സുപ്രീം കോടതി വിധി അവിടെ നില്‍ക്കട്ടെ; ജസ്റ്റിസ് കര്‍ണന്‍ മാനസികനില പരിശോധനയ്ക്ക് തയ്യാറായില്ല

ഡോക്ടര്‍മാരുടേയും പൊലീസുകാരുടേയും സംഘം ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ കര്‍ണന്റെ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം പരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചത്.

സുപ്രീം കോടതി വിധി അവിടെ നില്‍ക്കട്ടെ; ജസ്റ്റിസ് കര്‍ണന്‍ മാനസികനില പരിശോധനയ്ക്ക് തയ്യാറായില്ല

തന്റെ മാനസിക നില പരിശോധിക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാതെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍. ഡോക്ടര്‍മാരുടെ മുന്നില്‍ ഇന്ന് മാനസിക നില പരിശോധനയ്ക്ക് വിധേയനാകണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം കര്‍ണനോട് ആവശ്യപ്പെട്ടത്. പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന കര്‍ണന്‍ 'മാനസിക സ്ഥിരതയും ശരിയായ സ്വബോധവും ഉണ്ട്' എന്ന് എഴുതിയ കത്ത് ഡോക്ടര്‍മാര്‍ക്ക് കൈമാറി. ''ഞാന്‍ മാനസികമായി പ്രശ്‌നങ്ങളൊന്നുമില്ലാത്ത വ്യക്തിയാണ്. എന്നെ അപമാനിക്കാനുള്ള ശ്രമമാണ് സുപ്രീം കോടതി വിധിയെന്നാണ് കരുതുന്നത്'' കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്ത ഗവണ്‍മെന്റാശുപത്രിയില്‍ മാനസികനില പരിശോധനയ്ക്ക് തയ്യാറാകണമെന്നാണ് മെയ് ഒന്നിന് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാർ അധ്യക്ഷനായ ഏഴംഗ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.

നടപടിയില്‍ സഹായിക്കാന്‍ പശ്ചിമ ബംഗാള്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തിന് രൂപം കൊടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതെത്തുടര്‍ന്ന് ഡോക്ടര്‍മാരുടേയും പൊലീസുകാരുടേയും സംഘം ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ കര്‍ണന്റെ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം പരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചത്. സുപ്രീം കോടതിയിലെതടക്കമുള്ള ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ് സുപ്രീം കോടതിയും കര്‍ണനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. മാനസിക നില പരിശോധനയ്ക്കുള്ള സുപ്രീം കോടതി വിധി പുറത്തുവന്നപ്പോള്‍ വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ക്കാണ് മാനസികനില പരിശോധന ആവശ്യമെന്നാണ് ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചത്.