോള്‍ സാമ്പത്തികക്രമക്കേട് നടത്തിയെന്നാണു സെന്നിനെതിരായ പ്രധാന കുറ്റാരോപണം. റിസീവര്‍ എന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ട 33.23 ലക്ഷം രൂപ സ്വന്തം പേരില്‍ ബാങ്ക് നിക്ഷേപമാക്കിയതാണു സെന്നിനു വിനയായത്.

പാര്‍മെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷപക്ഷമുണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ കഴിയൂ. സങ്കീര്‍ണമായ നടപടിക്രമമായതിനാല്‍ ഒരു മാസത്തിനകം വിരമിക്കുന്ന ജസ്റ്റിസ് കര്‍ണന്റെ കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ സുപ്രീം കോടതി തയ്യാറാകില്ലെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.