പൊതുസ്ഥലത്ത് മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരം: ആര്‍എസ്എസ് നിലപാടുള്ള യുപി പൊലീസിനെതിരെ ജ. മാര്‍കണ്ഡേയ കട്ജു

ആര്‍എസ്എസിന് പൊതുസ്ഥലത്ത് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരം ആയിക്കൂടാ?- ജസ്റ്റീസ് മാര്‍കണ്ഡേയ കട്ജു

പൊതുസ്ഥലത്ത് മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരം: ആര്‍എസ്എസ് നിലപാടുള്ള യുപി പൊലീസിനെതിരെ ജ. മാര്‍കണ്ഡേയ കട്ജു

മുസ്‌ലീങ്ങൾ പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള യുപി പൊലീസ് ഉത്തരവിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിമര്‍ശനം. ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്ന് ജസ്റ്റീസ് കട്ജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

'ആര്‍എസ്എസിന് പൊതുസ്ഥലത്ത് ശാഖകള്‍ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലീങ്ങള്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നതിനെ പൊലീസ് തടയുന്നുവെന്നും അദ്ദേഹം ചോദിച്ചു. 'പൊതുവിടങ്ങളിൽ ഞാന്‍ ആര്‍എസ്എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. മുസ്‌ലീങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതുവിടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ ജുമുഅ നമസ്കാരം നടത്തുന്നതിനെ എങ്ങനെ വിലക്കാനാകും?

സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നു. അതിനാല്‍ യുപി പൊലീസ് ഉത്തരവ് ഭരണഘടനാ ലംഘനമാണ്; ശക്തമായി എതിര്‍ക്കപ്പെടെണ്ടതുമാണ്'.- ജസ്റ്റീസ് കട്ജു അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം. മുസ്‌ലീങ്ങള്‍ പള്ളികളില്‍ നമസ്‌കരിക്കണം എന്നു ശഠിക്കുന്നവർക്കുള്ള മറുപടി പലപ്പോഴും പള്ളികള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാറില്ലയെന്നതാണ്. അല്ലെങ്കില്‍ അവിടെ സ്ഥലപരിമിതിയുണ്ട് എന്നതാണ്. വിശദശാംശങ്ങൾക്ക് തന്റെ തന്നെ കോടതിവിധി ( മുഹമ്മദ് ഷെരീഫ് v/s സ്റ്റേറ്റ് ഓഫ് യു പി ) പരിശോധിക്കാനും ജസ്റ്റീസ് കട്ജു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ബിജെപി ഭരിക്കുന്ന യുപിയിലെ ആദിത്യനാഥ് ​സർക്കാർ കഴിഞ്ഞ ദിവസമാണ് പൊതുവിടങ്ങളിൽ നിസ്കാരം നിരോധിച്ച് ഉത്തരവിറക്കിയത്. നോയിഡയിലെ ഇൻഡസ്ട്രിയൽ ഹബ്ബുകൾക്ക് സമീപമുള്ള നിസ്കാരത്തിനാണ് നിരോധനം ഏർപ്പെടുത്തിയിക്കുന്നത്.

പാർക്കുകളിലും മറ്റ് പൊതു ഇടങ്ങളിലും നിസ്കാരം നടത്താൻ പാടില്ലെന്നും ഇത്തരത്തിൽ നിസ്കാരം നടത്താൻ കമ്പനികൾ അനുവദിക്കരുതെന്നുമാണ് പൊലീസ് നിർദേശം. നിരോധനം ലംഘിച്ചാൽ കമ്പനിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നോയിഡയിലെ സെക്ഷന്‍ 58 ഇന്‍ഡസ്ട്രീയല്‍ ഹബ്ബിലുള്ള കമ്പനികളോടാണ് പൊലീസ് നിർദേശം. ഐടി ഇന്‍ഡസ്ട്രീയല്‍ ഹബ്ബായ ഇവിടെ ആയിരക്കണക്കിന് ജീവനക്കാരാണ് പൊതു ഇടങ്ങളില്‍ നിസ്‌കരിക്കാറുള്ളത്. പ്രധാനമായും വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരത്തിനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ദിവസങ്ങളില്‍ വലിയ ആള്‍ക്കൂട്ടം പൊതുവിടങ്ങളില്‍ നിസ്‌കാരത്തിനായി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പൊലീസിന്റെ വിശ​ദീകരണം. ഈ വിശദീകരണത്തെയാണ് ജസ്റ്റീസ് കട്ജു ഫേസ്ബുക്കിലൂടെ ശക്തമായി വിമർശിച്ചിരിക്കുന്നത്.