ബലാത്സംഗക്കേസ് പ്രതിയായ സമാജ്‌വാദി നേതാവിന് ജാമ്യം നൽകി; ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

ഏപ്രില്‍ 30ന് വിരമിക്കാനിരിക്കെയാണ് ജഡ്ജി ജാമ്യം നല്‍കി നടപടി നേരിടുന്നത്‌

ബലാത്സംഗക്കേസ് പ്രതിയായ സമാജ്‌വാദി നേതാവിന് ജാമ്യം നൽകി; ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സമാജ്‌വാദി പാര്‍ട്ടി നേതാവിന് ജാമ്യം അനുവദിച്ചതിന് ജഡ്ജിയെ അലഹബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. പോസ്‌കോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേത ജഡ്ജി ഓം പ്രകാശ് മിശ്രയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയ്ക്കാണ് ഓം പ്രകാശ് മിശ്ര ജാമ്യമനുവദിച്ചത്. കോടതിയുടെ ലക്‌നൗ ബെഞ്ച് പ്രജാപതിക്കും രണ്ട് കൂട്ടുപ്രതികള്‍ക്കും അനുവദിച്ച ജാമ്യം റദ്ദാക്കി.

ജഡ്ജിക്കെതിരെ അന്വേഷണം നടത്തി ഞായറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സുധീര്‍ അഗര്‍വാളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 25നാണ് മിശ്ര പ്രജാപതിയ്ക്കും കൂട്ടുപ്രതികള്‍ക്കു ജാമ്യമനുവദിച്ചത്. ഏപ്രില്‍ 30ന് മിശ്ര വിരമിക്കാനിരിക്കുകയായിരുന്നു. ജാമ്യം അനുവദിച്ചതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദിലീപ് ബാബാസാഹിബ് മിശ്ര ധൃതി പിടിച്ച് ജാമ്യം അനുവദിക്കുകയായിരുന്നുവെന്ന് പറഞ്ഞു.

ജാമ്യം അനുവദിച്ചെങ്കിലും മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ ഗായത്രി പ്രജാപതിയ്ക്ക് പുറത്തിറങ്ങാനായില്ല. എന്നാല്‍ കൂട്ടുപ്രതികളായ വികാശ് ശര്‍മയും പിന്റു സിങ്ങും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ജാമ്യം നല്‍കിയ വിധി റദ്ദാക്കിയ കോടതി ഇരുവരേയും ഉടന്‍ പിടികൂടാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ആറ് ക്രിമിനല്‍ കേസുകളാണ് പ്രജാപതിയ്‌ക്കെതിരെയുള്ളത്.2014ല്‍ നടന്ന ബലാത്സംഗക്കേസിലാണ് വിവാദ ജാമ്യ തീരുമാനമുണ്ടായത്. യുവതിയേയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളേയും കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.